Kerala
കൊച്ചി: കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കോതമംഗലം പൊങ്ങൻചുവട് ഉന്നതിയിലെ പുഷ്പാകരൻ വെള്ളക്കയ്യൻ ആണ് മരിച്ചത്.
വനവിഭവങ്ങൾ ശേഖരിക്കാനായി കാട്ടിൽ പോയപ്പോഴാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
കൊച്ചി: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോതമംഗലത്ത് വയോധിക മരിച്ചു. നെല്ലിക്കുഴി പഞ്ചായത്തിൽ താമസിക്കുന്ന 73 വയസുകാരിയാണ് മരിച്ചത്. ആശുപത്രി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് രോഗം സ്ഥിരീകരിച്ചു.
ഈ മാസം ആറിനാണ് വയോധികയിൽ രോഗലക്ഷണം കണ്ടുതുടങ്ങിയത്. എട്ടിന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചു. അന്നു തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രോഗാവസ്ഥയിൽ കാര്യമായ വ്യത്യാസം കാണാതെ വന്നപ്പോൾ മൂന്നുദിവസം കഴിഞ്ഞ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇവിടെയാണ് മരിച്ചത്.
തൊഴിലുറപ്പ് തൊഴിലാളി കൂടിയായ വയോധിക കൃഷിയിടങ്ങളിലെ പണിക്കും പോകാറുണ്ടായിരുന്നു. ഇവർക്കൊപ്പം തൊഴിലുറപ്പ് പണിക്കുപോകുന്ന 20-ഓളം പേരെ പരിശോധിച്ചതിൽ ആർക്കും രോഗലക്ഷണമില്ല.
മരിച്ചയാളുടെ വീടിനുസമീപത്തെ 80-ഓളം വീടുകൾ സന്ദർശിച്ച് ആരോഗ്യവകുപ്പ് അധികൃതർ വിവരം ശേഖരിച്ചിരുന്നു. കിണറുകളിൽ സൂപ്പർ ക്ലോറിനേഷനും നടത്തി. ചെറുവട്ടൂർ കുടുംബക്ഷേമ കേന്ദ്രത്തിൽ ചൊവ്വാഴ്ച അവലോകനയോഗം ചേർന്ന് രോഗപ്രതിരോധ നടപടി ഊർജിതമാക്കാൻ തീരുമാനിച്ചു.
രോഗപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ബോധവത്കരണ പരിപാടി ബുധനാഴ്ച രാവിലെ 11.30-ന് ആയക്കാടുള്ള തൃക്കാരിയൂർ ആരോഗ്യ ഉപകേന്ദ്രത്തിൽ നടത്തുവാനും തീരുമാനിച്ചു.
Kerala
കൊച്ചി: കോതമംഗലത്ത് വി.ഡി. സതീശന് അനുകൂല പ്രകടനത്തിനിടെ കെ.സി. വേണുഗോപാലിന്റെ ഫ്ളെക്സ് നശിപ്പിച്ചു. 200 ഓളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം പിഒ ജംഗ്ഷനില്‍ എത്തിയപ്പോഴാണ് കെസിക്കായി വച്ച ഫ്ളെക്സ് നശിപ്പിച്ചത്. ഇന്നു രാവിലെ പത്തോടെയാണ് വി.ഡി. സതീശന് അനുകൂലമായി പ്രകടനം നടന്നത്.
പിഒ ജംഗ്ഷനില്‍ വിഡിയുടെ കെസിയുടെയും ഫ്ളെക്സ് അടുത്തടുത്തായാണ് വച്ചിരുന്നത്. ചില പ്രവര്‍ത്തകര്‍ കെസിയുടെ ഫ്ളെക്സ് വലിച്ചു കീറി നശിപ്പിക്കുകയായിരുന്നു. വലിച്ചു കീറിയ ഫ്ളെക്സിന്റെ പകുതി ഭാഗം റോഡില്‍ ഉപേക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കളമശേരിയിലും ഒരു സംഘം കെസിയുടെ ബാനര്‍ കീറിയിരുന്നു.
ബ്ലേഡ് കൊണ്ട് മുഖം കീറിയ നിലയിലായിരുന്നുഫ്ളെക്സ്. എന്നാല്‍, ഇതിനു പിന്നില്‍ ആരെന്നു വ്യക്തമായിട്ടില്ല. യുഡിഎഫിന്റെ ചരിത്ര വിജയത്തിന്റെ ശോഭ കെടുത്തുന്ന പ്രകടനങ്ങള്‍ പാടില്ലെന്ന് ഇന്നലെ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റില്‍ വി.ഡി. സതീശൻ പറഞ്ഞിരുന്നു.
ഇതിനിടെ, പലേടത്തും ന്നു നേതാക്കളുടെയും ഫ്ളെക്സുകളും ബാനറുകളും ഉയര്‍ത്തുകയും മറ്റു ഗ്രൂപ്പിന്റെ അണികള്‍ അതു നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, കേരളത്തില്‍ മുഖ്യമന്ത്രി ആരെന്നു തീരുമാനിക്കാന്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കുകയാണ്. ഇന്നു വൈകുന്നേരത്തോടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Kerala
കൊച്ചി: കോതമംഗലത്ത് ലഭിക്കുന്ന വിജയം ഐക്യ ജനാധിപത്യ മുന്നണിക്കും കോതമംഗലത്തെ ജനങ്ങള്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറം. 3701 വോട്ടുകള്‍ക്കാണ് ഷിബു തെക്കുംപുറം ലീഡ് ചെയ്യുന്നത്.
ജനങ്ങളെ ചേര്‍ത്തു നിര്‍ത്തിയ വലിയ പ്രവര്‍ത്തനങ്ങള്‍, എല്ലാ കാര്യങ്ങളിലും ഇടപെട്ട് മുന്നോട്ടു പോകാന്‍ കഴിഞ്ഞ വലിയ നേട്ടമാണ് തെരഞ്ഞെടുപ്പിലെ ഫലം. ഈ വിജയം ഐക്യ ജനാധിപത്യ മുന്നണിക്കും കോതമംഗലത്തെ ജനങ്ങള്‍ക്കും സമര്‍പ്പിക്കുന്നു. ചരിത്ര ഭൂരിപക്ഷം കോതമംഗലത്തു നിന്നും കിട്ടും. യുഡിഎഫിന്റെ വലിയൊരു മുന്നേറ്റമാണ് കേരളത്തില്‍ ഉടനീളം കാണാന്‍ കഴിയുന്നത്.
100 സീറ്റുകള്‍ക്ക് മുന്നില്‍ യുഡിഎഫ് മുന്നിലെത്തും. ഞങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചാണ് ഓരോ പഞ്ചായത്തും എണ്ണുമ്പോള്‍ ലീഡ് ലഭിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ഐക്യജനാധിപത്യ മുന്നണി കോതമംഗലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഉജ്ജ്വല വിജയത്തിലേക്ക് എത്തിച്ചിരിക്കുന്നത് എന്ന് ഷിബു തെക്കുംപുറം മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം, ഷിബുവിന്റെ അതേ പേരില്‍ രണ്ടു വിതമ സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നെങ്കിലും വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ അദ്ദേഹം ലീഡ് ഉയര്‍ത്തുകയായിരുന്നു. ആന്റണി ജോണ്‍ ആണ് കോതമംഗലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. അജി നാരായണ്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
Kerala
കോതമംഗലം: കോതമംഗലം രൂപതയിലെ കുടുംബങ്ങളുടെ കുലീനതയാണ് ഈ രൂപതയിലെ ദൈവവിളികളുടെ സമ്പന്നതയെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
കോതമംഗലം രൂപതാദിനാഘോഷവും മാർ ജോർജ് പുന്നക്കോട്ടിലിന്റെ നവതിയും എപ്പിസ്കോപ്പൽ ഗോൾഡൻ ജൂബിലി ആരംഭവും മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെയും രൂപതയുടെയും സപ്തി ആഘോഷത്തോടുമനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ തട്ടിൽ. മികച്ച സാമൂഹ്യപ്രവർത്തനം നടത്തുന്ന രൂപതയാണ് കോതമംഗലം. മിഷനറി ദൈവവിളികളെ ഇനിയും കൂടുതൽ നൽകുവാൻ കോതമംഗലം രൂപത തയാറാകണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
കോതമംഗലം രൂപതയിലും ഇടുക്കി രൂപതയിലും നിറഞ്ഞുനിന്ന് പ്രവർത്തിച്ച ഇടയശ്രേഷ്ഠനാണു മാർ ജോർജ് പുന്നക്കോട്ടിൽ. ഒരിക്കലും അലസനായിരിക്കാതെ അശ്രാന്ത പരിശ്രമം നടത്തുന്ന വ്യക്തിത്വമാണ് മാർ പുന്നക്കോട്ടിലിന്റേത്. ലാളിത്യവും നിലപാടുകളുമുള്ള ഇടയശ്രേഷ്നാണ് ഇപ്പോഴത്തെ ഇടയൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലെന്നും മാർ തട്ടിൽ പറഞ്ഞു. ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി ജർമനിയിൽ മെത്രാനായി എന്നതു കോതമംഗലം രൂപതാംഗമായ മാർ ജോഷി പൊട്ടക്കലിലൂടെ അന്വർഥമായത് ഏറെ അഭിമാനമാണെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തി. നവതി ആഘോഷിക്കുന്ന മാർ ജോർജ് പുന്നക്കോട്ടിൽ, സപ്തതി ആഘോഷിക്കുന്ന മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ജർമനിയിലെ മയിൻസ് രൂപത സഹായമെത്രാൻ മാർ ജോഷി പൊട്ടക്കൽ എന്നിവരെ പൊന്നാടയണിയിച്ച് ഉപഹാരം നൽകി കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആദരിച്ചു.
