തേൻ ആന്റിഓക്സിഡന്റാണ്, പക്ഷേ...
Tuesday, August 23, 2016 3:31 AM IST
മിക്ക കൂടിച്ചേരലുകളിലും ഇന്നു സത്കാരം ഒഴിവാക്കാനാകാതെ വന്നിരിക്കുന്നു. അവിടെ നിന്നു കഴിക്കുന്ന പഫ്സ്, ലഡു, വിവിധതരം ഫലങ്ങൾ തുടങ്ങിയവയൊക്കെ കഴിച്ച് വീട്ടിലെത്തിയാൽ മിക്കവരും വീട്ടിലെ പതിവു ക്വാട്ട വിട്ടുകളയില്ല.

നാമറിയാതെ തന്നെ നമുക്ക് അധികമായ ഊർജം ലഭിക്കുന്നു. പക്ഷേ, അതേസമയം നാ ചെലവാക്കുന്ന ഊർജം വളരെ കുറവും. ചെലവാക്കുന്നതിനേക്കാൾ ഏറെ ഊർജം നമുക്കു കിട്ടുന്നു. നഗരജീവിത ശൈലി ഗ്രാമങ്ങളിലേക്കും വ്യാപിച്ചതോടെ ജീവിതശൈലി രോഗങ്ങൾ നാട്ടിൻപുറത്തുമെത്തി. കായികാധ്വാനം ഇല്ലാതെയായി. ഭക്ഷണശീലങ്ങളും പാടെമാറി. അതിനാൽ പ്രമേഹത്തിനു ഗ്രാമനഗര ഭേദങ്ങളില്ല. നഗരത്തിലുളളതു പോലെ ഗ്രാമത്തിലും പ്രമേഹബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടായി.

<യ> എല്ലാം മധുരം തന്നെ

ചായയ്ക്ക് രണ്ടു സ്പൂൺ പഞ്ചസാര ഉപയോഗിച്ചു വരുന്നവർ ഒരു സ്്പൂണിൽ നിർത്തിയാൽ അത്രയും നല്ലത്. തേൻ, ശർക്കര, കരുപ്പട്ടി, കൽക്കണ്ടം എന്നിവയിലെല്ലാം തന്നെ മധുരമുണ്ട്. ഒന്നും സേഫാണ് എന്നു പറയാനാവില്ല. എല്ലാത്തിലും ഗ്ലൂക്കോസ് അല്ലെങ്കിൽ ഫ്രക്റ്റോസ് അടങ്ങിയിട്ടുണ്ട്. എല്ലാം മധുരം തന്നെ.

തേൻ സിറപ്പിന്റെ രൂപത്തിലായതിനാൽ മധുരം കൂടുതലാണ്. ഗാഢതയേറിയതിനാൽ കുറച്ചു കഴിച്ചാൽ മതി. ഒരു ടീ സ്പൂൺ കഴിച്ചാലും ധാരാളം, കലോറി കൂടുതലാണ്. തേനിൽ ആന്റിഓക്സിഡന്റുകൾ ധാരാളമുണ്ടെന്നു കരുതി ഒരു പ്രമേഹ രോഗി പഞ്ചസാരയ്ക്കു പകരം തേൻ കഴിക്കുന്നതു ഗുണകരമല്ല.

നമ്മുടെ ജീവിതശൈലിയും ഭക്ഷണശീലവും ഇന്ന് ഏറെ മാറിയിരിക്കുന്നു. 25 വയസു മുതൽ തന്നെ പ്രമേഹസാധ്യത കുറയ്ക്കാനുള്ള നിയന്ത്രണങ്ങളും കരുതലും സ്വീകരിക്കണം. 30 വയസിൽ തന്നെ പ്രമേഹവും രക്‌തസമ്മർദവുമൊക്കെ പിടിപെടുന്നവർ ഇന്നു ധാരാളം. ബിപി കൂടുതലുള്ളവർക്കു പ്രമേഹം പിടിപെടണമെന്നില്ല. പക്ഷേ, പ്രമേഹമുള്ളവർക്കു രക്‌തസമ്മർദസാധ്യത കൂടുതലാണ്. ഈ പശ്ചാത്തലത്തിലാണ് ഹയർ സെക്കൻഡറി മുതൽ രക്‌തസമ്മർദത്തിനുള്ള സ്ക്രീനിംഗ് സ്കൂൾ ഹെൽത്ത് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എത്രയും നേരത്തേ ആഹാരക്രമത്തിലും ജീവിതശൈലിയിലും ശ്രദ്ധയും നിയന്ത്രണവും പുലർത്തിയാൽ അത്രയും നല്ലത്.


<യ> പ്രമേഹലക്ഷണങ്ങൾ അവഗണിക്കരുത്

ചിലർക്കു ദാഹവും വിശപ്പും ഏറെ കൂടുതലായിരിക്കും. ക്ഷീണം അസഹ്യമായിരിക്കും. ഇടയ്ക്കിടെ മൂത്രമൊഴിക്കും. ചിലർ അമിതമായി വിയർക്കും. ഇവയൊക്കെ അനുഭവപ്പെട്ടാൽ അവഗണിക്കരുത്. ഫിസിഷ്യനെ കണ്ട് മെഡിക്കൽ ചെക്കപ്പിനു വിധേയമാകണം. രക്‌തപരിശോധനയിൽ പ്രമേഹമുണ്ടെന്നു തെളിഞ്ഞാൽ അപ്പോൾത്തന്നെ ആഹാര നിയന്ത്രണത്തിലൂടെ 50 ശതമാനം, വ്യായാമത്തിലൂടെ 25 ശതമാനം, മരുന്നിലൂടെ 25 ശതമാനം എന്നിങ്ങനെ പ്രമേഹം നിയന്ത്രിക്കാനാകും. ചികിത്സയുടെ ഉദ്ദശ്യം തന്നെ രക്‌തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കുക എന്നതാണ്.

വിവരങ്ങൾ: <യ> ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് * ഡയറ്റ് കൺസൾട്ടന്റ്

തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്