പത്തനംതിട്ട: അടൂരിൽ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് എൽഡിഎഫ് സ്ഥാനാർഥി പ്രിജി കണ്ണൻ. മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു പ്രിജി.
പേര് മാറ്റ വിവാദം അനാവശ്യമാണ്. പ്രണയിച്ച് വിവാഹം കഴിച്ചതാണ്. അതുകൊണ്ടാണ് ഭർത്താവിന്റെ ഒപ്പം ചേർത്തതെന്നും പ്രിജി പറഞ്ഞു.
അതേസമയം, അടൂരിലെ സ്ഥാനാർത്ഥി നിർണയത്തിൽ സിപിഐയിൽ തർക്കമില്ലെന്ന് സിറ്റിംഗ് എംഎൽഎ ചിറ്റയം ഗോപകുമാർ വ്യക്തമാക്കി. പേര് മാറ്റ വിവാദം പരാജയഭീതിയിലാണെന്ന് പറഞ്ഞ അദ്ദേഹം ഭാര്യയ്ക്ക് ഭർത്താവിന്റെ പേര് സ്വീകരിക്കാൻ അവകാശമില്ലേ എന്നും ചോദിച്ചു.
തുടർച്ചയായി മൂന്ന് തവണ വിജയിച്ചവർ മാറിനിൽക്കണമെന്ന പാർട്ടി തീരുമാനം കർശനമാക്കിയതോടെയാണ് അടൂർ മണ്ഡലത്തിൽ ചിറ്റയം ഗോപകുമാറിന് പകരം കൊല്ലം മുൻ ജില്ലാ പഞ്ചായത്ത് അംഗം പ്രിജി കണ്ണനെ മത്സരിപ്പിക്കാൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചത്.
ചിറ്റയത്തെ വീണ്ടും മത്സരിപ്പിക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ ശിപാർശ പാർട്ടി സംസ്ഥാന നേതൃത്വം തള്ളുകയായിരുന്നു. പാർട്ടി തീരുമാനം വന്നതിന് പിന്നാലെ അടൂർ മണ്ഡലത്തിൽ പ്രിജി കണ്ണനായി ചുവരെഴുത്തുകൾ ആരംഭിച്ചു കഴിഞ്ഞു.
പ്രിജി കണ്ണന്റെ പേരുമാറ്റത്തെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പ്രിജി ശശിധരൻ എങ്ങനെ പ്രിജി കണ്ണൻ ആയെന്നായിരുന്നു ചോദ്യം. സ്ഥാനാർഥി ഫേസ്ബുക്ക് ഐഡി പേര് മാറ്റിയെന്നാണ് വിമർശനം. അന്തരിച്ച കോൺഗ്രസ് നേതാവ് എം.ജി. കണ്ണന്റെ പേരിലെ വൈകാരികത ദുരുപയോഗം ചെയ്യാനാണ് ശ്രമമമെന്നായിരുന്നു കോൺഗ്രസ് ആക്ഷേപം.
Tags : adoor cpi cadidate priji kannan campaign assembly election kerala