70 വർഷക്കാലം പൗരോഹിത്യ ശുശ്രൂഷ ചെയ്ത ഫാ. ജോർജ് ഓലിയപ്പുറം സീനിയർ, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ പഠന സെക്രട്ടറിയായി സേവനം ചെയ്ത വാഴക്കാല ഇടവകാംഗം ജസ്റ്റീസ് സി.വി. ഫ്രാൻസിസ്, ആതുരശുശ്രൂഷാ മേഖലയിലും കുടുംബ പ്രേഷിതത്വത്തിലും തന്റെ അധ്വാനത്തിന്റെ പാദമുദ്ര പതിപ്പിച്ച എസ്ഡി സന്യാസ സൂഹത്തിലെ സിസ്റ്റർ ഫൗസ്റ്റിൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ചടങ്ങിൽ യാക്കോബായ സഭ കോതമംഗലം മേഖല മെത്രാൻ ഏലിയാസ് മാർ ജൂലിയോസ്, കോതമംഗലം രൂപതയിൽനിന്നുള്ള ബിഷപ്പുമാരായ മാർ തോമസ് പുല്ലോപ്പിള്ളി, മാർ ചാക്കോ തോട്ടുമാരിക്കൽ, മാർ ജോസഫ് കൊടകല്ലിൽ, മാർ ബെന്നി ഇടത്തട്ടേൽ, സിഎംഐ കാർമൽ പ്രോവിൻസ് പ്രൊവിൻഷ്യൽ ഫാ. ജോബി കൊച്ചുമുട്ടം, ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്, പി.ജെ. ജോസഫ് എംഎൽഎ , എംപിമാരായ ഫ്രാൻസിസ് ജോർജ്, ഡീൻ കുര്യാക്കോസ്, എംഎസ്ജെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ അഭയ, പാസ്റ്ററൽ കൗൺസിൽ ജോയിന്റ് സെക്രട്ടറി ജിബിൻ ജോസ് എന്നിവർ പ്രസംഗിച്ചു.
മാർ ജോർജ് പുന്നക്കോട്ടിൽ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജോഷി പൊട്ടക്കൽ എന്നിവർ മറുപടി പ്രസംഗം നടത്തി.രൂപത വികാരി ജനറാൾമാരായ മോൺ. പയസ് മലേക്കണ്ടത്തിൽ സ്വാഗതവും മോൺ. വിൻസന്റ് നെടുങ്ങാട്ട് നന്ദിയും പറഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി മാർ ജോർജ് പുന്നക്കോട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലിയർപ്പിച്ചു. ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ വചനസന്ദേശം നൽകി.
Kerala
കോതമംഗലം: ഏഴു പതിറ്റാണ്ടിന്റെ നിറവിലെത്തിയ കോതമംഗലം രൂപതയുടെ ശുശ്രൂഷാ പൈതൃകത്തിന് ഇന്ന് കൃതജ്ഞതയുടെ സുദിനം. രൂപതയുടെ 70-ാം വാർഷികവും രൂപതാ ദിനവും 36 വർഷം രൂപതയെ നയിച്ച മാർ ജോർജ് പുന്നക്കോട്ടിലിന്റെ തൊണ്ണൂറാം ജന്മദിനവും ഇന്ന് ആഘോഷിക്കും.
ജർമനിയിലെ മയിൻസ് രൂപത മെത്രാനായി അഭിഷിക്തനായ കോതമംഗലം രൂപതയിലെ മീങ്കുന്നം ഇടവകാംഗം ബിഷപ് ഡോ. ജോഷി പൊട്ടയ്ക്കലിനു സ്വീകരണവും ഇതോടൊപ്പം നടക്കും.
കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ ഉച്ചകഴിഞ്ഞ് 2.30 ന് രൂപതയിൽനിന്നുള്ള ഒന്‍പത് മെത്രാന്മാർക്ക് സ്വീകരണത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് മാർ ജോർജ് പുന്നക്കോട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലി. ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലും വിവിധ മെത്രാന്മാരും കോതമംഗലം, ഇടുക്കി രൂപതകളിലെ വൈദികരും സഹകാർമികരാകും. ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ വചനസന്ദേശം നൽകും.
തുടർന്ന് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും.
മാർ പുന്നക്കോട്ടിലിന്റെ നവതിയും എപ്പിസ്കോപ്പൽ ഗോൾഡൻ ജൂബിലിയും മാർ മഠത്തിക്കണ്ടത്തിലിന്റെ സപ്തതിയും സമ്മേളനത്തിൽ ആഘോഷിക്കും. ബിഷപ് ഡോ. ജോഷി പൊട്ടയ്ക്കലിന് ചടങ്ങിൽ സ്വീകരണം നൽകും.
ബിഷപ്പുമാരായ മാർ ചാക്കോ തോട്ടുമാരിക്കൽ, മാർ ജോസഫ് കൊടകല്ലിൽ, മാർ ബെന്നി വർഗീസ് എടത്തട്ടേൽ, മാർ തോമസ് പുല്ലോപ്പിള്ളിൽ എന്നിവർ പങ്കെടുക്കും. എംപിമാരായ ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ പി.ജെ. ജോസഫ്, മാത്യു കുഴൽനാടൻ, ആന്റണി ജോൺ എന്നിവർ പ്രസംഗിക്കും.
Business
കൊച്ചി: ചാവറ മാട്രിമണിയുടെ നവീകരിച്ച കോതമംഗലം, കട്ടപ്പന ബ്രാഞ്ചുകൾ ഉദ്ഘാടനം ചെയ്തു.
കോതമംഗലം ബ്രാഞ്ചിന്റെ ഉദ്ഘാടനം കോതമംഗലം രൂപത വികാരി ജനറാൾ മോൺ. വിൻസെന്റ് നെടുങ്ങാട്ട് നിർവഹിച്ചു. സെന്റ് ജോർജ് കത്തീഡ്രൽ പള്ളി സഹവികാരി ഫാ. മാത്യു എടാട്ട് വെഞ്ചരിപ്പുകർമ്മം നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു മുഖ്യാതിഥിയായിരുന്നു.
കട്ടപ്പന ബ്രാഞ്ച് നഗരസഭ ചെയർപേഴ്സൺ ജോയ് വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം പുറയാറ്റ് വെഞ്ചരിപ്പുകർമ്മം നിർവഹിച്ചു.
ഉദ്ഘാടനച്ചടങ്ങുകളിൽ ചാവറ മാട്രിമണി ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി. ഏബ്രഹാം, ജനറൽ മാനേജർ ജോസഫ് മാത്യു തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.
Kerala
കോതമംഗലം: ഇടിമിന്നലിൽ പള്ളിയുടെ മുകൾഭാഗം അടർന്നുവീണു. കോതമംഗലത്ത് ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിൽ കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിന്റെ മുകൾഭാഗമാണ് അടർന്നുവീണത്.
പള്ളിയിലെ മിന്നൽ രക്ഷാചാലകത്തോട് ചേർന്നുള്ള കെട്ടിടത്തിന്റെ ഒരു ചെറിയ ഭാഗമാണ് തകർന്ന് താഴേക്ക് പതിച്ചത്. കെട്ടിടത്തിന്റെ ഭാഗങ്ങൾ പള്ളി അങ്കണത്തിൽ വീണ് ചെറിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
Kerala
കൊച്ചി: കോതമംഗലം കോട്ടപ്പടിക്ക് സമീപം പാടശേഖരത്തിൽ ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. രണ്ടാഴ്ചയിലേറെ പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്.
കോട്ടപ്പടി പഞ്ചായത്തിലെ പുത്തൻകുളം പാടശേഖരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പാടത്ത് പുലരിയാൻ പോയവർ ദുർഗന്ധം വന്നതിന് തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കാണുകയായിരുന്നു.
സമീപപ്രദേശമായ വേങ്ങൂരിൽ നിന്ന് രണ്ടാഴ്ച മുമ്പ് തെങ്ങ് കയറ്റ തൊഴിലാളിയായ യുവാവിനെ കാണാതായിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്.
മൃതദേഹത്തിനു സമീപത്തുനിന്ന് വാക്കത്തിയും തേങ്ങകളും കണ്ടു. ഫോറൻസിക് സംഘം എത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിനുശേഷം കൂടുതൽ വ്യക്തത വരും എന്നാണ് പോലീസിന്റെ നിഗമനം.
Kerala
കോതമംഗലം: സ്നേഹഗിരി മിഷനറി സന്യാസിനീ സമൂഹത്തിന്റെ കോതമംഗലം സെന്റ് മേരീസ് പ്രോവിന്സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ സെലിന് റോസ് തെരെഞ്ഞെടുക്കപ്പെട്ടു.
പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലേഴ്സായി സിസ്റ്റര്‍ മെല്‍വി ടോം, സിസ്റ്റര്‍ ജോളി, സിസ്റ്റര്‍ മരിയ ജോസ്, സിസ്റ്റര്‍ ജോസി എന്നിവരും പ്രൊവിന്‍ഷ്യല്‍ സെക്രട്ടറിയായി സിസ്റ്റര്‍ ഇവാന, പ്രൊവിന്‍ഷ്യല്‍ ബര്‍സാര്‍ ആയി സിസ്റ്റര്‍ ലിജിന്‍ മരിയ എന്നിവരും തെരെഞ്ഞെടുക്കപ്പെട്ടു.
ഊന്നുകല്‍ സെന്റ് മേരീസ് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ മദര്‍ ജനറല്‍ സിസ്റ്റര്‍ ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസംഘമാണ് തെരെഞ്ഞെടുപ്പു നടത്തിയത്.
Kerala
കോതമംഗലം: ആലുവ-മൂന്നാർ രാജപാത തുറന്നുനൽകണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലും കോതമംഗലം നഗരസഭയും കീരംപാറ, കുട്ടമ്പുഴ, മാങ്കുളം പഞ്ചായത്തുകളും ചേർന്നു നടത്തിയ പ്രതിഷേധമാർച്ച് കോതമംഗലത്തെ ജനസാഗരമാക്കി. ചെറിയപള്ളി താഴത്തുനിന്ന് പിഡബ്ല്യുഡി ഓഫീസിനു മുന്നിലേക്ക് നടത്തിയ പ്രതിഷേധമാർച്ച് ഫാ.ഡോ. തോമസ് ജെ. പറയിടം ഉദ്ഘാടനം ചെയ്തു.
രാവിലെ പെയ്ത ചാറ്റൽമഴ വകവയ്ക്കാതെയാണു സ്ത്രീകളടക്കമുള്ളവർ മാർച്ചിൽ അണിനിരന്നത്. കോതമംഗലം നഗരസഭ, കീരംപാറ, കുട്ടമ്പുഴ, മാങ്കുളം പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ആക്ഷൻ കൗൺസിൽ ഭാരവാഹികളും വൈദികരും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ബാനറിനു കീഴിൽ മുൻനിരയിൽ അണിനിരന്നു. നേതൃനിരയ്ക്കു മുൻനിരയിലായി ആദിവാസി ഉന്നതികളിൽനിന്നുള്ളവർ തങ്ങളുടെ തനത് കലാരൂപമായ ആദിവാസി നൃത്തച്ചുവടുകളും വാദ്യമേളങ്ങളുമായി പങ്കെടുത്തു.
