Editorial Audio
ഇഡി കുരുക്കെറിഞ്ഞു, സംസ്ഥാന സർക്കാർ ഒരു മുഴം നീട്ടിയെറിഞ്ഞു. സിഎംആർഎൽ-എക്സാലോജിക് ഇടപാട്, ഹവാല ആരോപണങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ കത്തിനെത്തുടർന്ന് പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം അങ്ങനെയൊരു ചിത്രമാണ് വരയ്ക്കുന്നത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന ഇഡി ആവശ്യം അംഗീകരിച്ചതുമില്ല, അന്വേഷണം തള്ളിയതുമില്ല. എല്ലാറ്റിനും ആവശ്യമായ സമയവും സാവകാശവും ലഭിക്കുകയും ചെയ്യും.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി പി. എ. മുഹമ്മദ് റിയാസ്, ഭാര്യ ടി. വീണ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരേയാണ് സർക്കാർ ക്രൈംബ്രാഞ്ചിന്റെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചത്. കരിമണൽ കമ്പനിയിൽനിന്നുള്ള മാസപ്പടിയും ദുബായിലേക്കുള്ള ഹവാല ഇടപാടുമെല്ലാം സമയപരിധിയില്ലാതെ അന്വേഷിക്കും. തെളിവുണ്ടെങ്കിൽ കേസെടുക്കും. അഴിമതിയുണ്ടെന്നു കണ്ടെത്തിയാൽ വിജിലൻസും അന്വേഷിക്കും. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല.
ഇഡിയുടെ കത്തിൽ അഴിമതിനിരോധന നിയമം, ബിഎൻഎസ്എസ്, ബിഎൻഎസ് അടക്കം ചുമത്തി കേസെടുക്കാവുന്ന കുറ്റകൃത്യങ്ങളുണ്ടെന്ന നിഗമനമാണ് അഡ്വക്കറ്റ് ജനറൽ സർക്കാരിനു നല്കിയത്. വിജിലൻസിന് വിട്ടാൽ അന്വേഷണം പരിമിതപ്പെടുത്തേണ്ടിവരുമെന്നും എല്ലാം അന്വേഷിക്കണമെന്നും ആഭ്യന്തരമന്ത്രി നിലപാടെടുത്തതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തീരുമാനമായത്.
മാസപ്പടിയും അഴിമതിയും ഹവാലയുമൊക്കെ ഗൗരവമുള്ള കുറ്റകൃത്യങ്ങളാണ്. അതേക്കുറിച്ചുള്ള അന്വേഷണത്തിൽ വെള്ളം ചേർക്കരുത്. അനാശാസ്യമായ രാഷ്ട്രീയ സമവായങ്ങളും തിരശീലയ്ക്കു പിന്നിലെ നാടകങ്ങളും കണ്ട് മടുത്തവരാണ് നമ്മൾ. ക്രൈംബ്രാഞ്ച് ശക്തമായി അന്വേഷിക്കട്ടെ. തെളിവുണ്ടെങ്കിൽ കേസെടുക്കട്ടെ. വിജിലൻസ് അന്വേഷിക്കേണ്ടത് അവരും ഇഡി അന്വേഷിക്കേണ്ടത് അവരും അന്വേഷിക്കട്ടെ. ആർജവമുള്ള, തീർത്തും സുതാര്യമായ അന്വേഷണമാണ് ജനം പ്രതീക്ഷിക്കുന്നത്.
അന്വേഷണത്തിനു കീഴടങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് സിപിഎം. നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്ന് സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ തലപ്പത്തുള്ള ബിജെപിയുടെ അജൻഡയ്ക്ക് യുഡിഎഫ് വഴങ്ങുകയാണെന്ന ആരോപണവുമുണ്ട്. ഇനി മുമ്പു കണ്ടതുപോലെ, പ്രതിഷേധമെന്ന പേരിൽ അന്വേഷണ ഉദ്യോഗസ്ഥരെ തടയുകയും ക്രമസമാധാനത്തകർച്ചയുണ്ടാക്കുകയും ചെയ്യുമോ എന്നേ അറിയാനുള്ളൂ.
