നെതന്യാഹു സർക്കാർ രാഷ്ട്രീയ പ്രതിസന്ധിയിലേക്കെന്ന് സൂചന
Wednesday, July 16, 2025 1:00 AM IST
ടെൽ അവീവ്: ഇസ്രയേലിലെ ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാർ രാഷ്്ട്രീയ പ്രതിസന്ധിയിലേക്കെന്ന് സൂചന. സർക്കാരിനെ പിന്തുണയ്ക്കുന്ന പ്രധാന സഖ്യകക്ഷിയായ യുണൈറ്റഡ് തോറ ജുഡായിസത്തിന്റെ രണ്ട് വിഭാഗങ്ങൾ സഖ്യം ഉപേക്ഷിക്കാൻ തീരുമാനിച്ചതാണ് കാരണം. തീവ്ര യാഥാസ്ഥിതിക വാദികളാണ് ഈ കക്ഷികൾ.
യഹൂദ മതപഠനത്തിൽ വ്യാപൃതരായിരിക്കുന്ന യെഷീവ വിദ്യാർഥികളെ നിർബന്ധിത സൈനികസേവനത്തിൽനിന്ന് ഒഴിവാക്കണമെന്നത് ഏറെക്കാലമായുള്ള ഇവരുടെ ആവശ്യമാണ്. ഇതിന് ഉതകുന്ന ബില്ല് നെതന്യാഹു പാസാക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇവർ സഖ്യമുപേക്ഷിച്ചത്. എന്നാൽ, സൈനികസേവനത്തിന്റെ വിഷയത്തിൽ എല്ലാത്തരം ഇളവുകളും ഇല്ലാതാക്കുകയാണ് സർക്കാരിന്റെ നയമെന്നാണു കരുതപ്പെടുന്നത്.
ഗാസയിലെ യുദ്ധംമൂലം സൈനികരെ കൂടുതലായി ആവശ്യമുള്ള സ്ഥിതിയുള്ളതിനാൽ, വിഷയത്തിൽ രാജ്യത്തെ ജനങ്ങൾക്കിടയിലും ചേരിതിരിവ് ഉടലെടുത്തുകഴിഞ്ഞു. 48 മണിക്കൂറിനു ശേഷം മാറ്റങ്ങൾ നിലവിൽ വരും.
സർക്കാർ നിലംപൊത്തുന്ന അവസ്ഥ ഇപ്പോഴില്ലെങ്കിലും നേർത്ത ഭൂരിപക്ഷമായിരിക്കും നെതന്യാഹു സർക്കാരിന് തുടർന്നുണ്ടാകുക. എന്നാൽ, യുണൈറ്റഡ് തോറ ജുഡായിസത്തെ തിരികെയെത്തിക്കാൻ ധാരാളം അവസരങ്ങൾ പ്രധാനമന്ത്രിയുടെ മുന്നിലുണ്ടെന്നു വിലയിരുത്തുന്നവരുമുണ്ട്.
പക്ഷേ, സർക്കാരിന്റെ മേശപ്പുറത്തുള്ള സൈനികസേവന നിയമത്തിലെ വ്യവസ്ഥകൾക്കും പാർട്ടിയുടെ ആവശ്യങ്ങൾക്കുമിടയിൽ വലിയ വിടവുള്ളതിനാൽ സമവായത്തിനു സാധ്യത കുറവാണെന്ന് ജ്യൂവിഷ് പീപ്പിൾ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈസ് പ്രസിഡന്റ് ഷുകി ഫ്രീഡ്മാൻ പറയുന്നു.
അതേസമയം, ദൈവം കനിഞ്ഞാൽ പോയവരെ തിരിച്ചെത്തിക്കാൻ തീർച്ചയായും സാധിക്കുമെന്ന് മന്ത്രിയും ലിക്കുഡ് പാർട്ടി നേതാവുമായ മികി സോഹർ പ്രതികരിച്ചു.