കുട്ടമ്പുഴ, മാങ്കുളം ആദിവാസി ഉന്നതികളിൽനിന്ന് ഉരുമൂപ്പന്മാരുടെയും കാണിക്കാരന്മാരുടെയും നേതൃത്വത്തിലെത്തിയവരും ആവേശത്തോടെ മാർച്ചിൽ പങ്കെടുത്തു. രാജപാത വനംവകുപ്പിന്റേതല്ല തങ്ങളുടേതാണെന്ന് സമരക്കാർ ഒന്നടങ്കം പ്രഖ്യാപിച്ചു. പിഡബ്ലുഡി ഓഫീസിനു മുന്നിൽ നടത്തിയ ധർണ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ എ.കെ. മണി മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോസ് ചിറപ്പറമ്പിൽ, ഫാ. ജോർജ് കൊല്ലംപറമ്പിൽ, കോതമംഗലം മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു , ലീഗൽ അഡ്വൈസർ എ.സി. ദേവസ്യ, ഷാജി പയ്യാനിക്കൽ, യുഡിഎഫ് എറണാകുളം ജില്ലാ കൺവീനർ ഷിബു തെക്കുംപുറം തുടങ്ങിയവർ പ്രസംഗിച്ചു. ഫാ. അഡ്വ. റോബിൻ പടിഞ്ഞാറേക്കുറ്റ്, ആദർശ് പണിക്കർ, പി.എക്സ്. പോൾ, ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര, ബ്ലോക്ക്പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.
കോതമംഗലം: സംസ്ഥാന സർക്കാർ ഇച്ഛാശക്തിയോടെ പഴയ ആലുവ-മൂന്നാർ രാജപാത തുറക്കണമെന്ന് ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ആവശ്യപ്പെട്ടു. കോതമംഗലം പിഡബ്ലുഡി ഓഫീസിനു മുന്നിൽ രാജപാത ജനകീയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധമാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
റവന്യു വകുപ്പിന്റെ അധീനതയിലുള്ള പൊതുമരാമത്ത് റോഡ് വനം വകുപ്പ് അന്യായമായി കൈയേറി കൈവശം വച്ചിരിക്കുന്നത് അനീതിയാണ്. എൻഎച്ച്-85ൽ ഏതെങ്കിലും വിധത്തിൽ തടസം വന്നാൽ ഹൈറേഞ്ച് ഒറ്റപ്പെടും. രാജപാത തുറന്നാൽ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാൻ സാധിക്കും. റോഡ് സഞ്ചാരയോഗ്യമാക്കിയാൽ സംസ്ഥാനത്തിനാകെ ഉപകാരപ്രദമാണ്. അനന്തമായ ടൂറിസം സാധ്യതയ്ക്കാണ് ഇതു വഴിയൊരുക്കുന്നത്. വിവിധ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ജനങ്ങൾക്കും കർഷകർക്കും വിവിധ ഗോത്രവർഗ ഉന്നതികളിൽ താമസിക്കുന്നവർക്കും ഏറെ പ്രയോജനം കിട്ടുന്ന റോഡ് തുറക്കാൻ അടിയന്തരമായി തയാറാകണം. 12 കിലോമീറ്റർ റോഡ് മാത്രമേ രാജപാതയിൽ തടസങ്ങൾ നീക്കി പുനർനിർമിക്കേണ്ടതുള്ളൂ. അതിന് നടപടിയുണ്ടാകണം.
പൊതുമരാമത്ത് വകുപ്പിന്റേതാണു റോഡ് എന്നുള്ളതിന്റെ എല്ലാ രേഖകളും ഉണ്ടായിട്ടും അനധികൃത കൈയേറ്റക്കാരായ വനംവകുപ്പിനെ റോഡിൽനിന്ന് ഇറക്കിവിടാൻ പിഡബ്ല്യുഡി ഡിപ്പാർട്ട്മെന്റിനു ഭയമാണോയെന്നും ബിഷപ് ചോദിച്ചു.
എല്ലാ രാഷ്ട്രീയ കക്ഷികളും രാജപാതയ്ക്ക് അനുകൂലമാണെന്നു പറയുമ്പോൾ വാക്കുകൾക്കപ്പുറത്ത് പ്രവൃത്തികളാണു വേണ്ടത്. ജനങ്ങൾ എത്രമാത്രം രാജപാതയ്ക്കുവേണ്ടി ആഗ്രഹിക്കുന്നു എന്നുള്ളതിന്റെ അടയാളമാണ് ഇവിടെ കൂടിയിരിക്കുന്ന ജനസമൂഹം. രാജപാത തുറക്കുംവരെ സമരരംഗത്തുനിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കൊച്ചി: കോതമംഗലത്ത് കിണറ്റില്‍ വീണ മ്ലാവിനെ സാഹസികമായി രക്ഷിച്ച് ഫയര്‍ ഫോഴ്സ്. കോതമംഗലം നെല്ലിക്കുഴി കനാല്‍ പാലത്തിന് സമീപത്തെ നജീബിന്റെ വീട്ടിലെ കിണറ്റിലാണ് ബുധനാഴ്ച മ്ലാവ് വീണത്.
കിണറിന്റെ ചുറ്റും കെട്ടിയിരുന്ന ഷീറ്റ് കീറിക്കിടക്കുന്നതു കണ്ട് നോക്കിയപ്പോഴാണ് മ്ലാവ് കിണറ്റില്‍ വീണത് കണ്ടത്. കാട് പിടിച്ചു കിടന്നിരുന്ന പറമ്പ് വൃത്തിയാക്കാന്‍ എത്തിയവരാണ് മ്ലാവ് കിണറ്റില്‍ വീണത് ആദ്യം കണ്ടത്.
ഉടനെ വനം വകുപ്പ് അധികൃതരെയും ഫയര്‍ ഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് വടം ഉപയോഗിച്ച് കിണറ്റില്‍ ഇറങ്ങിയാണ് മ്ലാവിനെ വലിച്ചു മുകളിലേക്ക് കയറ്റിയത്. തുടര്‍ന്ന് ഇതിനെ കാട്ടിലേക്ക് തന്നെ പറഞ്ഞുവിട്ടു.
Kerala
കൊച്ചി: ബിജെപി കോതമംഗലം മണ്ഡലം കമ്മിറ്റി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പു കേസില്‍ നടപടിയുമായി ബിജെപി ജില്ലാ നേതൃത്വം.
ആരോപണ വിധേയനായ ടി.എസ്. സുനീഷിന്റെ രാജി നേതൃത്വം എഴുതി വാങ്ങി. അതേസമയം, കോതമംഗലം ഓഫീസിനു മുന്നില്‍ നടന്ന കുത്തിയിരിപ്പു നാടകം പാര്‍ട്ടിയെ മോശമാക്കുന്നതിനു വേണ്ടി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നു ബിജെപി ജില്ലാ പ്രസിഡന്റ് പി.പി. സജീവ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
സൈബർ കേസ് ഒതുക്കി തീര്‍ക്കാമെന്നു പറഞ്ഞ് കോമതംഗലം ബിജെപി മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ ടി.എസ്. സുനീഷും ഉണ്ണികൃഷ്ണന് മാങ്ങോടും 10,58,000 രൂപ തട്ടിയെന്ന് ആരോപിച്ച് ചേലാട് സ്വദേശിയായ ജോര്‍ജും കുടുംബവുമാണ് ബിജെപി ഓഫീസിനു മുന്നില്‍ ഇന്നലെ കുത്തിയിരിപ്പു സമരം നടത്തിയതു വാർത്തകളിൽ നിറഞ്ഞിരുന്നു.
പരാതിക്കു കാരണമായ സാമ്പത്തിക ഇടപാടുകളും വ്യാജ സര്‍ട്ടിഫിക്കറ്റ് നിർമാണവും ബോധ്യമായതോടെ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിനു സമഗ്രമായ പോലീസ് അന്വേഷണം വേണമെന്നു ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം പരാതിക്കാരനെ ബോധിപ്പിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ കക്ഷികളുമായി കൂട്ടുചേര്‍ന്ന നടത്തിയിട്ടുള്ള ഒരു പൊറാട്ട് നാടകം മാത്രമാണ് കുത്തിയിരിപ്പു സമരം. വ്യാജപ്രചരണങ്ങളില്‍ പൊതുജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും വീണുപോകില്ലെന്നു പാര്‍ട്ടിക്ക് ഉത്തമ ബോധ്യമുണ്ടെന്നും ബിജെപി ജില്ലാ ഘടകത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
പ്രസ്താവനയുടെ പൂര്‍ണരൂപം:
ബിജെപി കോതമംഗലം മണ്ഡലം കമ്മിറ്റി ഓഫീസ് മുമ്പാകെ നടത്തിയ കുത്തിയിരുപ്പ് നാടകത്തിന് ഹേതുവായ കാരണത്തെ സംബന്ധിച്ച് ജില്ല ഓഫീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുകയും ലഭിച്ച പരാതിയുടെ നിജസ്ഥിതി മനസിലാക്കുന്നതിന് പാര്‍ട്ടിയുടെ ജില്ല ജനറല്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തുകയും ചെയ്തു.
അവര്‍ നടത്തിയ അന്വേഷണത്തില്‍ രാജ്യത്തിന്റെ സുസ്ഥിരതയെ ബാധിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട നിയമസഹായം ചെയ്യുന്നതിനു വേണ്ടി സംസ്ഥാനത്തിന് അകത്തും പുറത്തുമായിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുമായും അഭിഭാഷകരുമായി പണ ഇടപാടുകള്‍ നടത്തിയിട്ടുള്ളതായി ബോധ്യപ്പെടുകയും കൂടാതെ പരാതിക്കാരന്റെ ആവശ്യത്തിനു വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ നിര്‍മാണം നടത്തിയിട്ടുള്ളതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കേസ് പോലീസ് അന്വേഷിച്ചാല്‍ മാത്രമേ നിജസ്ഥിതി ബോധ്യമാവുകയുള്ളൂ എന്നു ജനറല്‍ സെക്രട്ടറിമാര്‍ പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുള്ളതാണ്.
