ചാക്കിൽനിന്ന് കണ്ടെത്തിയ പെരുമ്പാമ്പ്
കോഴിക്കോട്: ഹരിതകർമസേന ശേഖരിച്ച മാലിന്യത്തിനൊപ്പം ജീവനുള്ള പെരുമ്പാമ്പിനെയും കെട്ടിപ്പൂട്ടി വെച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി നഗരസഭയിലെ ഇരുപതാം വാർഡിലാണ് സംഭവം. മാലിന്യച്ചാക്കിന്റെ കെട്ടഴിക്കുന്നതിനിടെയാണ് പാമ്പ് പുറത്തേക്ക് ചാടിയത്.
കഴിഞ്ഞ ശനിയാഴ്ച വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച് അട്ടിവെച്ചിരുന്ന മാലിന്യങ്ങൾക്കിടയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഒരു ചാക്കിലിട്ട് കമ്പികൊണ്ട് മുറുക്കി കെട്ടിയ ശേഷം, വീണ്ടും മറ്റൊരു ചാക്കിലാക്കിയാണ് പാമ്പിനെ മാലിന്യക്കവറുകൾക്കൊപ്പം ഉപേക്ഷിച്ചിരുന്നത്. ഇത് ശ്രദ്ധയിൽപ്പെടാതെ ഹരിതകർമസേനാംഗങ്ങൾ ബിന്നിലേക്ക് മാറ്റുകയായിരുന്നു.
തുടർന്ന് ചാക്ക് അഴിച്ചു പരിശോധിച്ചപ്പോഴാണ് പാമ്പ് പുറത്തേക്ക് ചാടിയത്. "നാട്ടുകാർ എന്തിനാണ് ഞങ്ങളോട് ഇത്രയും വലിയ ദ്രോഹം ചെയ്യുന്നത്?" എന്ന് കടുത്ത നിരാശയോടെ ഹരിതകർമസേനാംഗങ്ങൾ ചോദിക്കുന്നു.
സംഭവത്തിൽ കൊയിലാണ്ടി നഗരസഭാ സെക്രട്ടറിക്ക് സേനാംഗങ്ങൾ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ഹരിതകർമസേനാംഗങ്ങളുടെ ജീവന് പോലും ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിച്ചവർക്കെതിരെ അന്വേഷണം നടത്തി കർശന നടപടിയെടുക്കാനാണ് നഗരസഭ അധികൃതരുടെ തീരുമാനം.
Tags : Haritha Karma Sena python