ദാഹിക്കുന്നതിന് കാത്തിരിക്കാതെ ഇടയ്ക്കിടെ വെള്ളം കുടിക്കാം
പ്രീതി ആർ. നായർ
Thursday, April 13, 2023 4:30 PM IST
വേനല്‍ക്കാലമാണ്. ഈ സമയത്ത് നമ്മെ പിടികൂടാറുള്ള രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും ഏറെയാണ്. ചെങ്കണ്ണ്, ചിക്കന്‍പോക്സ് തുടങ്ങിയ വേനല്‍ക്കാല രോഗങ്ങളും വ്യത്യസ്തങ്ങളായ വൈറല്‍ പനികളും ചൂടുകാലത്ത് കാണാറുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയമാണിത്.
നിർജലീകരണം തടയാം
വേനല്‍ക്കാല ഭക്ഷണം മറ്റു കാലാവസ്ഥയിലെ ഭക്ഷണവുമായി തികച്ചും വ്യത്യസ്തമാണ്. താപനില കൂടുന്നതിനാല്‍ നിര്‍ജലീകരണത്തിനുള്ള സാധ്യത കൂടുതലാണ്. ദാഹിക്കുന്നതിനു കാത്തിരിക്കാതെ ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം. ദിവസം 2.5 മുതല്‍ 3 ലിറ്റര്‍ വരെ വെള്ളം കുടിക്കാം.
നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം
നാരങ്ങാവെള്ളം, കഞ്ഞിവെള്ളം, മോരിന്‍വെള്ളം, കരിക്കിന്‍വെള്ളം, ജീരകവെള്ളം എന്നീ പോഷക ഗുണങ്ങള്‍ ഏറെയുള്ള പാനീയങ്ങൾ കുടിക്കാന്‍ ശ്രദ്ധിക്കണം.
ഭക്ഷണം ചെറിയ ഇടവേളകളിട്ട് കഴിക്കാം
വയര്‍ നിറയെ ഭക്ഷണം കഴിക്കാതെ ചെറിയ ഭക്ഷണം ഇടവേളകളിട്ട് കഴിക്കുന്നതാണ് നല്ലത്. വെള്ളം ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിവസേനയുള്ള ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.
പഴങ്ങൾ കഴിക്കാം
ചര്‍മരോഗങ്ങളില്‍ നിന്നും വിറ്റാമിന്റെ അഭാവത്തിലുള്ള രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ പഴങ്ങള്‍ കഴിക്കാം. നാരങ്ങ വര്‍ഗ്ഗത്തില്‍പ്പെട്ട പഴങ്ങള്‍ (ഓറഞ്ച്, ചെറുനാരങ്ങ, മുസമ്പി), തണ്ണിമത്തന്, മാതലളനാരങ്ങ, മസ്ക്മെലന്‍ എന്നിവ ഉള്‍പ്പെടുത്തുക. വിറ്റമിനുകളുടെയും ആന്റിഓക്സിഡന്റുകളുടെയും കലവറയാണ് പഴങ്ങൾ.
വിവരങ്ങൾ: പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.