District News
നെടുമങ്ങാട്: നമസ്തേ വിംഗ്സ് ടു ഫ്ലൈ വെള്ളനാട് ചിൽഡ്രൻസ് ഹോമിന്റെയും എസ്ഒഎസ് മോഡൽ ഹോമിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശിശുദിന വാരാഘോഷത്തിനു തുടക്കമായി. വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി ഉദ്ഘാടനം നിർവഹിച്ചു.
ചിൽഡ്രൻസ് ഹോം സ്റ്റുഡന്റ് കമ്മിറ്റി പ്രസിഡന്റ് അഖില അധ്യക്ഷത വഹിച്ചു. കേരള ആക്സെപ്റ്റ് ട്രെയിനിംഗ് കോളജ്, ഐഎംജി ഫാക്കൽറ്റി പി.എസ്. പ്രവീൺ, "മൈ ഡേ, മൈ റൈറ്സ്, മൈ ഫ്യൂച്ചർ "എന്ന വിഷയത്തിൽ കുട്ടികൾക്കായി ബോധവത്കരണ ക്ലാസ് നയിച്ചു. നമസ്തേയുടെ പ്രതിനിധികൾ, കുട്ടികൾ, ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ചടങ്ങിൽ ആനന്ദു സ്വാഗതവും കുമാരി റോഷ്നി നന്ദിയും പറഞ്ഞു.
District News
ആറ്റിങ്ങൽ: കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവർ കോരാണി പുതുവൽവിള വീട്ടിൽ നബീറിനെ മർദിച്ചു പരിക്കേൽപ്പിച്ച കേസിലെ പ്രതി മാമം ക്ഷേത്രത്തിനു സമീപം പുത്തൻവിളമുക്ക് ശിവനിലയം വീട്ടിൽ ബജീഷി(34)നെയാണ് ആറ്റിങ്ങൽ പൊലിസ് അറസ്റ്റുചെയ്തു. 12നു രാത്രി 10 നായിരുന്നു സംഭവം. ആക്രമണത്തിൽ നബീറിന്റെ തലയ്ക്കു പൊട്ടലേറ്റു. നബീർ നിലവിൽ ഗോകുലം മെഡിക്കൽ കോളജിൽ ഐസിയുവിൽ ചികിത്സയിലാണ്. നബീറിന്റെ മൊഴി രേഖപ്പെടുത്തിയ പൊലിസ് നടത്തിയ അന്വേഷണത്തിൽ മുടപുരത്തുവച്ചാണു ബിജേഷിനെ അറസ്റ്റുചെയ്തത്. ആറ്റിങ്ങൽ സർക്കിൾ വി.കെ. ശ്രീജേഷ്, സബ് ഇൻസ്പെക്ടർ കെ.എസ്. സുദർശനൻ, അരുൺ സുന്ദർ, സലിം, ഡി.ജി. ജ്യോതിഷ്കുമാർ, പൊലിസുകാരായ നിധിൻ അനന്തു, അജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ ഷഹീനെ കണ്ടെത്തുന്നതിലേക്കായി പൊലിസ് അന്വേഷണം നടത്തി വരികയാണ്.
ഒന്നിച്ചു കഴിഞ്ഞുവന്ന യുവതിയെ ആക്രമിച്ച യുവാവ് പിടിയില്‍
തിരുവല്ലം: ഒരുമിച്ചു കഴിഞ്ഞുവന്ന യുവതിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ തിരുവല്ലം പൊലിസ് അറസ്റ്റ് ചെയ്തു. തിരുവല്ലം ബൈപാസ് റോഡില്‍ വസന്ത ഭവനില്‍ വിഷ്ണു ഗോപനാണു പിടിയിലായത്. പ്രതിയുടെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ടുപോകുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നു പൊലിസ് പറഞ്ഞു. പ്രതിയെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച
കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍
തിരുവല്ലം: ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഭര്‍ത്താവിനെ തിരുവല്ലം പൊലിസ് അറസ്റ്റ് ചെയ്തു. പാച്ചല്ലൂര്‍ പൂമരത്തണല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മുരുകന് (44) ആണ് പിടിയിലായത്. കഴുത്തിനും കൈവിരലിനും പരിക്കേറ്റ ഭാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വീട്ടുജോലിക്കു പോയശേഷം വീട്ടിലെത്താന്‍ വൈകിയതു സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണമെന്നു പൊലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഇന്ധനം നിറച്ചതായി കാണിച്ച്
തട്ടിപ്പ്: രണ്ടുപേർക്കെതിരേ കേസ്
കഴക്കൂട്ടം. കമ്പനിയുടെ വാഹനങ്ങളിൽ ഇന്ധനം നിറച്ചതായി കാണിച്ച് 7.47 ലക്ഷം രൂപ തട്ടിപ്പു നടത്തിയതായി പരാതി. മൺവിള വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക് എന്ന കമ്പനിയുടെ ജനറൽ മാനേജരാണു കഴക്കൂട്ടം പൊലിസിൽ പരാതി നൽകിയത്. കമ്പനി വാഹനം ഓടിക്കുന്ന ഡ്രൈവർ നെടുമങ്ങാട് സ്വദേശി സതീഷ് ഗോപി (43), മംഗലപുരത്തെ പെട്രോൾ പമ്പ് ജീവനക്കാരൻ അനീസ് എന്നിവർ ക്കെതിരെയാണു പരാതി. പെട്രോൾ പമ്പ് ജീവനക്കാരന്റെ സഹായത്തോടെ ജനുവരി മുതൽ ഒക്ടോബർ വരെ കമ്പനിയെ പറ്റിച്ച് 7.47 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. കഴക്കൂട്ടം പൊലിസ് കേസെടുത്തു.
