പേരൂർക്കട: പുതുതായി പണികഴിപ്പിച്ച ഇരുനില വീടിന്റെ അടുക്കളയും വർക്ക് ഏരിയയും കത്തിനശിച്ചു. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയർഫോഴ്സ് അധികൃതർ.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു സംഭവം. പേരൂർക്കട കുടപ്പനക്കുന്ന് ഊന്നംപാറയ്ക്ക് സമീപം അരുൺ എസ്. കുമാറിന്റെ ശ്രീദക്ഷ എന്ന വീട്ടിലായിരുന്നു തീപിടിത്തം. ഒരു വർഷത്തിനു മുമ്പാണ് വീട് പൂർണമായും പണികഴിപ്പിച്ചത്. ഊന്നംപാറയിൽ മാർഷൻ പാം ഹിൽസ് എന്ന ഫ്ലാറ്റ് സമുച്ചയത്തിനു സമീപമാണ് വീട് സ്ഥിതി ചെയ്യുന്നത്. അടുക്കളയുപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. വർക്ക് ഏരിയയിലുണ്ടായിരുന്ന സാധനസാമഗ്രികളും കത്തി നശിച്ചവയിൽ ഉൾപ്പെടുന്നു.
ഇതുകൂടാതെ അമിതമായ ചൂടുമൂലം മുകളിലത്തെ നിലയിൽ ഉണ്ടായിരുന്ന ഫ്രിഡ്ജ്, എസി, മറ്റ് ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, ടെലിവിഷൻ തുടങ്ങിയവയ്ക്കും കേടുപാടുകൾ ഉണ്ടായി. താഴത്തെ നിലയിൽനിന്ന് പടർന്ന തീയുടെ ചൂട് കാരണം ജിപ്സം കൊണ്ടു നിർമിച്ചിട്ടുള്ള ബോർഡും തടികൊണ്ട് നിർമിച്ച പാനലും കത്തിനശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് ഫയർഫോഴ്സ്. വീടിനുള്ളിലെ സ്വിച്ച് ബോർഡ് പാനലിന്റെ സ്ഥലത്തെ ഭാഗങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതിനാൽ വയറിംഗു മായി ബന്ധപ്പെട്ട പ്രശ്നമാണ് തീപിടിത്തത്തിന് കാരണമെന്ന് അനുമാനിക്കുന്നു. സംഭവം നടക്കുമ്പോൾ വീടിനുള്ളിൽ ആൾക്കാർ ഉണ്ടായിരുന്നെങ്കിലും അവർ രക്ഷപ്പെട്ടു.
തിരുവനന്തപുരം നിലയത്തിൽനിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രേംകുമാറിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റെത്തി രണ്ടു മണിക്കൂർ പരിശ്രമിച്ചാണ് തീ പൂർണമായും കെടുത്തിയത്.