ഈ വിവരം പരാതിക്കാരനെ ധരിപ്പിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരന് പോലീസ് അധികാരികള്‍ക്കു മുമ്പാകെ എഴുതി തയാറാക്കിയ പരാതി ബോധിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്.
പാര്‍ട്ടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മണ്ഡലം ചുമതലയില്‍ ഉണ്ടായിരുന്ന ആരോപണ വിധേയനായ ടി.എസ്. സുനീഷിന്റെ പക്കല്‍നിന്ന് മണ്ഡല അധ്യക്ഷ രാജി എഴുതി വാങ്ങിയിട്ടുണ്ട്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിനു സമഗ്രമായ പോലീസ് അന്വേഷണം വേണമെന്നു ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു.
വ്യക്തിപരമായി തല്പരകക്ഷികള് നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ ചില രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി പാര്‍ട്ടി ഓഫീസിനു മുമ്പില്‍ നടത്തിയ കുത്തിയിരിപ്പ് നാടകം പാര്‍ട്ടിയെ ബഹുജന മധ്യത്തില്‍ മോശമാക്കുന്നതിന് പരാതിക്കാര്‍ ചില ദേശവിരുദ്ധശക്തികളും അവര്‍ക്ക് ഒത്താശ ചെയ്യുന്ന രാഷ്ട്രീയ കക്ഷികളുമായി കൂട്ടുചേര്‍ന്ന നടത്തിയിട്ടുള്ള ഒരു പൊറാട്ട് നാടകം മാത്രമാണെന്ന് ശരിയായ ഒരു പോലീസ് അന്വേഷണത്തില്‍ വെളിവാകും. ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളില്‍ പൊതുജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും വീണുപോകില്ലെന്നു പാര്‍ട്ടിക്ക് ഉത്തമ ബോധ്യമുണ്ട്.
Kerala
കോതമംഗലം: ധന്യാത്മാവിന്റെ സ്മരണകൾ അലയടിച്ച സായാഹ്നത്തിൽ കൃതജ്ഞതയോടെ കോതമംഗലം രൂപതയും എംഎസ്ജെ സന്യാസിനീ സഭയും പൊതുസമൂഹവും. എംഎസ്ജെ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകപിതാവ് ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചനെ ധന്യൻപദവിയിലേക്ക് ഉയർത്തിയതിന്റെ കോതമംഗലം രൂപതാതല ആഘോഷങ്ങളുടെ ഭാഗമായി നടന്ന കൃതജ്ഞതാബലി ഭക്തിസാന്ദ്രമായിരുന്നു.
കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ നടന്ന കൃതജ്ഞതാബലിയിൽ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ മുഖ്യകാർമികത്വം വഹിച്ചു. മുൻ ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ, ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ, വികാരി ജനറാൾമാരായ മോൺ. പയസ് മലേക്കണ്ടത്തിൽ, മോൺ. വിൻസന്റ് നെടുങ്ങാട്ട് എന്നിവരും വിവിധ രൂപതകളിൽനിന്നും സന്യാസ സഭകളിൽനിന്നുമായി എത്തിയ നൂറോളം വൈദികരും സഹകാർമികരായിരുന്നു.
തുടർന്ന് കത്തീഡ്രലിലെ മാർ മാത്യൂസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. സമുദായ ശക്തീകരണ വർഷം ഉദ്ഘാടനം മാർ ജോർജ് പുന്നക്കോട്ടിൽ നിർവഹിച്ചു.
ഡീൻ കുര്യാക്കോസ് എംപി, ആന്റണി ജോൺ എംഎൽഎ, സിഎംഐ മൂവാറ്റുപുഴ കാർമൽ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ റവ.ഡോ. മാത്യു മഞ്ഞക്കുന്നേൽ, എസ്എബിഎസ് വികാർ പ്രൊവിൻഷ്യൽ സിസ്റ്റർ ഡോ. തെരേസ നടുപ്പടവിൽ, കോതമംഗലം മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, വൈസ് ചെയർമാൻ പ്രിൻസ് വർക്കി, ധന്യന്റെ കുടുംബ പ്രതിനിധി ജോവാക്കിം ജേക്കബ് പഞ്ഞിക്കാരൻ എന്നിവർ പ്രസംഗിച്ചു.
സമുദായ ശക്തീകരണവർഷ പ്രമേയം റവ. ഡോ. ആന്റണി പുത്തൻകുളം അവതരിപ്പിച്ചു. ഭവനരഹിതരായ 17 പേർക്കു വീട് വയ്ക്കുന്നതിനുള്ള സ്ഥലത്തിന്റെ രേഖകൾ എംഎസ്ജെ സെന്റ് ജോസഫ് പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ അഭയ കൈമാറി. മോൺ. പയസ് മലേക്കണ്ടത്തിൽ, എംഎസ്ജെ സുപ്പീരിയർ ജനറൽ മദർ മെറീന എന്നിവർ പ്രസംഗിച്ചു. എംഎസ്ജെ സന്യാസിനിമാർ ആലപിച്ച പ്രാർഥനാഗീതത്തോടെയാണു സമ്മേളനം ആരംഭിച്ചത്. സമാപനത്തിൽ സീറോ മലബാർ ആന്തം ആലപിച്ചു.
രൂപതയ്ക്കകത്തും പുറത്തുംനിന്നുള്ള വൈദികരും വിവിധ കോൺഗ്രിഗേഷനുകളിൽനിന്നുള്ള സന്യാസിനിമാരും ധന്യന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും ഉൾപ്പെടെ ആയിരക്കണക്കിനു വിശ്വാസികൾ കൃതജ്ഞതാബലിയിലും പൊതുസമ്മേളനത്തിലും പങ്കെടുത്തു.
Kerala
തിരുവനന്തപുരം: വന്യജീവി ആക്രമണം തടയുന്നതിനായി കോതമംഗലത്തെ പ്രത്യേക സോണായി കണക്കാക്കി നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു.
കോതമംഗലത്ത് സ്പെഷൽ ടീമിനെ നിയോഗിക്കും. ചീഫ് വൈൽഡ് ലൈഫ് വാർഡൻ കോതമംഗലത്തെത്തി ചർച്ച നടത്തും. 3.75 കോടി രൂപ ചെലവിൽ 30 കിലോമീറ്ററിൽ സോളാർ ഫെൻസിംഗ് സ്ഥാപിക്കുമെന്നും ആന്റണി ജോണിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
Business
കോതമംഗലം: സാനിറ്ററി വെയേഴ്സ്, ബാത്ത്റൂം ഫിറ്റിംഗ്സ് മേഖലയിൽ 25 വർഷത്തിലേറെ ഉത്പാദന–വിപണന പരിചയമുള്ള യൂറോടെക്കിനു കീഴിലുള്ള കിലോ ബസാറിന്റെ 31-മത് ഷോറൂം കോതമംഗലം മൂന്നാർ ബൈപ്പാസ് റോഡിൽ പ്രവർത്തനം ആരംഭിച്ചു.
Kerala
കോതമംഗലം: ജീവ മിൽക്ക് യുവതലമുറയ്ക്കും തൊഴിലന്വേഷകർക്കും ഏറെ പ്രചോദനമേകുന്നതാണെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. കോതമംഗലം രൂപതയുടെ ക്ഷീരകർഷക ക്ഷേമപ്രസ്ഥാനമായ ജീവ മിൽക്കിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്ഷീരകർഷകർക്കും പൊതുസമൂഹത്തിനും പ്രസ്ഥാനം നൽകുന്ന സേവനങ്ങൾ അഭിമാനകരമാണ്. ഇനിയും കൂടുതൽ കർഷകർക്കു വഴികാട്ടിയായി കോതമംഗലം രൂപതയുടെ ജീവ മിൽക്ക് മാറട്ടേയെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.
ചടങ്ങിൽ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ലേബർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സന്തോഷ് ജോർജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തി. ജീവ സൊസൈറ്റികളിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകനെ രൂപത വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ, മോൺ. വിൻസെന്റ് നെടുങ്ങാട്ട് എന്നിവർ ആദരിച്ചു. ജീവ സ്റ്റാഫിനുള്ള എട്ടാമത് ഭവനനിർമാണ പദ്ധതിയുടെ സഹായ വിതരണോദ്ഘാടനം ഫാ. മാത്യു കോണിക്കൽ നിർവഹിച്ചു.
കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോർജ്, ജില്ലാ പഞ്ചായത്ത് മെംബർ ജോമി തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.എം. സിദ്ദിഖ് , വാർഡ് മെംബർ സുനി അയ്യപ്പൻ, ജീവ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസ് മൂർക്കാട്ടിൽ, ജനറൽ മാനേജർ സിബി ജോർജ്, മുൻ ഡയറക്ടർമാരായ ഫാ. കുര്യാക്കോസ് കൊടകല്ലിൽ, ഫാ. ജേക്കബ് തലാപ്പിള്ളിൽ, മാങ്കുളം പഞ്ചായത്ത് മെംബർ എം.ജെ. റോയി, ആർട്ടിസ്റ്റ് ബേസിൽ ബെന്നി എന്നിവർ പ്രസംഗിച്ചു.
ഇന്നു വൈകുന്നേരം അഞ്ചിന് നടക്കുന്ന ജീവ കുടുംബസംഗമം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. ഫാ. ജോസ് മൂർക്കാട്ടിൽ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി, ആന്റണി ജോൺ എംഎൽഎ എന്നിവർ പ്രസംഗിക്കും.
Kerala
കോതമംഗലം: കോതമംഗലത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. തീപിടിത്തത്തിൽ ബസ് പൂര്‍ണമായും കത്തിനശിച്ചു. എറണാകുളം കോതമംഗലം തലക്കോട് രാത്രിയോടെയാണ് സംഭവം. കോട്ടപ്പടി ഭാഗത്തു നിന്നു വരുകയായിരുന്ന ബസാണ് കത്തിനശിച്ചത്.
ശാന്തൻപാറ സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. തീ ഉയര്‍ന്ന ഉടനെ ബസിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. വിവാഹ ചടങ്ങിന് പോയി തിരിച്ചു വരുന്നതിനിടെയാണ് ബസിന് തീപിടിച്ചത്. ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. ബസിന് തീപിടിച്ചത് റോഡിൽ ഗതാഗത തടസമുണ്ടാക്കി.
