കുറുനള്ളിപാളയം പഞ്ചായത്ത് പ്രദേശത്തെ വാഴകർഷകർക്ക് ബോധവത്കരണവുമായി അരസന്പാളയം അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ വിദ്യാർഥികൾ.
കോയന്പത്തൂർ: ജൈവനിയന്ത്രണ മാർഗങ്ങളെക്കുറിച്ച് കർഷകർക്ക് ബോധവത്കരണവുമായി അരസന്പാളയം അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ അവസാനവർഷ വിദ്യാർഥികൾ.
റൂറൽ അഗ്രികൾച്ചറൽ വർക്ക് എക്സ്പീരിയൻസ് പ്രോഗ്രാമിന്റെ ഭാഗമായാണ് കുറുനള്ളിപാളയം പഞ്ചായത്ത് പ്രദേശത്തെ വാഴകർഷകർക്കായി ബോധവത്കരണക്ലാസ് സംഘടിപ്പിച്ചത്. വാഴയിലെ കീടനിയന്ത്രണത്തെക്കുറിച്ചായിരുന്നു ബോധവത്കരണം.
കോളജ് ഡീൻ ഡോ. സുധീഷ് മണാലിയുടെ നേതൃത്വത്തിൽ അദ്വൈത്, ഐശ്വര്യ, അശ്വതി, ദേവി, ഹരിനാരായണൻ, ഹൃദ്യ, ജനുശ്രീ, ലോചൻ, റോഷ്നി, സായി ലോകേഷ്, ശിവ, സുഭാഷിണി എന്നീ വിദ്യാർഥികളാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. വാഴയിലെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ നിയന്ത്രിക്കുന്നതിൽ ജൈവനിയന്ത്രണ ഏജന്റുകൾ കർഷകർക്ക് പരിചയപ്പെടുത്തുകയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.
വിദ്യാർഥികൾ കർഷകരുമായി സംവദിക്കുകയും വാഴയിലെ കീടനിയന്ത്രണത്തിന് രാസനിയന്ത്രണ മാർഗങ്ങളെ അപേക്ഷിച്ച് പരന്പരാഗത ജൈവനിയന്ത്രണ രീതികൾ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
ഗുണകരമായ കീടത്തിന്റെ മുട്ടകൾ നിക്ഷേപിക്കുന്ന രീതിയും വെള്ളീച്ചയാക്രമണം നിയന്ത്രിക്കുന്ന രീതിയും വിദ്യാർഥികൾ വിശദീകരിച്ചു. കർഷകരിൽനിന്നും കൃഷിയിടത്തിൽനിന്നും കൃഷിയറിവുകൾ നേടിയെടുക്കാനും വിദ്യാർഥികൾക്കായി.
Tags : Amrita Agricultural College students Nattuvishesham DistrictNews