x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

22
JUN
2026

തു​ണി​യ​ഴി​ക്കു​ന്ന​വ​രും ഉ​ടു​പ്പി​ക്കു​ന്ന​വ​രും

Editorial Audio


Published: June 22, 2026 12:00 AM IST | Updated: June 21, 2026 10:34 PM IST

ബ​സി​ന​ടി​യി​ൽ​പെ​ട്ട് വ​സ്ത്രം കീ​റി​യ വ​നി​ത​യ്ക്ക് സ്വ​ന്തം ഉ​ടു​മു​ണ്ട് അ​ഴി​ച്ചു​ന​ൽ​കി​യ മ​നു​ഷ്യ​ന്‍റെ പേ​രാ​ണ് എം.​ആ​ർ. ഷാ​ജി. തൃ​പ്പൂ​ണി​ത്തു​റ​യി​ലെ അ​പ​ക​ട​സ്ഥ​ല​ത്തു പാ​ഞ്ഞെ​ത്തി​യ ന​ല്ല സ​മ​റി​യാ​ക്കാ​രി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു ഷാ​ജി എ​ന്ന ചാ​യ വി​ൽ​പ​ന​ക്കാ​ര​ൻ. പ​തി​വു​പോ​ലെ ഒ​ന്നി​ലു​മി​ട​പെ​ടാ​തെ സൗ​ക​ര്യ​പ്ര​ദ​മാ​യ ദൂ​ര​ത്തി​ൽ കാ​ഴ്ച​ക്കാ​രാ​യി നി​ൽ​ക്കു​ന്ന​വ​ർ അ​വി​ടെ​യു​മു​ണ്ടാ​യി​രു​ന്നു. അ​ന്ന് അ​വി​ടെ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ നാം ​ഏ​തു പ​ക്ഷ​ത്താ​യി​രി​ക്കു​മെ​ന്നു ഭാ​വ​ന​യി​ൽ കാ​ണു​ന്ന​തു ന​ല്ല​താ​ണ്. തീ​ർ​ന്നി​ല്ല, തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ത് അ​പൂ​ർ​വ​സം​ഭ​വ​മാ​ണ്. പ​ക്ഷേ, ജീ​വി​ത​ത്തി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​മൊ​ക്കെ വ്യാ​ജ​വാ​ർ​ത്ത​ക​ളാ​ലും അ​ധി​ക്ഷേ​പ​ങ്ങ​ളാ​ലും വി​വ​സ്ത്ര​രാ​ക്ക​പ്പെ​ടു​ന്ന മ​നു​ഷ്യ​ർ കു​റ​ച്ച​ല്ല. അ​തു ഷെ​യ​ർ ചെ​യ്യു​ന്ന​വ​ർ ഒ​ടു​വി​ല​ത്തെ തു​ണി​ക്കീ​റും ചോ​ദി​ക്കു​ക​യാ​ണ്. ഇ​ങ്ങ​നെ അ​പ​ര​ന്‍റെ അ​ഭി​മാ​ന​ത്തി​ന്‍റെ തു​ണി​യ​ഴി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം പെ​രു​ക​വേ അ​പ​രി​ചി​ത​രു​ടെ​പോ​ലും മാ​ന​ത്തി​നാ​യി ഉ​ടു​തു​ണി കൊ​ടു​ക്കു​ന്ന ഷാ​ജി മാ​തൃ​ക​യാ​ണ്. ഈ ​വീ​ഡി​യോ ക​ണ്ടു​മ​റ​ക്കാ​നു​ള്ള​ത​ല്ല, ന​മ്മു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളെ ന​വീ​ക​രി​ക്കാ​നു​ള്ള​താ​ണ്.