District News
കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എക്സ് റേ യൂണിറ്റ് അടച്ചിട്ട് ഒരു മാസത്തോളമായി. മെഷീൻ തകരാറാണ് കാരണം. ഇതുമൂലം രോഗികള്‍ സ്വകാര്യ സ്ഥാപനങ്ങളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. പ്രശ്നം പരിഹരിച്ച് എക്സറേ യൂണിറ്റ് തുറക്കാന്‍ അധികാരികളുടെ ഇടപെടല്‍ ഉണ്ടായില്ല. ആശുപത്രിയുടെ നടത്തിപ്പ് ചുമതലയുള്ള മുനിസിപ്പാലിറ്റിയുടെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ അലംഭാവമാണുണ്ടായത്.
തെരഞ്ഞെടുപ്പ് ആയതിനാല്‍ ആശുപത്രിയുടെ കാര്യത്തില്‍ ശ്രദ്ധപതിപ്പിക്കാന്‍ ആരുമുണ്ടായില്ല. ആദിവാസികള്‍ അടക്കമുള്ളവര്‍ ധാരാളമായി ചികിത്സതേടിയെത്തുന്ന താലൂക്ക് ആശുപത്രിയാണ് കോതമംഗലത്തേത്. എക്സ്റേ സൗകര്യം ഇല്ലാതായതോടെ രോഗികള്‍ക്ക് അധികസാമ്പത്തിക ചെലവാണുണ്ടാകുന്നത്.
അപകടത്തിലുള്‍പ്പെടെ പരിക്കേറ്റ് അടിയന്തിര ചികിത്സക്കെത്തുന്നവര്‍ ആണ് എക്സ്റേ യൂണിറ്റ് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് കൂടുതലും അനുഭവിക്കുന്നത്. ചികിത്സ ലഭിക്കാന്‍ കാലതാമസം ഉണ്ടാകുമെന്നതും ഒരു പ്രശ്നമാണ്. ഈ സാഹചര്യത്തില്‍ രോഗിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട അവസ്ഥയും ഉണ്ടാകും.
Kerala
കൊച്ചി: കോതമംഗലം കാരക്കുന്നത്ത് വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. ബൈക്ക് ലോറിയിലിടിച്ചാണ് അപകടം. ആലപ്പുഴ സ്വദേശി വിഷ്ണു ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ പരിക്കേറ്റ് ചികിത്സയിലാണ്.
പത്തനംതിട്ട സ്വദേശി ആരോമൽ, തൃശൂർ സ്വദേശി ആദിത്യൻ എന്നിവർക്കാണ് പരിക്കേറ്റത്. പുതുപ്പാടി യൽദോ മാർ ബസേലിയോസ് കോളേജ് ബിസിഎ മൂന്നാം വർഷ വിദ്യാർത്ഥികളാണ് മൂവരും.
District News
കോതമംഗലം: നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം അവശേഷിക്കെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോതമംഗലം നിയോജകമണ്ഡത്തിൽ യുഡിഎഫിന് 15000 ത്തോളം വോട്ടിന്റെ മേല്‍ക്കൈ.
പത്തു വര്‍ഷമായി എല്‍ഡിഎഫിന്റെ എംഎല്‍എയുള്ള നിയോജകമണ്ഡലത്തിലാണ് ഇത്രവലിയ തിരിച്ചടിയെന്നതാണ് ശ്രദ്ധേയം. മണ്ഡലത്തിലെ പ്രധാന തെരഞ്ഞെടുപ്പു പ്രചാരകൻ എംഎല്‍എ ആയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളിലൂന്നിയാണ് പ്രചാരണം നയിച്ചത്. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി എസ്. സതീഷും ജില്ലാ സെക്രട്ടറിയേറ്റംഗം ആര്. അനില്‍കുമാറും ഈ മണ്ഡലത്തിലെ പ്രധാന നേതാക്കളുമാണ്.
പല പഞ്ചായത്തുകളിലും ശക്തമായ പ്രതിപക്ഷമാകാന്‍പോലും എല്‍ഡിഎഫിനു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ടേമിൽ ഭരിച്ച പല്ലാരിമംഗലത്ത് ഒരാൾ മാത്രമാണ് സിപിഎമ്മിന് പ്രതിപക്ഷത്തിരിക്കാനുള്ളത്. കോട്ടപ്പടിയിലും കീരമ്പാറയിലും രണ്ടുപേര്‍ മാത്രമാണ് എല്‍ഡിഎഫിനുള്ളത്. ബ്ലോക്ക് പഞ്ചായത്തില്‍ മൂന്ന് പേരാണ് എല്‍ഡിഎഫിന്റെ സമ്പാദ്യം. 33 വാര്‍ഡുകളുള്ള മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫിന്റെ കൈകളിലുള്ളത് എട്ടെണ്ണം മാത്രം.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കെ ആന്റണി ജോണിലൂടെ ഹാട്രിക് തികച്ച് ചരിത്രനേട്ടം കൈവരിക്കാനുള്ള തയാറെടുപ്പിനാണ് അപ്രതീഷിത തിരിച്ചടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണത്തിന്റെ പിന്‍ബലമില്ലാതെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടേണ്ട അവസ്ഥയിലാണ് നിലവിൽ എല്‍ഡിഎഫ് എത്തിപ്പെട്ടിരിക്കുന്ന
District News
യുഡിഎഫ്
കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. 16 ഡിവിഷനുകളുള്ള ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസ് 13, കേരളാ കോൺഗ്രസ് ഒന്ന്, മുസ്ലിം ലീഗ് ഒന്ന്,കേരളാ കോൺഗ്രസ് (ജേക്കബ്) ഒന്ന് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. കീരംപാറ ഡിവിഷനിൽ കേരളാ കോൺഗ്രസും പല്ലാരിമംഗലം ഡിവിഷനിൽ മുസ്ലിം ലീഗും കോട്ടപ്പടി ഡിവിഷനിൽ കേരളാ കോൺഗ്രസ് (ജേക്കബ്), മറ്റ് ഡിവിഷനുകളിൽ കോൺഗ്രസ് സ്ഥാനാർഥികളും മത്സരിക്കും.
1. കോട്ടപ്പടി- സി.എം. ബേബി, 2. ഭൂതത്താൻകെട്ട്- ജെസി സാജു, 3. ഇടമലയാർ - ബിൻസി മോഹനൻ, 4. കുട്ടമ്പുഴ-ചിഞ്ചു പി. ഏബ്രഹാം, 5. കീരംപാറ- റാണിക്കുട്ടി ജോർജ്, 6. കവളങ്ങാട്- മേഘ ഷിബു, 7. നേര്യമംഗലം - പ്രിയങ്ക ടോമി, 8. നെല്ലിമറ്റം- പി.എം. സിദ്ദീഖ്, 9. പൈങ്ങോട്ടൂർ - സിജോ ജോൺ, 10. പോത്താനിക്കാട് - ജേക്കബ് വർഗീസ്, 11. പല്ലാരിമംഗലം-രാജേഷ് കുഞ്ഞുമോൻ, 12. വാരപ്പെട്ടി- പി.കെ. ചന്ദ്രശേഖരൻ നായർ, 13. ചെറുവട്ടൂർ - പി.ആർ. വൃന്ദകുമാരി, 14. ഇളമ്പ്ര ചന്ദ്രലേഖ ശശിധരൻ, 15. പിണ്ടിമന-വിജോയ് പി. ജോസഫ്, 16. നെല്ലിക്കുഴി- രഹന നൂറുദ്ദീൻ എന്നിവരാണ് സ്ഥാനാർഥികൾ.
എൽഡിഎഫ്
കോതമംഗലം: 16 ഡിവിഷനുകളുള്ള കോതമംഗലം ബ്ലോക്കിൽ സിപിഎം സിപിഎം 13, സിപിഐ 3, കേരളാ കോൺഗ്രസ് (എം) ഒന്ന് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. പോത്താനിക്കാട്, കവളങ്ങാട്, ഇടമലയാർ ഡിവിഷനുകൾ സിപിഐ, ഭൂതത്താൻകെട്ട് ഡിവിഷൻ കേരളാ കോൺഗ്രസ് (എം), മറ്റ് ഡിവിഷനുകൾ സിപിഎം സ്ഥാനാർഥികൾ എന്നിങ്ങനെയാണ് മത്സരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു.
1. കോട്ടപ്പടി - ബിജി പി ഐസക്ക്, 2. ഭൂതത്താൻകെട്ട് - ജിജി പുളിക്കൽ, 3. ഇടമലയാർ ശാന്തമ്മ പയസ്, 4. കുട്ടമ്പുഴ- മുംതാസ് റെജി, 5. കീരമ്പാറ- റമ്മി ബോസ്, 6. കവളങ്ങാട് - ലിസി ജോയി, 7. നേര്യമംഗലം- ലിസി ജോർജ്, 8. നെല്ലിമറ്റം - റിയാസ് തുരുത്തേൽ, 9. പൈങ്ങോട്ടൂർ- സന്തോഷ് ജോർജ്, 10. പോത്താനിക്കാട് - വിൻസൻ ഇല്ലിയ്ക്കൽ, 11. പല്ലാരിമംഗലം- കെ ആർ രതീഷ്, 12. വാരപ്പെട്ടി - ഇ എം അജാസ്, 13. ചെറുവട്ടൂർ- സന്ധ്യ സുരേന്ദ്രൻ, 14. ഇളമ്പ്ര - രഞ്ചിനി രവി, 15. പിണ്ടിമന - എസ് എം അലിയാർ, 16. നെല്ലിക്കുഴി- ശ്രീചിത്ര ശ്രീനിവാസ് എന്നിവരാണ് സ്ഥാനാർഥികൾ.
Kerala
കൊച്ചി: കോതമംഗലത്ത് സുഹൃത്തിന്റെ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്.
സംഭവത്തിൽ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. വാരപ്പെട്ടി ഏറാമ്പ്ര സ്വദേശി സിജോയെയാണ് സുഹൃത്ത് ഫ്രാൻസിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. മദ്യ ലഹരിയിൽ സിജോയെ ഫ്രാൻസി കോടാലികൊണ്ട് തലക്ക് അടിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ചൊവ്വാഴ്ച വൈകുന്നേരമാണ് സിജോ, ഫ്രാൻസിയുടെ വീട്ടിലെത്തി മദ്യപിച്ചത്. ഇതിനിടയിൽ കടം കൊടുത്ത പൈസ ഫ്രാൻസി തിരികെ ചോദിക്കുകയും തുടർന്ന് മദ്യലഹരിയിൽ സിജോയുടെ തലക്ക് കോടാലി കൊണ്ട് അടിക്കുകയുമായിരുന്നു.