District News
നേമം: ബാറിൽ മദ്യപിച്ച് ബഹളംവച്ചയാളെ കസ്റ്റഡിയിലെടുക്കാൻ വന്ന പൊലിസിനു നേരെ ആക്രമണം നടത്തിയ മലയിൻകീഴ് സ്വദേശി അഭിഷേകിനെ നേമം പൊലിസ് അറസ്റ്റു ചെയ്തു. പാപ്പനംകോടുള്ള ബാറിൽ ശനിയാഴ്ച രാത്രി ഒന്പതോടെയായിരുന്നു സംഭവം. മദ്യപിച്ച് ബഹളമുണ്ടാക്കുന്ന വിവരമറിഞ്ഞെത്തിയ പൊലിസ് അഭിഷേകി(26) ജീപ്പിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ ജീപ്പിനു പുറകുവശത്തെ ഗ്ലാസ് ചവിട്ടിപ്പൊട്ടിക്കുകയും വാതിലിൽ ചവിട്ടുകയും ചെയ്തതിനെ തുടർന്ന് എസ്ഐ ഗോപകുമാറിനു കൈയിൽ പരിക്കേറ്റിരുന്നു. പിടിച്ചു മാറ്റാൻ ശ്രമിച്ച പൊലിസ് ഉദ്യോഗസ്ഥരെയും അഭിഷേക് ആക്രമിച്ചിരുന്നു.
District News
തിരുവനന്തപുരം: കാരക്കോണം ഡോ. സോമർവെൽ സിഎസ്ഐ മെഡിക്കൽ കോളജ് ഡയറക്ടർ ഡോ. ബെനറ്റ് ജെ. ഏബ്രഹാമിന് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിന്റെ മെറിറ്റോറിയസ് സേവന പുരസ്കാരം. വെല്ലൂർ മെഡിക്കൽ കോളജിൽനിന്നും പഠിച്ചിറങ്ങിയവരിൽ മിഷൻ ആശുപത്രികളിൽ സേവനമനുഷ്ഠിച്ച് 25 വർഷത്തെ സേവനം പൂർത്തിയാക്കിയ വ്യക്തിക്കുള്ള പുരസ്കാരമാണ് ഡോ. ബെനറ്റ് ജെ. ഏബ്രഹാമിനു ലഭിച്ചത്. കോളജ് കാമ്പസിലെ സ്കഡർ ഹാളിൽ നടന്ന ചടങ്ങിൽ ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സോളമൻ സതീഷ് കുമാർ പുരസ്കാരം സമ്മാനിച്ചു.
District News
പാറശാല: തേനീച്ച വളര്‍ത്തല്‍ മേഖലയെ ശാസ്ത്രീയമായി ശക്തിപ്പെടുത്താനും കര്‍ഷകര്‍ക്ക് അധിക വരുമാനം ഉറപ്പാക്കാനും ഹണിമിഷന് ആരംഭിക്കുമെന്നു മന്ത്രി അഡ്വ. ടി. സിദ്ദീഖ്. ഇടമലയില്‍ ഫെഡറേഷന് ഓഫ് ഇന്‍ഡീജീനസ് എപ്പിക്കര്ച്ചറിസ്റ്റ് സ്ഥാപിക്കുന്ന കോമണ്‍ ഫെസിലിറ്റി സെന്ററിന്റെ സംസ്ഥാനതല തേനീച്ച കര്‍ഷക ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എം.ആര്. ബൈജുഎംഎല്എ അധ്യക്ഷത വഹിച്ചു.
പരിശീലനം പൂര്‍ത്തിയാക്കിയ തേനീച്ച കര്‍ഷകര്‍ക്ക് മന്ത്രി കൂടുകള്‍ വിതരണം ചെയ്തു. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ തേനീച്ച ഗവേഷണത്തിനു തുടക്കം കുറിച്ച പ്രഫ. ഡോ. ഏബ്രഹാം ജേക്കബ്, 2021 ലെ മികച്ച സംസ്ഥാന തല തേനീച്ച കര്‍ഷക അവാര്‍ഡ് ജേതാവ് ഏലിയാമ്മ സിബി, എസ്.എ. ജോണ്‍ എന്നിവരെ മന്ത്രി ആദരിച്ചു.
District News
പേരൂര്‍ക്കട: ഗവ. ജില്ലാ ആശുപത്രിയിലെ വാര്‍ഡിലെ കിടക്കയില്‍ പൂച്ചയെയും ചത്ത എലിയെയും കണ്ടെത്തി. സ്ത്രീകളുടെ ശസ്ത്രക്രിയാ വാര്‍ഡിനോടു ചേര്‍ന്നുള്ള കൂട്ടിരിപ്പുകാര്‍ക്കുള്ള വാര്‍ഡിലാണ് സംഭവം.
