കോഴിക്കോട്: കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് ലഹരിസംഘങ്ങളും സാമൂഹ്യ വിരുദ്ധരും പിടിമുറുക്കിയതോടെ കുടുംബമായും ഒറ്റയ്ക്കും സുഹൃദ്സംഘങ്ങളായും ഇവിടെ എത്തുന്ന പൊതുജനങ്ങൾ ആശങ്കയിലാണ്. ബീച്ചും ഇവിടെയുള്ള ഭക്ഷണവും ആസ്വദിക്കുന്നതിന് നിരവധി ആളുകളാണ് ദിവസവും ബീച്ചിലെത്തുന്നത്.
ലഹരി സംഘങ്ങൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരേ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ബീച്ച് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു.
മിക്ക ദിവസങ്ങളിലും ബീച്ചില്‍നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നുമായി ലഹരിസംഘങ്ങളെ പിടികൂടുകയും കഞ്ചാവ് ഉള്‍പ്പെടെയുള്ളവ പിടിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. ബീച്ചില്‍ പൊലിസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സിറ്റി പൊലിസ് കമ്മിഷണറുടെ ഓഫീസും വെള്ളയില്‍ പൊലിസ് സ്റ്റേഷനും സഹകരിച്ചാണ് ബീച്ചിലെ സുരക്ഷ ഉറപ്പാക്കുന്നത്. ഇവിടെ ഷാഡോ പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. മഫ്തിയിലുള്ള പൊലിസിന്റെ നിരീക്ഷണം ബീച്ചിലും പരിസരപ്രദേശങ്ങളിലും എപ്പോഴുമുണ്ടായിരിക്കുമെന്ന് വെള്ളയില്‍ പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
രാത്രികാലങ്ങളിലെ ബീച്ചിലെ അനാവശ്യ ജനക്കൂട്ടം, സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ലഹരിസംഘങ്ങളുടെ പ്രവര്‍ത്തനം എന്നിവ അവിടുത്തെ സുരക്ഷിതമായ അന്തരീക്ഷത്തിന് ഭീഷണിയാകുന്നുണ്ടെന്ന് കോഴിക്കോട് ബീച്ച് കൂട്ടായ്മ ആരോപിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാരണം കുടുംബസമേതം ബീച്ചിലെത്തുന്നവര്‍ക്കും വിനോദസഞ്ചാരികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നതായും അവര്‍ പറഞ്ഞു.
ബീച്ചിലും പരിസരത്തും ആളുകള്‍ക്ക് ആസ്വാദനത്തിന് അവസരമൊരുക്കുമ്പോള്‍ തന്നെ അവിടെയെത്തുന്ന ആളുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ ബന്ധപ്പെട്ട ആളുകള്‍ക്ക് ഉത്തരവാദിത്വമുണ്ട്. അതിന് അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. സൗത്ത് ബീച്ച് മുതല്‍ അങ്ങോളം പലയിടത്തും തെരുവുവിളക്കുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇത് മുഴുവന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കോഴിക്കോട് കോര്‍പറേഷനും ഡിടിപിസിയും സഹകരിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്ന് 63ാം വാര്‍ഡ് കൗണ്‍സിലര്‍ സഫറി വെള്ളയില്‍ പറഞ്ഞു. സമാനമായി, ബീച്ചിലെ ലഹരി സംഘങ്ങളെ നേരിടുന്നതിന് സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്ന തൂഫാന്റെ ഒരു സ്ഥിരം സംവിധാനം കോഴിക്കോട് ബീച്ചില്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags : the beach. Nttuvishesham Districtnews