സിഡ്നി: ഓസ്ട്രേലിയയിൽ മസാജ് തെറാപ്പിസ്റ്റായി ജോലി ചെയ്യവേ 61 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും അവരുടെ നഗ്നദൃശ്യങ്ങൾ രഹസ്യമായി പകർത്തുകയും ചെയ്ത ഇന്ത്യൻ വംശജന് തടവുശിക്ഷ. ഡൽഹി സ്വദേശിയായ സുമിത് സതീഷ് റസ്തോഗി (39) എന്നയാൾക്കാണ് സൗത്ത് ഓസ്ട്രേലിയ ഡിസ്ട്രിക്റ്റ് കോടതി 13 വർഷവും 10 മാസവും തടവ് വിധിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ ഓസ്ട്രേലിയയിൽ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തും.
2021 ഒക്ടോബറിനും 2022 ജൂലൈയ്ക്കും ഇടയിലുള്ള വെറും ഒൻപത് മാസക്കാലയളവിലാണ് കേസിനാസ്പദമായ ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. അഡലെയ്ഡിലെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള ഗ്ലെനെൽഗിലെ ഒരു മസാജ് സെന്ററിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഇവിടെയെത്തിയ സ്ത്രീകളെയാണ് ഇയാൾ ഇരയാക്കിയത്.
ഗുരുതരമായ ലൈംഗിക അതിക്രമം (42 കേസുകൾ), സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ രഹസ്യമായി മൊബൈലിൽ പകർത്തി (55 കേസുകൾ) ഉൾപ്പെടെ 97-ഓളം കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. വിചാരണ വേളയിൽ ഇയാൾ കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. പ്രതിക്ക് മസാജ് തെറാപ്പിയിൽ ആവശ്യമായ യോഗ്യതകളില്ലാതിരുന്നിട്ടും ഈ പാർലറിൽ ജോലി ചെയ്തത് അത്ഭുതപ്പെടുത്തുന്നുവെന്ന് ജഡ്ജി കാർമെൻ മാറ്റിയോ നിരീക്ഷിച്ചു.
തുടക്കത്തിൽ സ്ത്രീകളെ ഉപദ്രവിക്കുകയും രഹസ്യമായി ചിത്രങ്ങൾ പകർത്തുകയും ചെയ്തതോടെ പ്രതിയുടെ ആത്മവിശ്വാസം കൂടുകയും കുറ്റകൃത്യങ്ങൾ പിന്നീട് ഇയാളുടെ നിയന്ത്രണത്തിന് അപ്പുറത്തേക്ക് മാറുകയും ചെയ്തതായി കോടതി ചൂണ്ടിക്കാട്ടി. മറ്റുള്ളവരുടെ നഗ്നത രഹസ്യമായി കണ്ട് ലൈംഗിക സംതൃപ്തി അടയുന്ന 'വോയറിസ്റ്റിക് ഡിസോർഡർ'എന്ന മാനസികാവസ്ഥ പ്രതിക്കുണ്ടെന്ന് മനോരോഗ വിദഗ്ദ്ധർ കോടതിയെ അറിയിച്ചെങ്കിലും, അത് കുറ്റകൃത്യത്തിന്റെ ഗൗരവം ഒട്ടും കുറയ്ക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
2011-ലാണ് സുമിത് ഡൽഹിയിൽ നിന്നും അഡലെയ്ഡിലേക്ക് താമസം മാറിയത്. ഇയാളുടെ ക്രൂരതയ്ക്ക് ഇരയായ പല സ്ത്രീകളും തങ്ങൾ നേരിട്ട കടുത്ത മാനസികാഘാതത്തിൽ നിന്നും ഇതുവരെ മുക്തരായിട്ടില്ലെന്ന് കോടതിയിൽ ബോധിപ്പിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളാകേണ്ടിയിരുന്ന ഹണിമൂൺ കാലയളവിനെ പ്രതി വേദനിപ്പിക്കുന്ന ഓർമയാക്കി മാറ്റിയെന്ന് ഒരു അതിജീവിത കോടതിയിൽ വിതുമ്പലോടെ പറഞ്ഞു.
Tags : Indian Origin Man Australia Adelaide Latest News