വാഷിംഗ്ടൺ ഡിസി: കാനഡയുമായി വ്യാപാരചർച്ച പൊളിഞ്ഞതിന്‍റെ അരിശം തീരാത്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, ഒന്‍റാരിയോ തടാകത്തിന്‍റെ പേര് അമേരിക്കൻ തടാകം എന്നാക്കാൻ ഉത്തരവിറക്കി.
ഇരു രാജ്യങ്ങൾക്കുമിടയിൽ സ്ഥിതി ചെയ്യുന്ന തടാകം കാനഡയിലെ ഒന്‍റാരിയോ പ്രവിശ്യയുടെ പേരിലാണ് അറിയപ്പെടുന്നത്. തടാകത്തിന്‍റെ വടക്ക്, പടിഞ്ഞാറ്, തെക്കുപടിഞ്ഞാറ് ഭാഗങ്ങളിൽ ഒന്‍റാരിയോ പ്രവിശ്യ ആണ്. ബാക്കി ഭാഗങ്ങളിൽ അമേരിക്കയിലെ ന്യൂയോർക്ക് സംസ്ഥാനവും.
കഴിഞ്ഞയാഴ്ചയാണ് അമേരിക്ക-കാനഡ വ്യാപര ചർച്ച പൊളിഞ്ഞത്. അമേരിക്കൻ നിർദേശങ്ങൾ അംഗീകരിക്കാവില്ല എന്നു വ്യക്തമാക്കി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അവസാന നിമിഷം ചർച്ചയിൽനിന്ന് പിന്മാറുകയായിരുന്നു.
ഇതോടെ കാനഡയ്ക്കുമേൽ അമേരിക്കയുടെ 50 ശതമാനം ചുങ്കം നിലവിൽവന്നു. കാനഡയും അമേരിക്കയ്ക്കെതിരേ സമാന നടപടികൾ പ്രഖ്യാപിച്ചു.
ഒന്‍റാരിയോ തടാകത്തിന്‍റെ പേരുമാറ്റം 30 ദിവസത്തിനുള്ളിൽ നടപ്പാക്കണം എന്നാണ് ട്രംപ് ഉത്തരവിലൂടെ ബന്ധപ്പെട്ട അമേരിക്കൻ അധികൃതരോട് നിർദേശിച്ചിരിക്കുന്നത്.
അതേസമയം, ഒരോന്നിനും അതിന്‍റെ പേരുണ്ടെന്നും ഈ തടാകം ഇന്നും എന്നും ഒന്‍റാരിയോ തടാകം എന്നറിയിപ്പെടുമെന്നും മാർക്ക് കാർണി പ്രതികരിച്ചു. ഈ പേര് നിലവിൽവന്നിട്ട് 400 വർഷമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്രംപ് 2025ൽ രണ്ടാമത് അധികാരത്തിലേറിയതിനു പിന്നാലെ മെക്സിക്കൻ ഉൾക്കടലിന്‍റെ പേര് അമേരിക്കൻ ഉൾക്കടൽ എന്നാക്കി ഉത്തരവിറക്കിയിരുന്നു. മെക്സിക്കോ ഇതിനെ ശക്തമായി എതിർത്തു.
അമേരിക്കയിൽ ലഭിക്കുന്ന ഗൂഗിൾ മാപ്പിൽ ‘അമേരിക്കൻ ഉൾക്കടൽ’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മെക്സിക്കോയിലെ ഗൂഗിൾ മാപ്പിൽ ‘മെക്സിക്കൻ ഉൾക്കടൽ’ എന്നും. ഇതര ഭാഗങ്ങളിൽ ‘മെക്സിക്കൻ ഉൾക്കടൽ (അമേരിക്കൻ ഉൾക്കടൽ)’ എന്നു കാണും .
Tags : Lake Ontario Lake America Trump