സിജോ വീട്ടിനുള്ളിൽ മരിച്ചു കിടക്കുന്ന വിവരം രാത്രി ഒൻപതോടെ അയൽവാസിയോട് പറഞ്ഞതോടെയാണ് വിവരം പുറം ലോകമറിയുന്നത്. ഉടനെ പോലീസ് സ്ഥലത്തെത്തി മദ്യലഹരിയിലായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതി കുറ്റം സമ്മതിച്ചതോടെ ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് സന്ധ്യയോടെ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Kerala
കൊച്ചി: കോതമംഗലത്ത് യുവാവിനെ സുഹൃത്തിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വാരപ്പെട്ടി ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോ ആണ് സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
വാരപ്പെട്ടിയിൽ സിജോയുടെ സുഹൃത്തായ ഫ്രാൻസിയുടെ വീട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. ഫ്രാൻസിയാണ് സിജോയുടെ മൃതദേഹം കണ്ടതും തുടർന്ന് അയൽവാസിയെ വിവരം അറിയിച്ചതും.
ഇതേ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയയ്ക്കും. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.
District News
കോതമംഗലം : നിർദിഷ്ട കോതമംഗലം മുനിസിപ്പൽ ടൗൺഹാൾ പദ്ധതിയിൽ മുൻസിപ്പൽ ഭരണസമിതിയിൽ ഭിന്നാഭിപ്രായം. കോടികൾ പാഴാക്കാതെ പദ്ധതി പുനപരിശോധിച്ച് ജനോപകാരപ്രദമായ പുതിയ പദ്ധതി നടപ്പാക്കണമെന്നാണ് ആവശ്യം ഉയർന്നിട്ടുള്ളത്. ഇത് സംബന്ധിച്ച് മുൻസിപ്പൽ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ജോസ് വർഗീസ് നഗരസഭ ചെയർമാനും സെക്രട്ടറിക്കും കത്തുനൽകി.
നിലവിലെ ടൗൺഹാൾ പദ്ധതി നടപ്പാക്കിയാൽ പൊതു ഖജനാവിലെ കോടികൾ പാഴാകയും, നഗരസഭയ്ക്കു കോടികളുടെ ബാധ്യത ഉണ്ടാകുകയും ചെയ്യും. സമീപ മുൻസിപ്പാലിറ്റികളിലെ ടൗൺഹാളുടെ സ്ഥിതിയും ഉപയോഗവും പഠിച്ച് വിലയിരുത്തണം.
ടൗൺഹാളിനായി മാറ്റിയിട്ടിട്ടുളള സ്ഥലം പൊതു കളിസ്ഥലവും ഹാപ്പിനസ് പാർക്കും നിർമിക്കാൻ പ്രയോജനപ്പെടുത്തണമെന്നും കത്തിൽ വ്യക്തമാക്കുന്നു. മുൻപ് ടൗൺഹാൾ നിർമിതിക്ക് കൗൺസിലിൽ അനുകൂല തീരുമാനമെടുക്കാൻ ഒപ്പം നിന്നിരുന്നുവെന്നും കൂടുതൽ പഠിച്ചപോഴാണ് വിയോജിപ്പ് അറിയിച്ച് കത്ത് നൽകിയതെന്നും ജോസ് വർഗീസ് പറഞ്ഞു.
District News
കോതമംഗലം: നഗരസഭ കുത്തുകുഴി വലിയപാറയിലെ പുറമ്പോക്കിൽ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ബഹുനില കെട്ടിടം വർഷങ്ങളായി പ്രയോജനപ്പെടുത്താനാകാതെ നശിക്കുന്നു. കെട്ടിടം എന്തിനു വേണ്ടി പണിതെന്നതിനെക്കുറിച്ചും, സ്ഥലം സംബന്ധിച്ചും അവ്യക്തതയാണ് അവശേഷിക്കുന്നത്. വലിയപാറ ഭാഗത്ത് ഹരിജന്‍ നഗറിനു സമീപം നാലുവര്‍ഷം മുമ്പ് നിര്‍മിച്ച ബഹുനില കെട്ടിടമാണ് വെറുതെ കിടന്നു നശിക്കുന്നത്.
കെട്ടിടത്തിനു ചുറ്റും കാടുകയറിയ നിലയിലാണ്. മൂന്നുനില കെട്ടിടത്തിൽ ഓരോ നിലയും 37.35 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍, ആകെ 112.05 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുണ്ട് ഇതിന്. കെട്ടിടത്തിന്റെ നിര്‍മാണം സംബന്ധിച്ച് നഗരസഭയില്‍ വ്യക്തമായ രേഖകളിലില്ലെന്നാണ് വിവരവകാശപ്രകാരം ലഭിച്ച മറുപടി. വലിയപാറ ഭാഗത്ത് കെട്ടിടം പണിതിട്ടുള്ളതായി എന്‍ജിനീയറിംഗ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തതായി മാത്രമാണ് വിവരവകാശ മറുപടിയിൽ കാണിച്ചിരിക്കുന്നത്.
കെട്ടിടം പണിത സ്ഥലം നഗരസഭയുടേതാണെന്നതിനും വ്യക്തമായ രേഖകൾ ലഭ്യമല്ല. സ്ഥലം നഗരസഭ വാങ്ങിയതാണോയെന്ന ചോദ്യത്തിന് ബാധകമല്ലെന്ന വിചിത്രമായ മറുപടിയാണ് ലഭിച്ചത്. കെട്ടിടത്തിന് ചെലവായത് 7,63,858 രൂപയും, കെട്ടിടം പണിയാനുള്ള അടങ്കല്‍ തുക സംബന്ധിച്ച ചോദ്യത്തില്‍ 58,50,000 രൂപയാണ് കാണിച്ചിരിക്കുന്നത്.
മെറ്റീരിയല്‍ കളക്ഷന്‍ സെന്ററിന് നിര്‍മിച്ച കെട്ടിടം എന്നാണ് രേഖാമൂലമുള്ള മറുപടിയിലുള്ളത്. നാലു വര്‍ഷത്തിനിടെ ഇവിടെ യാതൊരു മെറ്റീരിയിലും ശേഖരിച്ചതായി കാണാനുമില്ല.
ഭരണ-സാങ്കേതിക അനുമതി ഇല്ലാതെയാണ് കെട്ടിടം പണിതതെന്ന് ആരോപണം നിലനിൽക്കുന്നുണ്ട്. വ്യക്തമായ രേഖയും നിര്‍മാണ അനുമതിയും ലഭിക്കാത്തതു കൊണ്ടാണ് കെട്ടിടത്തിന്റെ പ്രവര്‍ത്തനം അനിശ്ചിത്വമായിരിക്കുന്നതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
നഗരസഭാ ഫണ്ട് ലക്ഷങ്ങൾ ദുർവിനിയോഗം നടത്തിയതിനും, നിർമിച്ച കെട്ടിടം ഉപയോഗപെടുത്താതെ കാലഹരണപ്പെടുത്തി നശിപ്പിക്കുന്നതിനുമെതിരെ പ്രതിക്ഷേധ സമരങ്ങൾക്ക് ഒരുങ്ങുകയാണ് നാട്ടുകാരും പ്രതിപക്ഷ പാർട്ടികളും.
District News
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മുംബൈ വെസ്റ്റേൺ റീജണൽ ഇൻസ്ട്രുമെന്റേഷൻ സെന്റർ, എംജി യൂണിവേഴ്സിറ്റി കോളജ് ഡെവലപ്മെന്റ് കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദേശീയ ശില്പശാല നാളെ ആരംഭിക്കും.
വിവിധ കോളജുകളിൽ നിന്നുള്ള അധ്യാപകർക്കും, ഗവേഷണ വിദ്യാർഥികൾക്കും, ലാബ് അസിസ്റ്റന്റുമാർക്കും വിവിധ ലാബുകളിലെ ഉപകരണങ്ങളെക്കുറിച്ച് പരിശീലനം നൽകുകയാണ് ലക്ഷ്യം. ലാബുകളിലെ കേടായ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന രീതികൾ വിശദമാക്കും.
സംസ്ഥാനത്തെ വിവിധ കോളജുകളിൽ നിന്ന് നിരവധി അധ്യാപകരും ലാബ് ജീവനക്കാരും പങ്കെടുക്കും. ശില്പശാല 31ന് സമാപിക്കും.
District News
കോതമംഗലം: കോഴിപ്പിള്ളി തങ്കളം ബൈപ്പാസ് രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ച് മണ്ണെടുത്തപ്പോൾ ദുരിതത്തിലായി 10 കുടുംബങ്ങൾ. സംരക്ഷണഭിത്തി നിർമാണത്തിനായി ലയണ്‍സ് ക്ലബ് ഓഡിറ്റോറിയത്തിന് സമീപത്ത് കൂടി എംഎ കോളേജ് ഭാഗത്തേക്ക് പോകുന്ന നഗരസഭ റോഡിന്റെ ചുവട്ടിലെ മണ്ണെടുത്തതാണ് അപകടഭീഷണിക്ക് കാരണമായത്.
മണ്ണ് നീക്കം ചെയ്തതോടെ നിലവിലെ റോഡിന്റെ വീതി കുറയുകയും ചെറുവാഹനങ്ങൾക്കു പോലും കടന്ന് പോകാന്‍ കഴിയാത്ത സ്ഥിതിയിലുമായി. വഴി അടഞ്ഞതോടെ പ്രദേശത്തെ10 കുടുംബങ്ങള്‍ പുറത്തുകടക്കാനാവാതെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
നാല് മീറ്റര്‍ വീതിയുള്ള റോഡിന്റെ അടിഭാഗത്ത് ഭിത്തിക്കായി മണ്ണെടുത്തപ്പോള്‍ രണ്ട് മീറ്ററായി. നിര്‍ദിഷ്ട ബൈപ്പാസ് റോഡിന്റെ ഏഴ് മീറ്റര്‍ ഉയരത്തിലാണിപ്പോൾ നഗരസഭ റോഡ്. അടിയിലെ മണ്ണെടുത്താല്‍ ഇത്രയും ഉയരത്തിലുള്ള റോഡ് തകരുകയും വീടിന് ഭീഷണിയാവുമെന്ന് ചൂണ്ടിക്കാട്ടി 10 കുടുംബങ്ങള്‍ ഒപ്പിട്ട നിവേദനം പൊതുമരാത്തിന് നല്‍കിയിരുന്നു.
