പ്രതീകാത്മക ചിത്രം
കഠ്മണ്ഡു: ശക്തമായ എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനത്താൽ ഈ ശൈത്യകാലത്ത് ഹിന്ദുകുഷ് ഹിമാലയൻ മേഖലയിൽ സാധാരണയേക്കാൾ കൂടുതൽ മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് പുതിയ കാലാവസ്ഥാ റിപ്പോർട്ട്. നേപ്പാളിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഹിമപാതം എന്നിവയ്ക്ക് സാധ്യതയേറുന്നതിനാൽ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്മെന്റ്, ബെയ്ജിംഗ് നോർമൽ യൂണിവേഴ്സിറ്റി, ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അറ്റ്മോസ്ഫെറിക് ഫിസിക്സ് എന്നിവ ചേർന്ന് പുറത്തിറക്കിയ ഹിന്ദുകുഷ് ഹിമാലയ വിന്റർ ഔട്ട്ലുക്ക് 2026 റിപ്പോർട്ടിലാണ് ഈ വിലയിരുത്തലുകൾ. 1950-ന് ശേഷം രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ശക്തമായ എൽ നിനോ ആയി ഇത് മാറാൻ 60 ശതമാനം സാധ്യതയുണ്ടെന്ന് യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
നേപ്പാൾ, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. താഴ്വരകളിൽ മഴയും ഉയർന്ന പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയും ഉണ്ടാകും. പടിഞ്ഞാറൻ ഹിമാലയത്തിൽ പ്രാദേശികമായി വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഹിമപാതം എന്നിവയ്ക്ക് വഴിവച്ചേക്കാം.
അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഉത്തരേന്ത്യ, നേപ്പാൾ എന്നിവിടങ്ങളിൽ ആഴത്തിലുള്ള മഞ്ഞുവീഴ്ച പ്രതീക്ഷിക്കുമ്പോൾ, ഭൂട്ടാനിലും കിഴക്കൻ ടിബറ്റിലും മഞ്ഞുവീഴ്ച കുറവായിരിക്കും. മഞ്ഞിന്റെ കുറവ് ജലസേചനത്തെയും ജലവൈദ്യുത പദ്ധതികളെയും ബാധിച്ചേക്കാം. ചിലയിടങ്ങളിൽ കനത്ത മഴ പെയ്യുമ്പോഴും തെക്കുകിഴക്കൻ ടിബറ്റിലും മ്യാൻമറിന്റഎ ചില ഭാഗങ്ങളിലും വരണ്ട കാലാവസ്ഥയും കാട്ടുതീ സാധ്യതയും കൂടുതലായിരിക്കും.
കഴിഞ്ഞ മൺസൂൺ കാലത്ത് നേപ്പാളിലും ഭൂട്ടാനിലും കനത്ത നാശനഷ്ടങ്ങളുണ്ടായിരുന്നു. ഓഗസ്റ്റിലുണ്ടായ പ്രളയത്തിൽ 1,500-ലധികം പേർ മരിക്കുകയും 5,000-ത്തിലധികം പേരെ കാണാതാവുകയും ചെയ്തിരുന്നു. പുനർനിർമാണത്തിനും ദുരിതാശ്വാസത്തിനുമായി 4.7 ബില്യൺ ഡോളറാണ് ചെലവ് കണക്കാക്കുന്നത്.
മൺസൂൺ അവസാനിച്ചതോടെ ദുരന്തനിവാരണ ജാഗ്രത കുറയ്ക്കരുതെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾക്കനുസരിച്ച് മുൻകരുതലുകൾ സ്വീകരിക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നു. നവംബർ 25 മുതൽ 27 വരെ കഠ്മണ്ഡുവിൽ നടക്കുന്ന രാജ്യാന്തര സമ്മേളനത്തിൽ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ചർച്ച ചെയ്യും.
Tags : ElNino HeavyRain Snowfall