വീഡിയോ ദൃശ്യം പുറത്തുവന്നതോടെ സംഭവം വിവാദമാ യി. അഡീഷണല്‍ ഡയറക്ടറും ജില്ലാ മെഡിക്കല്‍ ഓഫിസറും ആശുപത്രിയില്‍ അടിയന്തര സന്ദര്‍ശനം നടത്തുകയും ചെയ് തു. അതേസമയം ഈനേരം വാര്‍ഡില്‍ രോഗികളോ ജീവനക്കാരോ ഉണ്ടായിരുന്നില്ല. "അണുബാധ ഒഴിവാക്കാന്‍ സന്ദര്‍ശകരെ നിരോധിച്ചിരിക്കുന്നു, കൂട്ടിരിപ്പുകാരായി ഒരാള്‍ മാത്രം എന്ന ബോര്‍ഡ് വാര്‍ഡിന് പുറത്ത് ഒട്ടിച്ചിട്ടുണ്ട്'. അതിനിടെ ആശുപത്രിയില്‍ മരുന്നില്ല, ഡോക്ടര്‍മാരില്ല, എന്നാല്‍ എലിയും പൂച്ചയുമുണ്ട് എന്ന് സോഷ്യല്‍മീഡിയയിലുടനീളം പരിഹാസ ശരം നീളുന്നുണ്ട്.
ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്ക് അണുബാധ വരാന്‍ സാധ്യതയുള്ള സ്ഥലമാണ് ഇതെന്നു വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. രോഗികളും കൂട്ടിരിപ്പുകാരും പൂച്ചയെ ഓടിച്ചും ചത്ത എലിയെ മാറ്റിയും വേണം കിടക്ക ഉപയോഗിക്കാന്‍ എന്നുള്ള പരിഹാസ രൂപേണ പരാതിയും ഉയര്‍ന്നുകഴിഞ്ഞു.
സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെയാണ് അധികൃതര്‍ ആശുപത്രി സന്ദര്‍ശിച്ചത്. ആരോഗ്യമന്ത്രി കെ. മുരളീധരന് പ്രശ്നത്തില്‍ ഇടപെടുകയും സൂപ്രണ്ടിനോട് വിശദീകരണം ചോദിക്കുകയും ചെയ്തു. കേടായ കിടക്കകള്‍ മാറ്റി പുതിയതു വാര്‍ഡിലേക്ക് ഇടാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മാത്രമല്ല അറ്റകുറ്റപ്പണി അടിയന്തരമായി പൂര്‍ത്തീകരിക്കുകയും അണുനശീകരണം നടത്തുകയും ചെയ്തശേഷം വാര്‍ഡ് എത്രയും വേഗം തുറന്നുകൊടുക്കാന്‍ മന്ത്രി നിര്‍ദേശിച്ചിരിക്കുകയാണ്.
കാഴ്ച സങ്കടകരം എന്നു വ്യക്തമാക്കിയ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ അടിയന്തരമായി ഇടപെട്ടിട്ടുണ്ടെന്നും വേണ്ടുന്ന നടപടികള്‍ സ്വീകരിചചിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരേ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കെ. മുരളീധരന് വ്യക്തമാക്കി.
വാര്‍ഡ് അടച്ചത്
അറ്റകുറ്റപ്പണിക്ക് വേണ്ടി: സൂപ്രണ്ട്
പേരൂര്‍ക്കട: അടിയന്തരമായ അറ്റകുറ്റപ്പണിക്കുവേണ്ടിയാണ് വാര്‍ഡ് അടച്ചിട്ടതെന്നും അപ്പോഴാണ് പൂച്ച ഉള്ളില്ക്കയറിയതെന്നും ആശുപത്രി സൂപ്രണ്ട് ഡോ. അനു വിശദീകരിക്കുന്നു. കനത്ത മഴയില്‍ ഭിത്തിയില്‍ ഈര്‍പ്പവും പെയിന്റ് ഇളകിവീഴലും ഉണ്ടായി. സുരക്ഷിതമല്ലെന്ന് കണ്ടതോടെ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ചശേഷം തുറക്കാനായിരുന്നു തീരുമാനം.
District News
തിരുവനന്തപുരം: തിരുവനന്തപുരം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 28-ാമത് ഫാ. എഫ്രേം ട്രോഫി ഓൾ കേരള ഇന്റർ സ്കൂൾ പ്രൈസ് മണി ബാസ്കറ്റ്ബോൾ ടൂർണമെന്റിന് ഇന്ന് തുടക്കമാകും. സംസ്ഥാനത്തെ പ്രമുഖരായ 12 സ്കൂൾ ടീമുകൾ മാറ്റുരയ്ക്കുന്ന ത്രിദിന ടൂർണമെന്റിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30 ന് ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിക്കും. സ്കൂൾ മാനേജർ ഫാ. ജെറോം അൽഫോൻസ് അധ്യക്ഷത വഹിക്കും. തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടർ വിഷ്ണോയ് ദിനേശ് മുഖ്യാതിഥിയാകും.
പ്രിൻസിപ്പൽ ഡോ. സുനിൽ കുമാർ മൊറായിസ്, പിടിഎ പ്രസിഡന്റ് ഹാഷിം സലിം, സ്റ്റാഫ് സെക്രട്ടറി എ. ഗ്ലാവിയസ്, ജനറൽ കണ്‍വീനർ മനോജ് സേവ്യർ, ഹെഡ്മാസ്റ്റർ നിധീഷ് സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിക്കും. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ സെന്റ് ജോസഫ്സ് എച്ച്എസ്എസ്, തിരുവനന്തപുരം നസ്രത്ത് ഹോം സ്കൂളിനെ നേരിടും. തുടർന്ന് മൂന്നിനു സെന്റ് ജോസഫ്സ് എച്ച്എസ്എസ് തലശേരി വിപിഎസ് സ്കൂളുമായും, വൈകുന്നേരം നാലിന് ലയോള എച്ച്എസ്എസ് ഭാരതീയ വിദ്യാഭവനുമായും ഏറ്റുമുട്ടും.
