ദുബായ്: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം 1970-കളിലേക്കാൾ വലിയൊരു ഊർജ പ്രതിസന്ധിയിലേക്കു ലോകത്തെ എത്തിക്കുമെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി (ഐഇഎ) മേധാവി ഫാത്തി ബിറോൾ. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ സ്ഫോടനങ്ങൾ തുടരുന്നതിനിടെയാണ് ബിറോളിന്റെ മുന്നറിയിപ്പ്.
ഓസ്ട്രേലിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ബിറോൾ. അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് ഉപരോധിച്ചതാണു നിലവിലെ കടുത്ത പ്രതിസന്ധിയുടെ കാരണം. 48 മണിക്കൂറിനുള്ളിൽ ഉപരോധം പിൻവലിച്ചില്ലെങ്കിൽ ഇറാന്റെ ഊർജകേന്ദ്രങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അന്ത്യശാസനം നൽകിയിട്ടുണ്ട്.
യുദ്ധം ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായി. ബ്രെന്റെ ക്രൂഡ് ഓയിലിനു നിലവിൽ ബാരലിന് 111 ഡോളറിനു മുകളിലാണു വില. യുദ്ധം തുടങ്ങുന്ന സമയത്ത് 70 ഡോളറായിരുന്ന എണ്ണവില കഴിഞ്ഞ ആഴ്ച 119 ഡോളർ വരെ എത്തിയിരുന്നു. ഉത്പാദനത്തെയും കപ്പൽ ഗതാഗതത്തെയും യുദ്ധം സാരമായി ബാധിച്ചിട്ടുള്ളതിനാൽ വരും ദിവസങ്ങളിലും വിപണിയിൽ വലിയ അനിശ്ചിതത്വം തുടരുമെന്നാണു വിലയിരുത്തൽ.
അതേസമയം, ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ദക്ഷിണ ഇസ്രയേലിലെ ജനവാസകേന്ദ്രങ്ങളിൽ പതിച്ചു. ഇസ്രയേലിന്റെ പ്രധാന ആണവഗവേഷണ കേന്ദ്രത്തിനു സമീപമുണ്ടായ ആക്രമണത്തിൽ 160ലേറെ പേർക്കു പരിക്കേറ്റതായാണ് റിപ്പോർട്ട്.
നാലാം വാരത്തിലേക്കു കടക്കുന്ന യുദ്ധത്തിൽ ഇറാനിൽ 1,500-ലധികം പേരും ലെബനനിൽ ആയിരത്തോളം പേരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. യുഎസ് സൈനികരും ഇസ്രയേൽ പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്തിട്ടുണ്ട്.
Tags : WAR IRAN OIL CRISIS energy crisis IEA us ISRAEL TRUMP