പാലാ: അന്നനാളത്തില്‍ ഗുരുതര കാന്‍സര്‍ ബാധിച്ച 75കാരൻ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സുഖം പ്രാപിച്ചു. കോട്ടയം സ്വദേശിയായ 75കാരനാണ് നെഞ്ചിലെ കീഹോള്‍ ശസ്ത്രക്രിയയായ തൊറോക്കോസ്കോപ്പിക് ഈസോഫാജക്ടമി വഴി ജീവിതത്തിലേക്കു തിരിച്ചെത്തിയത്.
സര്‍ജിക്കല്‍ ഗാസ്ട്രോഎന്ററോളജി വിഭാഗം മേധാവി ഡോ.കെ.പി. മഞ്ജുരാജിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ആഹാരം കഴിക്കാന്‍ പതിവായി ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്നാണ് രോഗി മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ചികിത്സ തേടിയിരുന്നത്. തുടര്‍ന്ന് നടത്തിയ എന്‍ഡോസ്കോപ്പി പരിശോധനയിലാണ് അന്നനാളത്തില്കാന്സര് ബാധിച്ചതായി കണ്ടെത്തിയത്.
സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ മാത്രമേ രോഗം ഭേദമാക്കാന്‍ സാധിക്കൂ എന്നതിനാല്‍ അന്നനാളത്തിലെ കാന്‍സര്‍ ചുരുക്കാനുള്ള കീമോതെറാപ്പി ചികിത്സ ആദ്യം തുടങ്ങി. ഇത്തരത്തില്‍ നാല് കീമോതെറാപ്പികളിലൂടെ അന്നനാളത്തിലെ കാന്‍സര്‍ ചുരുക്കാന്‍ സാധിച്ചു.
സാധാരണ അന്നനാളത്തിലെ കാന്‍സര്‍ ശസ്ത്രക്രിയകള്‍ നെഞ്ച് ഭാഗം തുറന്നു വലിയ മുറിവോടെയാണ് ചെയ്യാറുള്ളത്. രോഗിയുടെ പ്രായവും മറ്റ് ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് കീഹോള്‍ ശസ്ത്രക്രിയയായ തൊറോക്കോസ്കോപ്പിക് ഈസോഫാജക്ടമി ശസ്ത്രകിയ തീരുമാനിക്കുകയായിരുന്നു.
നെഞ്ച് തുറന്ന് വലിയ മുറിവ് വേണ്ട എന്നതും ശസ്ത്രക്രിയയ്ക്ക് സമയം വേണ്ട എന്നതും ഈ ശസ്ത്രക്രിയയുടെ നേട്ടമാണ്. കൂടാതെ അതിജീവനം വേഗത്തിലാക്കാനും കാന്‍സര്‍ പൂര്‍ണമായും എടുത്തുമാറ്റാനും കീഹോള്‍ സര്‍ജറിയിലൂടെ സാധിക്കും.
സര്‍ജിക്കല്‍ ഗാസ്ട്രോഎന്ററോളജി വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ.എ.ജി. ഹരിശങ്കര്‍, ഡോ. കിരണ്‍നാഥ് എ.എന്‍, അനസ്തേഷ്യോളജി വിഭാഗം മേധാവി ഡോ.മഞ്ജിത്ത് ജോര്‍ജ്, കണ്‍സള്‍ട്ടന്റ് ഡോ. ജെയിംസ് സിറിയക് എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി.
Tags : esophageal cancer Mar Sliwa Medicity