വൈകുന്നേരം അഞ്ചിന് സെന്റ് ജോസഫ്സ് ബിടീം സർവോദയ എച്ച്എസ്എസുമായും ഏറ്റുമുട്ടും. ഓക്സ്ഫോർഡ് സ്കൂൾ, സെന്റ് സ്റ്റീഫൻസ് എച്ച്എസ്എസ്, സെന്റ് ജോസഫ്സ് എച്ച്എസ്എസ് പുളിക്കുന്ന് എന്നിവയാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന മറ്റു പ്രമുഖ ടീമുകൾ. ബുധനാഴ്ച രാവിലെ ഒൻപതിനാണ് ഫൈനൽ മത്സരം.
District News
നേമം : ടൂറിസ്റ്റ് ലൊക്കേഷന്‍ ആകാനൊരുങ്ങി വെള്ളായണി. കിരീടം പാലത്തിനോടു ചേര്‍ന്നു നടന്നുവരുന്ന സംസ്ഥാനത്തെ ആദ്യ സിനി ടൂറിസം പദ്ധതി അന്തിമ ഘട്ടത്തില്‍. രണ്ടരവര്‍ഷം മുമ്പ് തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
പദ്ധതിയുടെ ഭാഗമായി മോഹന്‍ലാലിന്റെ കിരീടം സിനിമയിലെ സേതുമാധവനെന്ന കഥാപാത്രത്തിന്റെ യും സഹനടനായിരുന്ന ശ്രീനാഥിന്റെയും നടി പാര്‍വതിയുടെയും പ്രതിമകള്‍ കിരീടം പാലത്തിന് ഇരുവശങ്ങളുമായി സ്ഥാപിച്ചു കഴിഞ്ഞു. പാലത്തിനു സമീപം കാഴ്ചകാര്‍ക്കായി ഇരിപ്പിടങ്ങളും ലൈറ്റുകളും പാര്‍ക്കും സ്ഥാപിച്ചു. ബണ്ട് റോഡില്‍ ചെടികളും നട്ടുപിടിപ്പിച്ചു. കിരീടം പാലത്തിലേയ്ക്കു ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യുന്ന രീതിയില്‍ കമാനവും തയാറായി. ഇതിനോടനുബന്ധിച്ചു കീരിടം കഫേയും പ്രവര്‍ത്തനസജ്ജമായി വരുന്നു. കഫേയ്ക്ക് സമീപത്തെ മതിലില്‍ കിരീടം സിനിമയിലെ വിവിധ രംഗങ്ങളും ചിത്രീകരിച്ചിട്ടുണ്ട്.
കല്ലിയൂര്‍ പഞ്ചായത്തിലെ വെള്ളായണിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ കിരീടം പാലവും പരസരവുമാണ് സിനി ടൂറിസം പദ്ധതിക്കായി തെരഞ്ഞെടുത്തത്. കിരീടം സിനിമയിലെ "കണ്ണീര് പൂവിന്റെ കവിളില്‍ തലോടി...' എന്ന ഗാനരംഗം ഉള്‍പ്പടെ ഈ പാലത്തിലും പരിസര പ്രദേശങ്ങളിലുമാണു ചിത്രീകരിച്ചത്. സിനിമ ഹിറ്റായതോടെ പാലം കിരീടം പാലമെന്ന് അറിയാന്പ്പെടാനും തുടങ്ങി. വെള്ളായണി കായലിന്റെ കാഴ്ചകളും കിരീടം പാലവും കാണാനായി നിരവധിപേരാണ് ദിവസവും ഇവിടെ എത്തുന്നത്. സിനി ടൂറിസം പദ്ധതി പൂത്തിയാകുന്നതോടെ സിനിമാ ലൊക്കേഷ പോലെ തന്നെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന കേന്ദ്രമായി വെള്ളയാണി മാറുമെന്ന പ്ര തീക്ഷയിലാണ് അധികൃതർ.
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി സിനി ടൂറിസം പദ്ധതി മാറും. പദ്ധതി പ്രദേശത്തേയ്ക്കെത്തുന്ന ബണ്ട് റോഡും ശിവോദയം റോഡും പൊട്ടിപൊളിഞ്ഞു കിടക്കുകയാണ്. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടൊപ്പം റോഡുകളും സഞ്ചാരയോഗ്യമാക്കുന്നതിന് അധികൃതര്‍ മുന്‍കൈ എടുക്കണം. കല്ലിയൂര്‍ പഞ്ചായത്തിനു കീഴിലാണ് പദ്ധതി പ്രദേശം വരുന്നത്. ഇവിടെ ഇതിനോടകം നിയന്ത്രണങ്ങളില്ലാതെ നിരവധി കടകള്‍ പ്രവര്‍ത്തിച്ചു വരികയാണ്. ഇവ നിയന്ത്രിക്കുന്നതിനു നടപടി വേണമെന്നാവശ്യവും ഉയരുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ പണികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടക്കുമെന്ന പരതീക്ഷയിലാണ് വിനോദ സഞ്ചാരികള്‍.