ആറ് മാസത്തില്‍ ഏറെയായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു കിടക്കുകയായിരുന്നു. ഇന്നലെയാണ് നിര്‍മാണം വീണ്ടും തുടങ്ങിയത്. അടിയിലെ മണ്ണ് നീക്കീയാല് മഴയില്‍ കുതിര്‍ന്ന മുകള്ഭാഗം ഇടിയുമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രദേശത്തെ വീടുകളില്‍ കഴിയുന്ന വൃദ്ധരായ രോഗികളെ ആശുപത്രിയില്‍ കൊണ്ടു പോകാനും കഴിയാത്ത സ്ഥിതിയാണ്. പള്ളിച്ചിറ എല്‍സി കുഞ്ഞുമോന്റെ വീടിനും ചേര്‍ന്ന് പോകുന്ന റോഡിന്റെ സംരക്ഷണ ഭിത്തിയുമാണ് അപകടഭീഷണിയിലായത്. സംരക്ഷണഭിത്തി പണിത് നല്‍കുമെന്നാണ് പൊതുമരാമത്ത് അറിയിച്ചുള്ളത്.
സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന രീതിയില്‍ അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അധികാരികള്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് പ്രദേശവാസികൾ.
District News
കോതമംഗലം: കാലംചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ഒന്നാം ശ്രാദ്ധ പെരുന്നാളിനോടനുബന്ധിച്ച് കബറിടത്തിലേക്കുള്ള കോതമംഗലം മേഖല തീർഥയാത്ര 30ന് നടത്തും.
ഇതു സംബന്ധിച്ച് കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളിയിൽ മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയാസിന്റെ അധ്യക്ഷതയിൽ ആലോചന യോഗം ചേർന്നു. കോതമംഗലം മേഖലയിലെ പള്ളികളിലെ വികാരിമാർ, സഹ വികാരിമാർ, ട്രസ്റ്റിമാർ, സഭ മനേജിംഗ് കമ്മറ്റി, വർക്കിംഗ് കമ്മറ്റി, ഭക്തസംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
കോതമംഗലം മേഖലയിലെ പള്ളികളിൽനിന്നുള്ള തീർത്ഥാടകസംഘം 30ന് ഉച്ചകഴിഞ്ഞ് രണ്ടിന് മാർത്തോമ്മാ ചെറിയ പള്ളിയിൽ സംഗമിക്കും. തുടർന്ന് യൽദോ മാർ ബസേലിയോസ് ബാവയുടെ കബറിങ്കൽ പ്രാർഥിച്ച് അവിടെനിന്ന് വാഹനങ്ങളിലായി കോലഞ്ചേരിയിൽ എത്തുകയും മൂന്നിന് കാൽനട തീർഥയാത്രയായി പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ എത്തിച്ചേരുകയും ചെയ്യും.
തീർഥയാത്രയുടെ നടത്തിപ്പിനായി ഫാ. ബാബു വർഗീസ് പാലപ്പിള്ളിയെ ജനറൽ കൺവീനറായി യോഗം തെരഞ്ഞെടുത്തു. ഫാ. എൽദോസ് പുൽപറമ്പിൽ-മേഖലാ സെക്രട്ടറി, ഫാ. ജോസ് പരണയിൽ - മേഖലാ മാനേജർ, സഭ വർക്കിംഗ് കമ്മിറ്റി മെമ്പർ ബാബു പീച്ചക്കര, ജോയിന്റ് സെക്രട്ടറി ബാബു ചെറുപുറം എന്നിവർ നേതൃത്വം നൽകും.
District News
കോതമംഗലം: കോതമംഗലം ടൗണിൽ ഗതാഗത നിയന്ത്രണങ്ങൾ മാറി ആഴ്ചകൾ പിന്നിട്ടിട്ടും നോ എന്‍ട്രി ബോർഡുകളും നോ പാര്‍ക്കിംഗ് ബോര്‍ഡുകളും നീക്കം ചെയ്യാത്തത് ഡ്രൈവര്‍മാരെ വട്ടം കറക്കുന്നു. നഗരത്തിൽ കന്നി 20 പെരുന്നാളിന്റെ ജനത്തിരക്ക് കണക്കിലെടുത്ത് പോലീസ് ഗതാഗത നിയന്ത്രണവും ക്രമീകരണവും ഏര്‍പ്പെടുത്തിയിരുന്നു.
സ്വകാര്യ ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ക്ക് വണ്‍വേ സംവിധാനവും ബസുകള്‍ക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന റോഡുകളും ബസുകള്‍ പ്രവേശിക്കരുതാത്ത റോഡുകളും ഉണ്ടായിരുന്നു.
ഒരുതരത്തിലുള്ള വാഹനങ്ങളേയും ചില റോഡുകളിലെ കടത്തിവിട്ടിരുന്നില്ല. ഇതിനായി നോ എന്‍ട്രി ബോര്‍ഡുകളും സ്ഥാപിച്ചു. കോതമംഗലം ടൗണിലും സമീപ ഭാഗങ്ങളിലും നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ വ്യാപകമായിരുന്നു. പ്രധാന റോഡുകളിലും ലിങ്ക് റോഡുകളിലുമെല്ലാം നോ പാര്‍ക്കിംഗ് ആയിരുന്നു. പെരുന്നാള്‍ തെരക്കൊഴിഞ്ഞിട്ട് മൂന്നാഴ്ചയോളമായെങ്കിലും അന്നു സ്ഥാപിച്ച ബോര്‍ഡുകള്‍ ഇപ്പോഴും മാറ്റിയിട്ടില്ല.
നോ എന്‍ട്രി ബോർഡുകളും നോ പാര്‍ക്കിംഗ് ബോര്‍ഡുകളും കണ്ട് ഡ്രൈവര്‍മാര്‍ നഗരത്തിൽ വട്ടംകറങ്ങുന്ന അവസ്ഥയാണിപ്പോൾ. ദൂരെ സ്ഥലങ്ങളിൽനിന്ന് വരുന്നവരാണ് പ്രധാനമായും വലയുന്നത്. ആവശ്യം കഴിഞ്ഞപ്പോള്‍ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ പോലീസോ, നഗരസഭയോ നടപടിയെടുക്കാത്തതാണ് വിനയായിരിക്കുന്നത്.
Kerala
കൊച്ചി: കോതമംഗലത്ത് ടിടിഐ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ റമീസിന്റെ മാതാപിതാക്കൾ പിടിയിൽ. തമിഴ്നാട്ടിലെ സേലത്ത് നിന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നുതന്നെ ഇവരെ കോതമംഗലത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.
ഇരുവർക്കുമെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തും. കേസിൽ റമീസിന്റെ രക്ഷിതാക്കൾക്കും പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും കേസിൽ പ്രതി ചേർക്കുന്നത്.
അതേസമയം, കേസിൽ നിലവിൽ റിമാൻഡിലുള്ള റമീസിനായി സമർപ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലിലും തെളിവെടുപ്പിനുമാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്.
യുവതി ജീവനൊടുക്കിയത് മതം മാറ്റത്തിന് വിസമ്മതിച്ചതോടെ ആൺസുഹൃത്ത് പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപറമ്പിൽ റമീസിൽ നിന്നുണ്ടായ കടുത്ത അവഗണനയെ തുടർന്നാണെന്നാണ് പോലീസിന്റെ നിഗമനം.
സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം, വിവാഹ വാഗ്ദാനം നൽകി പീഡനം, ശാരീരിക പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് റമീസിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിക്ക് റമീസിൽ നിന്ന് മർദനമേറ്റെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു.
ഈമാസം ഒമ്പതിനാണ് കോതമംഗലം സ്വദേശിനിയായ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണു ആത്മഹത്യാപ്രേരണയ്ക്കും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിനും ശാരീരിക പീഡനത്തിനും കേസെടുത്തത്. റമീസും കുടുംബാംഗങ്ങളും മതംമാറ്റത്തിനു പ്രേരിപ്പിച്ചുവെന്ന ആരോപണം ആത്മഹത്യാക്കുറിപ്പിലുണ്ട്.
ആത്മഹത്യാക്കുറിപ്പിനു പുറമെ യുവാവിനും വീട്ടുകാർക്കുമെതിരേ ഗുരുതര ആരോപണമാണു വിദ്യാർഥിനിയുടെ കുടുംബം ഉന്നയിക്കുന്നത്. വിവാഹം ചെയ്യണമെങ്കിൽ മതം മാറണമെന്നു റമീസും കുടുംബവും നിർബന്ധിച്ചെന്നും ക്രൂരമായി മർദിച്ചെന്നുമാണ് ആരോപണം. സഹികെട്ടു മതംമാറ്റത്തിനു സമ്മതിച്ച യുവതിയോട് പിന്നെയും ക്രൂരത തുടർന്നെന്നും ആരോപണമുണ്ട്.
Kerala
കൊച്ചി: കോതമംഗലത്തു ടിടിസി വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതി ആലുവ പാനായിക്കുളം സ്വദേശി റമീസിന്റെ മാതാപിതാക്കൾക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. കേസിൽ പിതാവ് റഹീം രണ്ടാം പ്രതിയും മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്.
അതേസമയം, ഇരുവരും ഒളിവിലാണ്. റമീസ് അറസ്റ്റിലായതിനു പിന്നാലെ വീടു പൂട്ടി ഒളിവില്‍പ്പോകുകയായിരുന്നു. ഇവര്‍ പോകാന്‍ സാധ്യതയുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകള്‍ കേന്ദ്രീകരിച്ചു പോലീസ് പരിശോധന നടത്തുന്നുണ്ട്. കസ്റ്റഡിയിലെടുത്താല്‍ മൊഴി രേഖപ്പെടുത്തി അറസ്റ്റ് ചെയ്യാനാണു പോലീസ് നീക്കം. ഇതിനിടെ, ഇവർ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും സംശയം ഉയരുന്നുണ്ട്.
കേസിൽ യുവതിയുടെ സുഹൃത്ത് സഹദിനേയും പ്രതിചേർത്തിട്ടുണ്ട്. യുവതിയെ റമീസ് മർദിക്കുന്നത് കണ്ടിട്ടും സഹദ് തടഞ്ഞില്ലെന്നാണ് കണ്ടെത്തൽ. സഹദിനെ പ്രത്യേക അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും.
