തിരുവനന്തപുരം: ക്രിസ്മസിന്റെ വരവറിയിച്ച് ഇന്നലെ നഗരത്തില്‍ നടന്ന വര്‍ണാഭമായ ക്രിസ്മസ് റാലിയില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കുചേര്‍ന്നു.
പാളയം സെന്റ് ജോസഫ്സ് മെട്രോപൊളിറ്റന്‍ കത്തീഡ്രലിന്റെ നേതൃത്വത്തിലായിരുന്നു ക്രിസ്മസ് ആഘോഷവും റാലിയും സംഘടിപ്പിച്ചത്. ഇന്നലെ വൈ കുന്നേരം 4.30നാണു ക്രിസ്മസ് റാലി പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ നിന്നും ആരംഭിച്ചത്.
ക്രിസ്മസ് പപ്പാമാരുടെ വേഷമണിഞ്ഞ നൂറുകണക്കിനു വിശ്വാസികളും ഫ്ളോട്ടുകളും കലാപ്രകടനങ്ങളും കുഞ്ഞുമാലാഖമാരും റാലിയെ വര്‍ണാഭമാക്കി. വിജെടി ഹാള്‍, സമാധാന രാജ്ഞി ബസിലിക്ക, എല്‍എംഎസ് വഴി ക്രിസ്മസ് റാലി തിരികെ ദേവാലയത്തില്‍ പ്രവേശിച്ചു. തുടര്‍ന്നു ക്രിസ്തുമസ് എക്സിബിഷനു തുടക്കമായി. ഇന്നു വൈകുന്നേരം മുതല്‍ ക്രിസ്മസ് ദൃശ്യാവിഷ്കാരം ദേവാലയപരിസരത്ത് ഒരുക്കും.
നാളെ രാത്രി 11.45നു തിരുപ്പിറവി ദിവ്യബലിക്കു തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ.തോമസ് ജെ. നെറ്റോ മുഖ്യകാര്‍മികത്വം വഹിക്കും.