District News
തിരുവനന്തപുരം: യുഎസ് ടി സംഘടിപ്പിച്ച യുഎസ്ടി ട്രിവാൻഡ്രം മാരത്തണിൽ വൻ ജനപങ്കാളിത്തം. മാരത്തണിന്റെ മൂന്നാം പതിപ്പിൽ 14,000 ത്തിലധികം പേർ പങ്കെടുത്തു. പുലർച്ചെ 3.30 ന് യുഎസ്ടി ക്യാന്പസിൽ നിന്നാരംഭിച്ച മാരത്തണ്‍ നടനും സംവിധായകനുമായ ബേസിൽ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. കായിക താരങ്ങൾ, ഫിറ്റ്നസ് പ്രേമികൾ, നാട്ടുകാർ തുടങ്ങി നിരവധി പേർ മാരത്തണിൽ പങ്കാളികളായി.
യുഎസ്ടി ട്രിവാൻഡ്രം മാരത്തണ്‍ 2026-ൽ 42.2 കിലോമീറ്റർ ഫുൾ മാരത്തണ്‍, 21.1 കിലോമീറ്റർ ഹാഫ് മാരത്തണ്‍, 10 കിലോമീറ്റർ ഓട്ടം,അഞ്ച കിലോമീറ്റർ ഓട്ടം എന്നിവ ഉൾപ്പെടുത്തിയിരുന്നു. ഇതോടൊപ്പം, കാൻസറിനെ അതിജീവിച്ച കുട്ടികൾക്കായി യുഎസ്ടി ക്യാന്പസിനുള്ളിൽ പ്രത്യേകമായി ഒരു കിലോമീറ്റർ ഓട്ടവും സംഘടിപ്പിച്ചു. യുഎസ്ടി തിരുവനന്തപുരം ക്യാന്പസിൽ നിന്ന് ആരംഭിച്ച മാരത്തണ്‍ നഗരത്തിലെ പ്രധാന സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് തിരികെ ആരംഭിച്ച സ്ഥലത്ത് തന്നെ അവസാനിച്ചു.
ഫുൾ മാരത്തണിലെ പുരുഷ വിഭാഗത്തിൽ ബുഹാത ശ്രീനു ഒന്നാം സ്ഥാനം കരസ്ഥമാക്കി. സന്ദീപ് വി. കൃഷ്ണ രണ്ടാമതും പ്രഥമേഷ് പ്രംകർ മൂന്നാമതും ഫിനിഷ് ചെയ്തു.
വനിതാ വിഭാഗത്തിൽ സെനൈറ്റ് ലെഷാർജ് ഒന്നാം സ്ഥാനവും അഭിലാഷ ഭഗത് രണ്ടാം സ്ഥാനവും എസ്. ദിവ്യ മൂന്നാം സ്ഥാനവും നേടി.
ഹാഫ് മാരത്തൺ പുരുഷ വിഭാഗത്തിൽ ഹിമാൻഷു പലാരിയ, ആർ.എസ്. മനോജ്, ഹുമെൻ സേനാപതി എന്നിവർ ആദ്യമൂന്നു സ്ഥാ നം നേടി. വനിതാ വിഭാഗത്തിൽ റീബ അന്ന ജോർജ് ഒന്നും ഫാത്തിമ നസ്ല രണ്ടും പ്രതീക്ഷ ചോരാംലെ മൂന്നും സ്ഥാനങ്ങൾ നേടി.
District News
തിരുവനന്തപുരം: ശ്രീകാര്യം ലയോള സ്കൂളില്‍ സംഘടിപ്പിച്ച അഞ്ചാമത് കാര്‍ണിവല്‍ "സെസ്റ്റ് 2026' സമാപിച്ചു. മൂന്നു തലമുറകളുടെ സംഗമമായ സെസ്റ്റ് മുത്തച്ഛന്, മുത്തശി, മാതാപിതാക്കള്‍, കുട്ടികള്‍ എന്നിവരുടെ ആഘോഷങ്ങള്‍ക്കപ്പുറം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കാര്‍ണിവലില്‍ നിരവധി പേര് പങ്കാളികളായി. മാതാപിതാക്കളുടെ നേതൃത്വത്തില്‍ നടന്ന രക്തദാന ക്യാമ്പ് മേളയുടെ ശ്രദ്ധേയമായ ഭാഗമായി.
നടിയും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണുമായ പ്രിയങ്ക നായര്‍ കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തില്‍ മന്ത്രി ടി. സിദ്ദിഖ് മുഖ്യാതിഥിയായി. മാതാപിതാക്കളുടെ ഫാഷന്‍ ഷോയായ "റണ്‍വേ ആന്‍ഡ് കോട്യ' കാണികള്‍ക്ക് വേറിട്ട അനുഭവമായി. ചലച്ചിത്ര താരവും യുഎസ് ആര്‍മി കോംബാറ്റ് വെറ്ററനുമായ സിറിയക് അലഞ്ചേരി, മോഡലും മിസ് യൂണിവേഴ്സ് കേരള ഫൈനലിസ്റ്റുമായ അമല വിജി തോംസണ്‍ എന്നിവര്‍ ഷോ സ്റ്റോപ്പര്‍മാരായി അണിനിരന്നു. കാര്‍ണിവലിലൂടെ സമാഹരിച്ച മുഴുവന്‍ തുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.