റമീസിന്റെമേൽ ചുമത്തപ്പെട്ട കുറ്റങ്ങള്‍ക്ക് പോലീസിനു വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാൽ, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നപേരില്‍ കേസെടുക്കാവുന്ന സാഹചര്യം ഇപ്പോഴില്ലെന്നാണു പോലീസിന്റെ നിലപാട്. ഒരാളെ പ്രണയിക്കുന്നതും മതംമാറ്റി വിവാഹം കഴിക്കുന്നതും കുറ്റകരമായി കാണാനാകില്ല.
എന്നാല്‍ മതം മാറ്റിയശേഷം ചൂഷണം ചെയ്യുന്നതിനോ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കോ മറ്റും ഉപയോഗിക്കുന്നതിനോ ആയിരുന്നു റമീസിന്റെ ലക്ഷ്യമെന്നു കണ്ടെത്തിയാലേ ലൗ ജിഹാദ് എന്നതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കഴിയുകയുള്ളൂ.
അന്വേഷണം തുടരുകയാണെന്നും ഓരോ ഘട്ടത്തിലും ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പോലീസ് പറഞ്ഞു.
Kerala
കൊച്ചി: കോതമംഗലത്ത് ടിടിഐ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പത്തംഗ അന്വേഷണസംഘം രൂപീകരിച്ച് പോലീസ്. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ബിനാനിപുരം, കുട്ടമ്പുഴ എസ്എച്ച്ഒമാരുമുണ്ട്.
യുവതി ജീവനൊടുക്കിയത് മതം മാറ്റത്തിന് വിസമ്മതിച്ചതോടെ ആൺസുഹൃത്ത് പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപറമ്പിൽ റമീസിൽ നിന്നുണ്ടായ കടുത്ത അവഗണനയെ തുടർന്നാണെന്നാണ് പോലീസിന്റെ നിഗമനം.
സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം, വിവാഹ വാഗ്ദാനം നൽകി പീഡനം, ശാരീരിക പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് റമീസിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. റിമാൻഡിലായ റമീസിന്റെ കസ്റ്റഡി അപേക്ഷ അടുത്തദിവസം പോലീസ് കോടതിയിൽ സമർപ്പിക്കും. ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.
കേസിൽ റമീസിന്റെ മാതാപിതാക്കളെയും പ്രതിചേർക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ഇരുവരെയും ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഇവർക്കെതിരേ ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
പെൺകുട്ടിയുടെ കൂടുതൽ ബന്ധുക്കൾ സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തും. അതേസമയം, റമീസിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് ആലോചനയിലില്ലെന്നും പോലീസ് വ്യക്തമാക്കി.
പെൺകുട്ടിയുടെ മരണത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണസംഘം ശേഖരിക്കും. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ കളമശേരി മെഡിക്കൽ കോളജിൽ എത്തി വിവരങ്ങൾ തേടും.
പെൺകുട്ടിക്ക് ആൺസുഹൃത്തായ റമീസിൽ നിന്ന് മർദനമേറ്റെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു. പെണ്‍കുട്ടിയുടെ മുഖത്ത് അടി ഏറ്റതായും ചുണ്ടുകൾക്ക് പരിക്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതോടെ വ്യക്തമാകും.
ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനാണ് കോതമംഗലം സ്വദേശിനിയായ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണു ആത്മഹത്യാപ്രേരണയ്ക്കും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിനും ശാരീരിക പീഡനത്തിനും കേസെടുത്തത്. റമീസും കുടുംബാംഗങ്ങളും മതംമാറ്റത്തിനു പ്രേരിപ്പിച്ചുവെന്ന ആരോപണം ആത്മഹത്യാക്കുറിപ്പിലുണ്ട്.
ആത്മഹത്യാക്കുറിപ്പിനു പുറമെ യുവാവിനും വീട്ടുകാർക്കുമെതിരേ ഗുരുതര ആരോപണമാണു വിദ്യാർഥിനിയുടെ കുടുംബം ഉന്നയിക്കുന്നത്. വിവാഹം ചെയ്യണമെങ്കിൽ മതം മാറണമെന്നു റമീസും കുടുംബവും നിർബന്ധിച്ചെന്നും ക്രൂരമായി മർദിച്ചെന്നുമാണ് ആരോപണം. സഹികെട്ടു മതംമാറ്റത്തിനു സമ്മതിച്ച യുവതിയോട് പിന്നെയും ക്രൂരത തുടർന്നെന്നും ആരോപണമുണ്ട്.
Kerala
കോതമംഗലം: ടിടിഐ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണസംഘം ശേഖരിക്കും. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ കളമശേരി മെഡിക്കൽ കോളജിൽ എത്തി വിവരങ്ങൾ തേടും.
പെൺകുട്ടിക്ക് ആൺസുഹൃത്തായ റമീസിൽ നിന്ന് മർദനമേറ്റെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു. പെണ്‍കുട്ടിയുടെ മുഖത്ത് അടി ഏറ്റതായും ചുണ്ടുകൾക്ക് പരിക്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതോടെ വ്യക്തമാകും.
സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം, വിവാഹ വാഗ്ദാനം നൽകി പീഡനം, ശാരീരിക പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽ പറമ്പിൽ റമീസിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
റിമാൻഡിലായ റമീസിന്റെ കസ്റ്റഡി അപേക്ഷ അടുത്തദിവസം പോലീസ് കോടതിയിൽ സമർപ്പിക്കും. ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.
കൂടാതെ, റമീസിന്റെ മാതാപിതാക്കളെ ഇന്ന് ചോദ്യംചെയ്യും. ഇരുവരെയും കേസിൽ പ്രതികളാക്കാൻ സാധ്യതയുണ്ട്. ഇവർക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയേക്കും. പെൺകുട്ടിയുടെ കൂടുതൽ ബന്ധുക്കൾ സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തും. അതേസമയം, റമീസിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് ആലോചനയിലില്ലെന്നും പോലീസ് വ്യക്തമാക്കി.
ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനാണ് കോതമംഗലം സ്വദേശിനിയായ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണു ആത്മഹത്യാപ്രേരണയ്ക്കും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിനും ശാരീരിക പീഡനത്തിനും കേസെടുത്തത്. റെമീസും കുടുംബാംഗങ്ങളും മതംമാറ്റത്തിനു പ്രേരിപ്പിച്ചുവെന്ന ആരോപണം ആത്മഹത്യാക്കുറിപ്പിലുണ്ട്.
ആത്മഹത്യാക്കുറിപ്പിനു പുറമെ യുവാവിനും വീട്ടുകാർക്കുമെതിരേ ഗുരുതര ആരോപണമാണു വിദ്യാർഥിനിയുടെ കുടുംബം ഉന്നയിക്കുന്നത്. വിവാഹം ചെയ്യണമെങ്കിൽ മതം മാറണമെന്നു റെമീസും കുടുംബവും നിർബന്ധിച്ചെന്നും ക്രൂരമായി മർദിച്ചെന്നുമാണ് ആരോപണം. സഹികെട്ടു മതംമാറ്റത്തിനു സമ്മതിച്ച യുവതിയോട് പിന്നെയും ക്രൂരത തുടർന്നെന്നും ആരോപണമുണ്ട്.
Kerala
കൊച്ചി: കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനി സോന എൽദോസിന്റെ (23) ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് റമീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പോലീസ് ചോദ്യംചെയ്തുവരികയാണ്.
പെൺകുട്ടിയുടെ മരണത്തിന് കാരണം റമീസിന്റെ പീഡനങ്ങളാണെന്ന് ആരോപണമുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ്.
ആത്മഹത്യാ പ്രേരണയ്ക്കും ശാരീരിക ഉപദ്രവത്തിനുമാണ് റമീസിനെതിരെ കേസെടുത്തിരിക്കുന്നത്. സോനയെ മർദിച്ചതിന് തെളിവായി വാട്സാപ് ചാറ്റുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. താൻ ജീവനൊടുക്കുമെന്ന് സോന പറയുമ്പോൾ ചെയ്തോളാനായിരുന്നു റമീസിന്റെ മറുപടി.
സോനയുടെ ആത്മഹത്യാക്കുറിപ്പിൽ റമീസിനും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് പോലീസ് നടപടി. റമീസിന്റെ വീട്ടുകാരെയും പ്രതി ചേർക്കുമെന്ന് പോലീസ് അറിയിച്ചു.
മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ കടിഞ്ഞുമ്മേല്‍ പരേതനായ എല്‍ദോസിന്റെ മകളുമായ സോനയെ ശനിയാഴ്ച ഉച്ചയ്ക്കാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനുപിന്നാലെയാണ് സോനയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍നിന്ന് കണ്ടെടുത്തത്.
ആണ്‍സുഹൃത്തായ റമീസും ഇയാളുടെ കുടുംബവും മതംമാറാന്‍ നിര്‍ബന്ധിച്ചും വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചെന്നും ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്.
Kerala
കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്തിന്റെ പീഡനമെന്ന് കുടുംബത്തിന്റെ പരാതി. ആണ് സുഹൃത്ത് റമീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യാകുറിപ്പിലുള്ളത്. നെടുമ്പാശേരി വിമാനത്താവളത്തിലെ ജീവനക്കാരനാണ് ഇയാള്‍.
കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ പരേതനായ എല്‍ദോസിന്റെ മകള്‍ സോന എല്‍ദോസിനെ(21)നെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നു. കോതമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുക്കുകയും ചെയ്തിരുന്നു.
റമീസിന്റെ പീഡനം മൂലമാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതു സംബന്ധിച്ച് ഇവര്‍ കോതമംഗലം പോലീസില്‍ പരാതി നല്കി. റമീസും സോനയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇയാള്‍ വിദ്യാര്‍ഥിനിയെ പറവൂരിലെ വീട്ടിലെത്തിച്ച ശേഷം മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.
റമീസിനെതിരേ ഉടന്‍ കേസെടുക്കുമെന്നു കോതമംഗലം പോലീസ് പറഞ്ഞു. ആത്മഹത്യാ പ്രേരണയ്ക്കും ഉപദ്രവിച്ചതിനും ഇയാള്‍ക്കെതിരേ പോലീസ് കേസെടുക്കും.