ജൂ​ൺ 16ന് ​ഉ​ച്ച​യോ​ടെ​യാ​ണ് തൃ​പ്പൂ​ണി​ത്തു​റ സ്റ്റാ​ച്യു ജം​ഗ്ഷ​നി​ൽ അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്വ​കാ​ര്യ ബ​സി​ന്‍റെ മു​ൻ​ച​ക്ര​ത്തി​ന് അ​ടി​യി​ലേ​ക്കു വീ​ണ സ്കൂ​ട്ട​ർ യാ​ത്രി​ക മീ​റ്റ​റു​ക​ളോ​ളം ട​യ​റി​ൽ കു​രു​ങ്ങി റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​യ്ക്ക​പ്പെ​ട്ടു. ബ​സ് നി​ർ​ത്തി ജീ​വ​ന​ക്കാ​രും അ​പ​ക​ട​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ചി​ല​രും ഓ​ടി​യെ​ത്തി. ബ​സ് പു​റ​കോ​ട്ടെ​ടു​ത്തു പ​രി​ക്കേ​റ്റ​യാ​ളെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ഇ​തി​നി​ടെ വ​സ്ത്ര​ങ്ങ​ൾ കീ​റി​പ്പോ​യി​രു​ന്നു. സൈ​ക്കി​ളി​ൽ ചാ​യ​വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന ഷാ​ജി ഓ​ടി​യെ​ത്തി. മു​ണ്ടു വാ​ങ്ങാ​ൻ സ​മ​യ​മെ​ടു​ക്കും. നി​മി​ഷ​ങ്ങ​ൾ​ക്ക​കം, മ​റ്റൊ​ന്നും ആ​ലോ​ചി​ക്കാ​തെ ഷാ​ജി സ്വ​ന്തം ഉ​ടു​മു​ണ്ട് അ​ഴി​ച്ചെ​ടു​ത്ത് അ​വ​രു​ടെ ന​ഗ്ന​ത മ​റ​ച്ചു. സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ ആ ​കാ​ഴ്ച​യ്ക്ക് മ​റ്റൊ​രു തു​ട​ർ​ച്ച​യു​ണ്ടാ​യി. അ​ടു​ത്തു​ള്ള ക​ട​യി​ലെ പ​യ്യ​ൻ ഷാ​ജി​ക്കൊ​രു മു​ണ്ടു​മാ​യി ഓ​ടി​യെ​ത്തി​യെ​ന്ന് ഷാ​ജി പ​റ​ഞ്ഞു. അ​തും അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്. സ​ഹാ​യി​ക്കാ​നെ​ത്തി​യ ഏ​താ​നും​പേ​ർ സ്ത്രീ​യെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്കു വി​ടു​ക​യും ചെ​യ്തു. തൃ​പ്പൂ​ണി​ത്തു​റ കി​ഴ​ക്കേ​ക്കോ​ട്ട മ​ര​ട്ടി​പ്പ​റ​മ്പി​ൽ ഷാ​ജി എ​ന്ന 53കാ​ര​നെ മു​ഖ്യ​മ​ന്ത്രി​യു​ൾ​പ്പെ​ടെ അ​ഭി​ന​ന്ദി​ച്ചു. ഉ​ള്ളി​ൽ ന​ന്മ​യും സാ​ഹോ​ദ​ര്യ​വു​മു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ ആ ​വീ​ഡി​യോ കാ​ണു​ക​യും പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

