തലശേരി: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ദിവസം കണ്ണൂർ ടൗൺ പോലീസ് സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ട് തലശേരി അഡിഷണൽ ജില്ല സെഷൻസ് കോടതി (രണ്ട്) ജഡ്ജി എം. തുഷാർ ഇന്നലെ പരിഗണിച്ചു. കേസ് 27 ലേക്കു മാറ്റി.
തുടരന്വേഷണ റിപ്പോർട്ടിൽ പുതുതായി 13 സാക്ഷികളെ അന്വേഷണ സംഘം ഉൾപ്പെടുത്തിയിട്ടുണ്ട്.
അഴിമതിയാരോപണം ഉന്നയിച്ച പ്രശാന്തന്റെ ബാങ്ക് ഇടപാടുകൾ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധിച്ചിരുന്നു. കൊയ്യം സർവീസ് സഹകരണ ബാങ്കിൽ സ്വർണം പണയം വച്ചതുമായി ബന്ധപ്പെട്ട രേഖകളും റിപ്പോർട്ടിനൊപ്പം ഉണ്ട് . നവീൻ ബാബുവിന്റെ ക്വാർട്ടേഴ്സിനു സമീപത്തെ സിസി ടിവി ദൃശ്യങ്ങളുടെ പൂർണരൂപവും ഹാജരാക്കിയിരുന്നു.
കേസിൽ ഒന്നാം പ്രതിയായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ 2024 ജനുവരി മുതൽ നവംബർ വരെയുള്ള ഫോൺ വിവരങ്ങൾ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ മാർച്ച് മുതൽ നവംബർ വരെയുള്ള ഫോൺ വിവരങ്ങൾ മാത്രമാണുണ്ടായിരുന്നത്.
ഇതേപ്പറ്റി ആരാഞ്ഞപ്പോൾ, രണ്ടു വർഷം പിറകിലുള്ള ഫോൺ കോൾ വിശദാംശങ്ങൾ മാത്രമേ ലഭ്യമാകൂ എന്നുള്ള ബിഎസ്എൻഎലിന്റെയും ട്രായിയുടേയും രേഖാമൂലമുള്ള മറുപടി ഹാജരാക്കി പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത് കുമാർ വിശദീകരണം നൽകി. ഇതോടെയാണ് കേസ് നടപടികൾ ഈ മാസം 27ലേക്ക് മാറ്റിയത്.
പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.അജിത് കുമാറും പ്രതിഭാഗത്തിനായി അഡ്വ. കെ. വിശ്വനും നവീൻ ബാബുവിന്റെ കുടുംബത്തിനായി അഡ്വ. സജിതയുമാണ് ഹാജരായത്.
Tags : ADM Naveen Babu Court investigation report