കൊച്ചി: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോതമംഗലത്ത് വയോധിക മരിച്ചു. നെല്ലിക്കുഴി പഞ്ചായത്തിൽ താമസിക്കുന്ന 73 വയസുകാരിയാണ് മരിച്ചത്. ആശുപത്രി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് രോഗം സ്ഥിരീകരിച്ചു.
ഈ മാസം ആറിനാണ് വയോധികയിൽ രോഗലക്ഷണം കണ്ടുതുടങ്ങിയത്. എട്ടിന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചു. അന്നു തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രോഗാവസ്ഥയിൽ കാര്യമായ വ്യത്യാസം കാണാതെ വന്നപ്പോൾ മൂന്നുദിവസം കഴിഞ്ഞ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇവിടെയാണ് മരിച്ചത്.
തൊഴിലുറപ്പ് തൊഴിലാളി കൂടിയായ വയോധിക കൃഷിയിടങ്ങളിലെ പണിക്കും പോകാറുണ്ടായിരുന്നു. ഇവർക്കൊപ്പം തൊഴിലുറപ്പ് പണിക്കുപോകുന്ന 20-ഓളം പേരെ പരിശോധിച്ചതിൽ ആർക്കും രോഗലക്ഷണമില്ല.
മരിച്ചയാളുടെ വീടിനുസമീപത്തെ 80-ഓളം വീടുകൾ സന്ദർശിച്ച് ആരോഗ്യവകുപ്പ് അധികൃതർ വിവരം ശേഖരിച്ചിരുന്നു. കിണറുകളിൽ സൂപ്പർ ക്ലോറിനേഷനും നടത്തി. ചെറുവട്ടൂർ കുടുംബക്ഷേമ കേന്ദ്രത്തിൽ ചൊവ്വാഴ്ച അവലോകനയോഗം ചേർന്ന് രോഗപ്രതിരോധ നടപടി ഊർജിതമാക്കാൻ തീരുമാനിച്ചു.
രോഗപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ബോധവത്കരണ പരിപാടി ബുധനാഴ്ച രാവിലെ 11.30-ന് ആയക്കാടുള്ള തൃക്കാരിയൂർ ആരോഗ്യ ഉപകേന്ദ്രത്തിൽ നടത്തുവാനും തീരുമാനിച്ചു.
Tags : amoebic meningoencephalitis death kothamangalam hospital treatment