ഒ​രു തെ​രു​വി​ലെ സ്ത്രീ​യു​ടെ ന​ഗ്ന​ത മ​റ​ച്ച ദേ​വ​ദൂ​ത​നെ​പ്പോ​ലൊ​രു മ​നു​ഷ്യ​ന്‍റെ ക​ഥ​യ്ക്ക് മ​റ്റൊ​രു തു​ട​ർ​ച്ച ആ​വ​ശ്യ​മാ​ണ്. ഷാ​ജി​യെ അ​ഭി​ന​ന്ദി​ച്ച ല​ക്ഷ​ങ്ങ​ളി​ൽ ചി​ല​രെ​ങ്കി​ലും ത​ങ്ങ​ളാ​ൽ ന​ഗ്ന​രാ​ക്ക​പ്പെ​ട്ട​വ​രെ​ക്കു​റി​ച്ചു ചി​ന്തി​ച്ചി​ട്ടു​ണ്ടാ​കി​ല്ല. കാ​ര​ണം വ​സ്ത്രം കീ​റു​ന്ന ഗൗ​ര​വം, മ​റ്റു​ള്ള​വ​രു​ടെ ആ​ത്മാ​ഭി​മാ​ന​ത്തെ കീ​റു​ന്ന​തി​നു പ​ല​രും കൊ​ടു​ക്കു​ന്നി​ല്ല. അ​പ​ര​നെ​ക്കു​റി​ച്ച് ഉ​റ​പ്പി​ല്ലാ​ത്ത കാ​ര്യം പ​റ​ഞ്ഞു​പ​ര​ത്തു​ന്ന​വ​ർ പ​ണ്ട് വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​രാ​യി​രു​ന്നു. അ​വ​ർ​ക്ക് നാ​ട്ടി​ലൊ​രു വി​ല​യു​മി​ല്ലാ​യി​രു​ന്നു. ഇ​ന്‍റ​ർ​നെ​റ്റ് യു​ഗ​ത്തി​ൽ കാ​ര്യ​ങ്ങ​ൾ മ​റി​ഞ്ഞു. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ന്‍റെ കോ​ട്ടും സൂ​ട്ടു​മ​ണി​ഞ്ഞ​തോ​ടെ ഏ​ഷ​ണി​ക്കാ​രെ കേ​ൾ​ക്കാ​ൻ ആ​ളു​ണ്ടാ​യി. സ്വീ​കാ​ര്യ​ത​യാ​യി. പ്ര​ചാ​ര​ണ​ത്തി​നു നാ​വ് വേ​ണ്ട, ഷെ​യ​ർ​ബ​ട്ട​ണി​ലെ ഒ​രു സ്പ​ർ​ശം​ത​ന്നെ ധാ​രാ​ളം. വ്യ​ക്തി​വൈ​രാ​ഗ്യം, രാ​ഷ്‌​ട്രീ​യ എ​തി​ർ​പ്പു​ക​ൾ, മ​ത​വി​ദ്വേ​ഷം, വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം... എ​ല്ലാം വി​ര​ൽ​തു​ന്പി​ൽ. വ്യാ​ജ​പ്രൊ​ഫൈ​ലു​ക​ളി​ൽ​നി​ന്ന് വി​ഷം കു​ത്തി​യൊ​ഴു​കി. രാ​ഷ്‌​ട്രീ​യ-​വ​ർ​ഗീ​യ സം​ര​ക്ഷ​ണ​മു​ള്ള വി​ദ്വേ​ഷ പ്ര​ചാ​ര​ക​ർ സ്വ​ന്തം വി​ലാ​സ​ത്തി​ൽ​നി​ന്നു​ത​ന്നെ അ​സ​ത്യ​ങ്ങ​ളും അ​ർ​ഥ​സ​ത്യ​ങ്ങ​ളും അ​യ​ച്ചു. നി​ര​പ​രാ​ധി​ക​ൾ ത​നി​ച്ചി​രു​ന്നു ക​ര​ഞ്ഞു. ദു​ർ​ബ​ല​മാ​ന​സ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്നു വി​ട്ടു​നി​ന്നു. അ​പ​മാ​നി​ത​രാ​യ ചി​ല​ർ ജീ​വ​നൊ​ടു​ക്കി. ചി​ല സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി. ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ൾ വ്യ​ക്തി​ഹ​ത്യ​യു​ടെ ഏ​റ്റ​വും മൂ​ർ​ച്ച​യു​ള്ള മാ​ര​കാ​യു​ധ​മാ​യി. ക​ല്ലെ​റി​ഞ്ഞ​വ​രൊ​ന്നും പാ​പ​മി​ല്ലാ​ത്ത​വ​രാ​യി​രു​ന്നി​ല്ല. കോ​ട​തി വെ​റു​തേ വി​ട്ട​വ​രെ​യും വേ​ട്ട​ക്കാ​ർ പി​ന്തു​ട​ർ​ന്നു. പ​ല​രു​ടെ​യും ശി​ഷ്ട​ജീ​വി​തം ഇ​രു​ട്ടി​ലാ​യി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ മ​നു​ഷ്യ​ർ നി​ര​ന്ത​രം ന​ഗ്ന​രാ​ക്ക​പ്പെ​ടു​ന്നു. തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ഷാ​ജി​യെ​പ്പോ​ലെ ന​ഗ്ന​ത മ​റ​യ്ക്കാ​ൻ ഭ​ര​ണ​കൂ​ട​സം​വി​ധാ​ന​ങ്ങ​ൾ ഓ​ടി​യെ​ത്തു​ന്നി​ല്ല. അ​തി​വേ​ഗ​ത്തി​ന്‍റെ ഡി​ജി​റ്റ​ൽ കാ​ല​ത്ത് നി​യ​മം അ​തി​ന്‍റെ ആ​മ​വേ​ഗ​വു​മാ​യി ബ​ഹു​ദൂ​രം പി​ന്നി​ലാ​യി. ഷാ​ജി​യെ നെ​ഞ്ചോ​ടു ചേ​ർ​ത്ത നാം ​ഇ​തു​കൂ​ടി മ​ന​സി​ൽ വ​യ്ക്ക​ണം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലോ മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളി​ലോ ആ​ക​ട്ടെ, ഒ​രു മ​നു​ഷ്യ​നെ​യും നാം ​ന​ഗ്ന​രാ​ക്കി​ല്ല.

