ന്യൂയോർക്ക്: സംഘർഷ ബാധിത മേഖലകളിലെ കുട്ടികളെയും വിദ്യാഭ്യാസത്തെയും കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന യുഎൻ രക്ഷാസമിതി യോഗത്തിൽ അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ് അധ്യക്ഷത വഹിച്ചു. ഇറാനെതിരെ അമേരിക്കൻ സൈനിക നടപടി തുടരുന്ന സാഹചര്യത്തിലാണ് അതീവ പ്രാധാന്യമുള്ള ഈ യോഗം നടന്നത്. ഒരു രാഷ്ട്രത്തലവന്റെ പങ്കാളി രക്ഷാസമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുന്നത് ചരിത്രത്തിലാദ്യമായാണ്.
സഹിഷ്ണുതയും ലോകസമാധാനവും വളർത്തുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പങ്കിനെക്കുറിച്ചാണ് മെലാനിയ ട്രംപ് സംസാരിച്ചത്. യുദ്ധമുഖത്ത് കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ കുടുംബങ്ങളെ അവർ അനുശോചനം അറിയിച്ചു. "ലോകമെമ്പാടുമുള്ള കുട്ടികൾക്കൊപ്പം അമേരിക്ക നിലകൊള്ളുന്നു. സമാധാനം ഉടൻ നിങ്ങളിലേക്ക് എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," മെലാനിയ പറഞ്ഞു.
അതേസമയം, സംഘർഷം കുട്ടികളെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതിനെക്കുറിച്ച് യുഎൻ അണ്ടർ സെക്രട്ടറി ജനറൽ റോസ്മേരി ഡികാർലോ ആശങ്ക പ്രകടിപ്പിച്ചു. നിലവിലെ സൈനിക നീക്കങ്ങൾ കാരണം ഇസ്രായേൽ, യുഎഇ, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിൽ സ്കൂളുകൾ അടച്ചതായും ഓൺലൈൻ പഠനത്തിലേക്ക് മാറിയതായും അവർ ചൂണ്ടിക്കാട്ടി.
ശനിയാഴ്ച ഇറാനിലെ മിനാബ് നഗരത്തിലുള്ള ഒരു പ്രൈമറി സ്കൂളിന് നേരെ നടന്ന ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ യോഗത്തിൽ വലിയ ചർച്ചയായി. 153 പെൺകുട്ടികൾ കൊല്ലപ്പെട്ട ഈ ആക്രമണത്തിന് പിന്നിൽ അമേരിക്കയും ഇസ്രായേലുമാണെന്ന് ഇറാൻ ആരോപിച്ചു. എന്നാൽ, അമേരിക്കൻ സൈന്യം സ്കൂളുകളെ ലക്ഷ്യം വയ്ക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
തങ്ങളുടെ പ്രെസിഡൻസി കാലയളവിലെ ആദ്യ ദിവസം തന്നെ കുട്ടികളുടെ സംരക്ഷണത്തെക്കുറിച്ച് അമേരിക്ക യോഗം വിളിച്ചത് കാപട്യമാണെന്ന് യുഎന്നിലെ ഇറാൻ അംബാസഡർ അമീർ സയീദ് ഇറവാനി വിമർശിച്ചു. ഇറാനിലെ സ്കൂൾ ആക്രമണത്തിൽ പങ്കില്ലെന്ന് ഇസ്രായേൽ സൈന്യവും പ്രതികരിച്ചു.
Tags : Melania Trump UN Security Council school attack