ടെഹ്റാൻ: ആക്രമണം ശക്തമാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതിനു പിന്നാലെ പ്രതികരണവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. ഇനി നേരിയ തെറ്റ് പോലും അമേരിക്കയുടെയോ മറ്റ് ശത്രുരാജ്യങ്ങളുടെയോ ഭാഗത്തുനിന്നുണ്ടായാൽ ഇറാൻ ശക്തമായി തിരിച്ചടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
അമേരിക്കയ്ക്ക് കൂടുതൽ പണവും വിഭവങ്ങളും അനുഭവസമ്പത്തും ഉണ്ടെന്ന് സമ്മതിക്കുന്നു. എന്നാൽ ഇറാനെ നിസാരമായി കാണരുത്. അമേരിക്കയുടെ ഡ്രോണുകളെ പ്രതിരോധിക്കാൻ കഴിഞ്ഞു. യുഎസ് വിമാനം വീഴ്ത്താൻ കഴിഞ്ഞത് ഇറാന്റെ സാങ്കേതിക മുന്നേറ്റത്തിന്റെ തെളിവാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇറാന്റെ നിബന്ധനകൾ അംഗീകരിച്ചതുകൊണ്ടാണ് വെടിനിർത്തലിന് തയാറായതെന്നും ഗാലിബാഫ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഇസ്ലാമാബാദിൽ വെച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സാമ്പത്തിക ഉപരോധങ്ങളിലൂടെയും മറ്റു തന്ത്രങ്ങളിലൂടെയും ഇറാനെ തകർക്കാനുള്ള നീക്കങ്ങൾ പരാജയപ്പെട്ടുവെന്നും ഗാലിബാഫ് വ്യക്തമാക്കി. അതേസമയം ഇറാനുമായി ആശയവിനിമയം നടക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു.
യുഎസിനെ ഭീഷണിപ്പെടുത്താൻ ഇറാൻ ശ്രമിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാന്റെ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയ നാവിക ഉപരോധം യുദ്ധം അവസാനിക്കുന്നതുവരെ തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു.
Tags : iran military warning us israel