District News
തിരുവനന്തപുരം: സെൻട്രൽ ബോർഡ് സ്കൂൾസ് സ്വിമ്മിംഗ്ചാമ്പ്യൻഷിപ്പ് 2026-ൽ പോങ്ങുംമൂട് ഇൻഫന്റ് ജീസസ് സെൻട്രൽ സ്കൂൽ ഒന്‍പതാം ക്ലാസ് വിദ്യാർഥിനിയായ നക്ഷത്ര മൂന്ന് ഒന്നാം സ്ഥാനങ്ങളും രണ്ടു രണ്ടാം സ്ഥാനങ്ങളും നേടി മികവ് തെളിയിച്ചു. 200, 100, 50 മീറ്റർ ബ്രെസ്റ്റ്സ്ട്രോക്ക് ഇനങ്ങളിൽ ഒന്നാം സ്ഥാനവും 100 മീറ്റർ ഫ്രീസ്റ്റൈൽ, 200 മീറ്റർ ഇൻഡിവിജ്വൽ മെഡ്ലി ഇനങ്ങളിൽ രണ്ടാം സ്ഥാനവുമാണ് നക്ഷത്ര നേടിയത്.
District News
വെള്ളറട: പിരിച്ചുവിട്ട ജീവനക്കാരന്റെ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ച കേസിലെ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള നടപടികള്‍ക്കെതിരെ കുന്നത്തുകാല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ അപ്പീല്‍ തള്ളി സുപ്രീം കോടതി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചതിനെതിരേയാണു സുപ്രീം കോടതിയെ സമീപിച്ചത്.
ഹൈക്കോടതി ഉത്തരവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഡപ്യൂട്ടി കളക്ടര്‍ എസ്. ഷീജയുടെയും നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ (ആര്.ആര്) ഷണ്മുഖത്തിന്റെയും നേതൃത്വത്തില്‍ റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചത് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബാങ്ക് ഹര്‍ജി. മുന്‍ ജീവനക്കാരനായ വറട്ടയം സുകുമാരന്‍ നായരുടെ തര്‍ക്ക കേസില്‍ ബാങ്ക് സമര്‍പ്പിച്ച ഹര്‍ജികള്‍ കേരള ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. തൊഴിലാളിക്ക് അനുകൂലമായി ലേബര്‍ കോടതിയും ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണലും പുറപ്പെടുവിച്ച ഉത്തരവുകള്‍ ശരിവച്ച സിംഗിള്‍ ബെഞ്ച് വിധിയ്ക്കെതിരെ ബാങ്ക് നല്കിയ അപ്പീലുകളാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് പൂര്‍ണമായും നിരസിച്ചതത്.
ബാങ്ക് സമര്‍പ്പിച്ച അപ്പീലുകള്‍ മുന്‍ ജീവനക്കാരനായ എല്‍. സുകുമാരന്‍ നായര്‍ക്ക് അനുകൂലമായ ട്രിബ്യൂണല്‍ വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു. 2004ല്‍ ബാങ്ക് നല്കിയ ഒരു ഭേദഗതി അപേക്ഷ ട്രിബ്യൂണല്‍ പരിഗണിച്ചില്ലെന്ന സാങ്കേതിക വാദമാണ് ബാങ്ക് ഉന്നയിച്ചത്. എന്നാല്‍ ഈ അപേക്ഷ ബാങ്ക് അക്കാലത്ത് കോടതിയില്‍ കൃത്യമായി ഫയല്‍ ചെയ്തിരുന്നില്ലെന്നു ഹൈക്കോടതി കണ്ടെത്തി. തൊഴിലാളിക്ക് അനുകൂലമായ ട്രിബ്യൂണലിന്റെ യും ലേബര്‍ കോടതിയുടെയും ഉത്തരവുകളില്‍ ഇടപെടേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി ബാങ്കിന്റെ അപ്പീലുകള്‍ തള്ളുകയായി രുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയും ബാങ്കിന്റെ ഹര്‍ജി തള്ളിയത്.
District News
കോവളം: എറണാകുളം സ്വദേശിനിയായ യുവതിയെ കോവളത്തെ ഹോംസ്റ്റേയിൽ പീഡനത്തിനിരയാക്കി, പണം തട്ടിയപരാതിയിൽ ആരോപണ വിധേയനു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതായി പൊ ലിസ് അറിയിച്ചു.
സ്ത്രീകളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയതായി മറ്റു സ്റ്റേ ഷനുകളിലും ഇയാൾക്കെതിരെ കേസുണ്ട്. മൊഴിയെടുക്കലിനും തെളിവെടുപ്പിനും ശേഷം മേൽ നടപടിയുണ്ടാകും.
നിലവിൽ വിദേശത്ത് നഴ്സായ 33 കാരിയാണ് ഗുരുതര ആരോപണങ്ങളുമായി പൊലിസിനെ സമീപിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ തിരുവനന്തപുരം പാറശാല സ്വദേശിയായ ശ്രീജുവിനെതിരെ (27) കോവളം പോലീസ് കഴിഞ്ഞ മാസം കേസെടുത്തിരുന്നു. ശ്രീജുവിനും മാതാപിതാക്കൾക്കും പ്രതിയെന്ന് ആ രോപിക്കപ്പെടുന്ന ഒരാൾക്കുമാണു കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം നൽകിയത്.
