ഷിബു തെക്കുംപുറം
കോതമംഗലം: നിയോജക മണ്ഡലത്തിലെ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, എന്നിവരുടെ യോഗം ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിൽ ചേർന്നു. നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും ജനകീയ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കി പരിഹാരം കാണുന്നതിനുമാണ് യോഗം ചേർന്നത്. സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ആദ്യമായാണ് തദ്ദേശ സ്ഥാപനങ്ങളുടെ ജനപ്രതിനിധികളെ ഉൾപ്പെടുത്തി ഇത്തരമൊരു ഏകോപന യോഗം സംഘടിപ്പിച്ചത്.
ജനപ്രതിനിധികൾ ഉന്നയിച്ച വിഷയങ്ങൾ പരിഗണിച്ച് അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് എംഎൽഎ പറഞ്ഞു. അടിയന്തര പ്രാധാന്യമുള്ള ജനകീയ വിഷയങ്ങൾക്കും പ്രധാന വികസന പദ്ധതികൾക്കും മുൻഗണന നൽകാനും യോഗം നിർദേശിച്ചു. എംഎൽഎ ഫണ്ടിന്റെ വിനിയോഗവും യോഗം വിശദമായി വിലയിരുത്തി. ഓഗസ്റ്റ് മുതൽ നിയോജക മണ്ഡലത്തിലെ ഓരോ പ്രദേശങ്ങളെയും ലക്ഷ്യമാക്കി എംഎൽഎ ഫണ്ട് വിനിയോഗിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും.
കോതമംഗലം മൺസൂൺ ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള വിവിധ പരിപാടികളും പ്രവർത്തനങ്ങളും ചർച്ച ചെയ്തു. ഇതോടൊപ്പം ഓണത്തോടനുബന്ധിച്ച് നിയോജക മണ്ഡലത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കേണ്ട പരിപാടികളും ആസൂത്രണവും ചെയ്തു.
മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും ജനകീയ വിഷയങ്ങളും തുടർച്ചയായി വിലയിരുത്തുന്നതിനും തദ്ദേശ സ്ഥാപനങ്ങളുമായി കൂടുതൽ ഫലപ്രദമായ ഏകോപനം ഉറപ്പാക്കുന്നതിനുമായി എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ച തദ്ദേശ ജനപ്രതിനിധികളുടെ യോഗം ചേരാനും തീരുമാനിച്ചു.
Tags : Kothamangalam NattuVishasham DistrictNews