മ​താ​ന്ത​ര സം​വാ​ദ​ങ്ങ​ൾ​ക്കാ​യു​ള്ള, വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യ​ത്തി​ന്‍റെ പ്രീ​ഫെ​ക്ട്, ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്, ഇ​ക്ക​ഴി​ഞ്ഞ​ദി​വ​സം അ​സൈ​ർ​ബൈ​ജാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ ചാ​ക്രി​ക ലേ​ഖ​ന​മാ​യ "മാ​ഞ്ഞി​ഫി​ക്ക ഹു​മാ​നി​ത്താ​സ്' ഉ​ദ്ധ​രി​ച്ചു പ​റ​ഞ്ഞ​ത്, “വൈ​ര​വും വെ​റു​പ്പും വി​ത​യ്ക്കു​ന്ന വാ​ക്കു​ക​ളെ നി​രാ​യു​ധീ​ക​രി​ച്ച് സ്നേ​ഹ​ത്തി​ന്‍റെ നാ​ഗ​രി​ക​ത വ​ള​ർ​ത്തു​ക” എ​ന്നാ​ണ്. അ​താ​ണു കാ​ര്യം. അ​പ​ര​നെ വി​വ​സ്ത്ര​രാ​ക്കു​ന്ന​വ​ർ തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ഷാ​ജി​യെ കീ​ർ​ത്തി​ക്കു​ന്ന​തി​ൽ ഒ​ര​ർ​ഥ​വു​മി​ല്ല. വാ​ക്കു​ക​ളു​ടെ നി​രാ​യു​ധീ​ക​ര​ണം ജാ​തി-​മ​ത-​രാ​ഷ്‌​ട്രീ​യ-​സ്ഥാ​ന-​മാ​ന ഭേ​ദ​മി​ല്ലാ​തെ എ​ല്ലാ​വ​രും ന​ട​പ്പാ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. പ​റ്റു​മെ​ങ്കി​ൽ ഇ​ന്നു മു​ത​ൽ.

Tags : DEEPIKA EDITORIAL

Recent News

Corehub Up