വിദേശത്ത് ജോലി ചെയ്യുന്ന യുവതി, ഇൻസ്റ്റഗ്രാം വഴി ആലപ്പുഴ സ്വദേശിയായ ഒരു ട്രാവൽസ് ഉടമയുമായി സൗഹൃദത്തിലായിരുന്നതായും ഇയാൾ വഴിയാണ് പാറശാല സ്വദേശിയായ ശ്രീജുവിനെ പരിചയപ്പെട്ടതെ ന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു. പരിചയത്തിന്റെ പേരിൽ ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നു. ഫെബ്രുവരിയിൽ നാട്ടിലേക്കുപോകാൻ തിരുവനന്തപുരത്തു വിമാനമിറങ്ങിയ യുവതിയെ ശ്രീജു കോവളത്തെ ഒരു ഹോംസ്റ്റേയിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് പീഡനത്തിനിരയാക്കി ചിത്രങ്ങൾ ഫോണിൽ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി പല തവണയായി 25 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു.
ഒക്ടോബർ 12-നാണ് കോവളം പൊലിസ് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തത്. എട്ട് മാസങ്ങൾക്കുശേഷം ലഭിച്ച പരാതിയിൽ വിശദമായ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് പ്രതിക്ക് മുൻകൂർ ജാമ്യം ലഭിച്ചത്. പണം തട്ടിയതുമായി ബന്ധപ്പെട്ട് ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുന്നതിനുള്ള നടപടിയും പോലീസ് ആരംഭിച്ചു. എന്നാൽ പ്രതിയെന്ന് പറയുന്ന ശ്രീജു സമാനമായ രീതിയിൽ വേറെയും തട്ടിപ്പ് നടത്തിയെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
District News
മണ്ണുത്തി: ദേശീയപാത ആറുവരിപ്പാത നിർമാണത്തിനുശേഷം മണ്ണുത്തിയിലുണ്ടാകുന്ന അതിരൂക്ഷമായ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണാൻ വിദഗ്ധസമിതിയെ നിയോഗിക്കും. വിദഗ്ധസമിതി തയാറാക്കുന്ന മാസ്റ്റർപ്ലാൻ മണ്ണുത്തിയിലെ ജനങ്ങളെ ബോധ്യപ്പെടുത്തിയതിനുശേഷം നടപ്പാക്കുമെന്നും കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ പറഞ്ഞു.
മണ്ണുത്തിയിലെ വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് മേയർ ഇക്കാര്യം അറിയിച്ചത്. കാനകൾ ശാസ്ത്രീയമായി നിർമിക്കാത്തതും പല സ്ഥലങ്ങളിലും കാനകളുടെ പണി പൂർത്തീകരിക്കാത്തതുമാണ് വെള്ളക്കെട്ടിനു കാരണം.
ദേശീയപാത ആറുവരിപ്പാത നിർമാണത്തിനുമുമ്പ് പ്രദേശത്ത് വെള്ളം ഒഴുകിപ്പോകുന്ന നാലുകാനകൾ ഉണ്ടായിരുന്നു. ഇതിൽ ഒരു കാന ദേശീയപാത അഥോറിറ്റി നിർമിക്കാതിരുന്നതു നിലവിലെ വെള്ളക്കെട്ടിന് കാരണമായതായി മണ്ണുത്തി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.യു. മുത്തു പറഞ്ഞു.
കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ. സന്തോഷ്, കോർപറേഷൻ കൗൺസിലർമാരായ സിന്റാമോൾ സോജൻ, നീതു സുമേഷ്, പോളി ജോസ് കുളങ്ങര, കോൺഗ്രസ് നേതാക്കളായ രവീന്ദ്രൻ കരുമത്തിൽ, വി.വി. ജോബി, സി.എ. ജോസ്, ലിസി ജോൺസൺ തുടങ്ങിയവർ സന്ദർശകസംഘത്തിലുണ്ടായിരുന്നു.
District News
ചേലക്കര: ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെയും ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിന്റെയും, ഐക്യുഎസിയുടെയും, ജീവനി സെന്റർ ഫോർ സ്റ്റുഡന്റസ് വെൽബീയിംഗിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു.
പ്രിൻസിപ്പൽ പ്രഫ. ഡോ. ടി.കെ. ബിന്ദു ശർമിള ഉദ്ഘാടനം ചെയ്തു. ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് എച്ച്ഒഡി പ്രഫ. ഡോ. ലവീഎബ്രോ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. രാമു ചാത്തനാത്ത്, ഡോ. മുനീർ, ഡോ. സജികുമാർ, നിസി എൽസ ഫിലിപ്പ്, ഉണ്ണികൃഷ്ണൻ, ഡോ. എ.ടി. മഞ്ജു എന്നിവർ പങ്കെടുത്തു.
District News
ആമ്പല്ലൂര്‍: സെപ്റ്റംബറില്‍ ജപ്പാനില്നടക്കുന്ന ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ത്യാഗരാജാര്‍ പോളിടെക്നിക് കോളജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ 'ഒളിമ്പിക് ഫോറസ്റ്റ് ' എന്ന പേരില്‍ ഫലവൃക്ഷത്തൈ നട്ടു.
മെക്കാനിക്കല്‍ വിഭാഗം മേധാവി സി.ജെ. സിന്റോ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സി.വി. വിബിന്, സ്നേഹ ആന്റണി, ലിന്റോഷ് ജോണ്‍, രാഗിയ ജോസ്, ദീപ, എ.എഫ്. ജോസ് എന്നിവര്‍ നേതൃത്വം നല്കി.