എന്തുകൊണ്ട് ഭരണം നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ച് സിപിഎമ്മിന് വലിയ വേവലാതിയൊന്നും കാണുന്നില്ല. തെരഞ്ഞെടുപ്പിൽ കുറെ സ്വന്തക്കാർ തിരിച്ചുകുത്തി. തോറ്റു. അടുത്ത തെരഞ്ഞെടുപ്പാകുമ്പോൾ അത് തിരിച്ചുപിടിക്കാം എന്ന സിംപിൾ ഫോർമുലയാണ് സൈദ്ധാന്തിക വീരന്മാരുള്ള പാർട്ടിയുടേത്. ഭരണം കിട്ടിയപ്പോഴുണ്ടായ അഹങ്കാരം, അങ്ങേയറ്റത്തെ പരപുച്ഛം, സ്വന്തക്കാരെ പിൻവാതിലിലൂടെ തിരുകിക്കയറ്റൽ, നഗ്നമായ അഴിമതി, ജനാധിപത്യത്തിന്റെ തരിമ്പുമില്ലാത്ത സ്വേച്ഛാധിപത്യം തുടങ്ങി അത്രതന്നെ സിംപിളായ കാര്യങ്ങളിൽ തലച്ചോറു പുകയ്ക്കാൻ ആ പാർട്ടിയിലാർക്കും നേരമില്ല. കേസുകളിലുൾപ്പെട്ട നേതാക്കളെയും അവർക്കു കൂട്ടുനിന്ന ഉന്നത ഉദ്യോഗസ്ഥനെയും നാൽപ്പതിലധികം ക്രിമിനൽ കേസുള്ള സഹയാത്രികനെയുമൊക്കെ സൈബറിടത്തിലും പുറത്തും അന്തംവിട്ട് പിന്താങ്ങുന്നതിനപ്പുറം എന്ത് ഹൃദയപക്ഷം?
ഉന്നതതല ക്രൈംബ്രാഞ്ച് അന്വേഷണം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു. കാര്യങ്ങളൊരു വിജിലൻസ് അന്വേഷണത്തിലൊതുങ്ങുമെന്ന പ്രതീക്ഷയായിരുന്നു അവർക്ക്. കേസ് രജിസ്റ്റർ ചെയ്തില്ല എന്നതു മാത്രമാണൊരാശ്വാസം. എന്നാൽ അന്വേഷണം തുടങ്ങിയാൽ പുറത്തുവരുന്ന വിവരങ്ങളെ പ്രതിരോധിക്കുകയെന്ന ഭാരം പാർട്ടി ഏറ്റെടുക്കേണ്ടിവരും. രാഷ്ട്രീയ എതിരാളികളുടെ വ്യാഖ്യാനങ്ങൾക്ക് മറുഭാഷ്യം ചമയ്ക്കേണ്ടിയും വരും. മൊത്തത്തിൽ രാഷ്ട്രീയരംഗം കലുഷിതമാകുമെന്ന് ചുരുക്കം.
മുമ്പ് വി. എസ്. അച്യുതാനന്ദനെതിരേ കേസും കൂട്ടവും അന്വേഷണവുമുണ്ടായപ്പോൾ നിഷ്പക്ഷതയുടെ മുഖംമൂടിയണിഞ്ഞ് മാറിനിൽക്കുകയായിരുന്നു സിപിഎം പാർട്ടി സംവിധാനം. എന്നാലിന്ന് പിണറായിക്കും മുഹമ്മദ് റിയാസിനും പിന്നിൽ പാർട്ടി ഒന്നടങ്കമുണ്ട്. തനിക്കെതിരേ ഉണ്ടായ ആരോപണങ്ങളെക്കുറിച്ച് മുഹമ്മദ് റിയാസ് സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരിക്കുകയും പാർട്ടി അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിൽ മുറുമുറുപ്പുള്ള അണികളുണ്ടെന്നതും പരസ്യമായ രഹസ്യം.
പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളം ഇതൊന്നുമല്ല വിഷയം. ജനങ്ങൾക്ക് ഉപയുക്തമാകുന്ന ഭരണം നടക്കണം. പ്രകൃതിയുടെ താളംതെറ്റൽ ഇപ്പോൾത്തന്നെ സാധാരണ ജനജീവിതത്തെ ബാധിക്കുന്നുണ്ട്. അതിനൊപ്പം ഭരണത്തിന്റെ താളംതെറ്റൽ കൂടിയാകുമ്പോൾ ജീവിതം ദുരിതമയമാകും. അതിനു പ്രതിവിധിയായിട്ടാണ് ഭരണക്കാർ ചെയ്തുവച്ച കെടുതികളെക്കുറിച്ച് സത്യസന്ധമായി അന്വേഷിക്കുന്നതും നീതി നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതും. അന്വേഷണം നേരായ വഴിക്ക് നടന്നില്ലെങ്കിൽ മൊത്തം സിസ്റ്റത്തിലുള്ള വിശ്വാസത്തെ ബാധിക്കും. അന്വേഷണത്തിനു വിധേയരാകുന്നവരുടെ പ്രതിരോധം വഴിവിട്ടാലും അന്തരീക്ഷം കലങ്ങും. അതുകൊണ്ടുതന്നെ ഉയർന്ന രാഷ്ട്രീയവിവേകമാണ് ഈ വിഷയത്തിൽ എല്ലാവരിൽനിന്നും പ്രതീക്ഷിക്കുന്നത്.
Tags : DEEPIKA EDITORIAL