അമ്പലപ്പുഴ: നാടിനെ നടുക്കിയ ആറ് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ദാരുണാന്ത്യത്തിന് നാളെ ഒരാണ്ട്. നെഞ്ചില്‍ വിങ്ങുന്ന ഓര്‍മകളും തോരാത്ത കണ്ണീരുമായി കഴിയുകയാണ് ബന്ധുമിത്രാധികളും അടുത്ത സഹപാഠികളും.
2024 ഡിസംബര്‍ രണ്ടിന് രാത്രി 9.20നാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എം ബി ബിഎസ് വിദ്യാര്ഥികളായആല്വിന് ജോര്‍ജ്, ബി. ദേവാനന്ദന്, ആയുഷ് ഷാജി, മൊഹമ്മദ് അബ്ദുള്‍ ജബ്ബാര്‍, പി.പി. മുഹമ്മദ് ഇബ്രാഹിം, ശ്രീദീപ് വത്സന് എന്നിവര്‍ മരണപ്പെട്ടത്. വണ്ടാനത്തെ ഹോസ്റ്റലില്‍നിന്ന് വാടകയ്ക്കെടുത്ത വാനില്‍ ആലപ്പുഴ നഗരത്തിലേക്ക് സെക്കൻഡ് ഷോ സിനിമയ്ക്കു പോകുകയായിരുന്നു സഹപാഠികള്‍ ഒരുമിച്ചു. കനത്ത മഴയുള്ള രാത്രിയായിരുന്നു അന്നത്തെ ദിവസം.
കളര്‍കോട് ചങ്ങനാശേരി ജംഗ്ഷനിലെത്തിയപ്പോള് നിയന്ത്രണം തെറ്റിയ കാര്‍ എതിരെവന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മഴയുടെ ശക്തി രക്ഷാപ്രവര്‍ത്തനത്തിനു തടസമായെങ്കിലും ഓടിക്കൂടിയ നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നു കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത്. മൂന്ന് വിദ്യാര്‍ഥികള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. മറ്റു രണ്ടു പേര് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ചും ഒരാള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരണത്തിന് കീഴടങ്ങിയത്.
ആറ് വിദ്യാര്‍ഥികളുടെയും ഫോട്ടോ അനാച്ഛാദനം നാളെ 10ന് പുഷ്പാര്‍ച്ചനയ്ക്കുശേഷം ലൈബ്രററി സെന്‍ട്രല്‍ ഹാളില്‍ നടക്കും. വിദ്യാര്‍ഥികളുടെ ഓര്‍മയ്ക്കായി കേരളത്തിന്റെ വൃക്ഷമായ പ്ലാവ് ബന്ധുമിത്രാദികള്‍ നടും. വൃന്ദാവന്‍ എന്ന് പേരിട്ട പൂന്തോട്ട നിര്‍മാണത്തിനും കോളജ് കാമ്പസില്‍ തുടക്കമാകും.
Tags : students in Vandana. nattuvisesham local news.