നിലമ്പൂർ കെഎൻജി റോഡിൽ വെളിയംതോട് ഭാഗത്ത് മന്ദഗതിയിലായ ഓവുചാൽ നിർമാണം.
നിലമ്പൂർ: വെളിയംതോട് ഓവുചാൽ-കലുങ്ക് നിർമാണം ഇഴയുന്നു. കെഎൻജി റോഡ് ഗതാഗതക്കുരുക്കിൽ. ഉൗരാളുങ്കൽ ലേബർ കോണ്ട്രാക്റ്റ് സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്തു നടത്തുന്നത്.
നിർമാണം ഏറ്റെടുത്തവരുടെ നിസംഗത കാരണമാണ് ഗതാഗത തടസം നേരിടുന്നതെന്ന് നാട്ടുകാർ പറയുന്നു. കെഎൻജി റോഡിന്റെ നിലന്പൂർ വെളിയംതോട് ഭാഗത്തെ വ്യാപാരികളും യാത്രക്കാരും ഇതുമൂലം ദുരിതത്തിലാണ്.
മഴ പെയ്യുന്നതിനാൽ വെളിയംതോട് ഭാഗത്ത് റോഡിലേക്ക് വെള്ളം കയറുന്നു. ഇതോടെ മണിക്കൂറുകളോളം ഗതാഗത തടസം അനുഭവപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്തതോടെ റോഡിന്റെ ഈ ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു.
വെള്ളം കെട്ടിനിന്നതിനാൽ വ്യാപാരികളിൽ ചിലർ കടകൾ അടച്ചിടുകയായിരുന്നു. നിലന്പൂരിലെ പ്രധാന വർക്ക്ഷോപ്പുകളെല്ലാം ഈ ഭാഗത്താണ്. മഴ പെയ്താൽ വർക്ഷോപ്പുകളിലേക്ക് വെള്ളം കയറും. ചന്തക്കുന്ന് മുതൽ നിലന്പൂർ താലൂക്ക് ഓഫീസ് ഭാഗം വരെയുള്ള കെഎൻജി റോഡിന്റെ ഭാഗങ്ങളിലാണ് ഓവുചാൽ -കലുങ്ക് നിർമാണം നടക്കുന്നത്. അഞ്ച് കോടി രൂപയാണ് പ്രവൃത്തിക്കായി ചെലവഴിക്കുന്നത്.
എന്നാൽ ഇവിടെ പണിയെടുക്കുന്നത് നാമമാത്രമായ തൊഴിലാളികൾ മാത്രം. 2018ലും 2019 ലും പ്രളയത്തിൽ വെള്ളം കയറി ഏറെ നഷ്ടം വ്യാപാരികൾക്ക് ഉൾപ്പെടെ ഉണ്ടായ പ്രദേശമാണിത്.
അന്തർസംസ്ഥാന പാതയായ കെഎൻജി റോഡിലാണ് കരാർ കന്പനിയുടെ ഇഷ്ടത്തിനനുസരിച്ച് പണി മന്ദഗതിയിൽ നടക്കുന്നതെന്ന് വെളിയംതോടിലെ വ്യാപാരികളും വർക്ഷോപ്പ് ഉടമകളും പറയുന്നു. ഓവുചാലിന് മതിയായ ഉയരമില്ലാത്തതും ഭാവിയിൽ പ്രശ്നമാകും.
നിലന്പൂരിൽനിന്ന് കരിന്പുഴക്ക് അഞ്ച് കിലോമീറ്ററിൽ താഴെയാണെങ്കിലും ഇത്രയും കുറഞ്ഞ ദൂരം കടക്കാൻ പലപ്പോഴും ഒരു മണിക്കൂറാണ് എടുക്കുന്നത്. അധികൃതർ ഇടപെട്ട് സമയബന്ധിതമായി നിർമാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Local News Nattuvishesham Malappuram