District News
വരാക്കര: ആമ്പല്ലൂര്‍ - വരന്തരപ്പിള്ളി റോഡില്‍ വരാക്കര ക്ഷേത്രത്തിന് സമീപത്തെ കലുങ്കിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത് അപകടഭീഷണിയാകുന്നു. രണ്ടുദിവസം മുന്‍പാണ് പൊതുമരാമത്ത് റോഡിലെ കലുങ്കിന്റെ ഭിത്തിയുടെ ഒരുഭാഗം തോട്ടിലേക്ക് ഇടിഞ്ഞത്.
കാലപ്പഴക്കംചെന്ന സംരക്ഷണഭിത്തിയുടെ ബാക്കിയുള്ള ഭാഗം ഏതുസമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ്. റോഡിന് വീതികുറവുള്ള ഈ ഭാഗത്ത് കലുങ്ക് തകര്‍ന്നതോടെ വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് മാറിനില്ക്കാന് ഇടമില്ലാത്ത സ്ഥിതിയാണ്. സമീപത്തുള്ള സ്കൂളുകളിലുള്ള വിദ്യാര്‍ഥികള്‍ സൈക്കിളിലും നടന്നും ഇതുവഴിയാണ് പോകുന്നത്.
എതിര്ദിശകളില്നിന്നുവരുന്ന രണ്ട് വലിയ വാഹനങ്ങള്‍ക്ക് ഒരേസമയം കടന്നുപോകാന്‍ ബുദ്ധിമുട്ടുള്ള വളവിലാണ് കലുങ്ക് തകര്‍ന്നിരിക്കുന്നത്.
കോടികള്‍ മുടക്കി റോഡ് നവീകരിച്ചപ്പോള്‍ കാലപ്പഴക്കംചെന്ന കലുങ്ക് പുതുക്കിപ്പണിയാന്‍ അധികൃതര്‍ തയാറാകാതിരുന്നതാണ് പ്രശ്നത്തിന് കാരണമെന്ന് പറയുന്നു.
നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്ന റോഡിലെ അപകടമേഖലയായ ഈ ഭാഗത്ത് കലുങ്കിന്റെ ഭിത്തി തകര്‍ന്നുകിടന്നിട്ടും ബന്ധപ്പെട്ട അധികാരികള്‍ തിരിഞ്ഞുനോക്കിയില്ലെന്ന ആക്ഷേപമുണ്ട്.
കലുങ്കിന്റെ ഇരുവശത്തുമുള്ള സംരക്ഷണഭിത്തി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ സുരേഷ് ചെമ്മനാടന്‍ പൊതുമരാമത്ത് അധികൃതര്‍ക്ക് പരാതിനല്‍കി.
District News
തൃശൂർ: ജില്ലയിലെ ആദ്യത്തെ മൊബൈൽ ഡിജിറ്റൽ എക്സ്റേ മെഷീൻ അമല മെഡിക്കൽ കോളജിൽ സ്ഥാപിച്ചു. എഐ സാങ്കേതികവിദ്യയിലുള്ള അത്യാധുനിക പതിപ്പാണ് ഈ മെഷീൻ.
ഹൈ ഫ്രീക്വൻസി എക്സ്റേ ജനറേറ്റർ ഉള്ളതിനാൽ പേഷ്യന്റ് റേഡിയേഷൻ ഡോസ് വളരെ കുറവായിരിക്കും. ലിഥിയം അയേണ്‍ ബാറ്ററിയിൽ പ്രവർത്തിക്കുന്ന മോട്ടോറൈസ്ഡ് മെഷീൻ ആയതിനാൽ ഐസിയുവിലേക്കും രോഗികളുടെ അടുത്തേക്കും വളരെ എളുപ്പത്തിൽ കൊണ്ടുപോകാൻ കഴിയും. മെഷീന്റെ സ്വിച്ച്ഓണ്‍ അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ നിർവഹിച്ചു.
District News
വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് മുൻ തഹസിൽദാർ എം.ആർ. രാജേഷ് ഭരണനിർവഹണത്തിൽ മാത്രമല്ല കൃത്യതയിലും പുലിയാണ്.
ജില്ലാ റൈഫിൾ അസോസിയേഷൻ അക്വാറ്റിക് കോംപ്ലക്സിലെ ഇൻഡോർ ഷൂട്ടിംഗ് റേഞ്ചിൽ നടത്തിയ ചാമ്പ്യൻഷിപ്പിൽ രാജേഷ് വെടിവച്ചിട്ടത് രണ്ട് സ്വർണവും വെങ്കലവും.10 മീറ്റർ 0.177 ഓപ്പൺ സൈറ്റ് സിംഗിൾ ആൻഡ് ഗ്രൂപ്പ് ടീം വിഭാഗത്തിലാണ് നേട്ടം.
2022ൽ സംസ്ഥാനതല സ്വർണ മെഡൽ ജേതാവാണ് ഈ 52 കാരൻ. ഈ വിഭാഗത്തിൽ സുവർണനേട്ടം കൈവരിച്ച ആദ്യ റവന്യു ഉദ്യോഗസ്ഥൻ എന്ന ബഹുമതിയും രാജേഷിന് സ്വന്തം.
നിലവിൽ ചെമ്പുക്കാവിലെ പുഞ്ച സ്പെഷൽ തഹസിൽദാരാണ്. ശ്രീകലയാണ് ഭാര്യ. അനുശ്രീ, അശ്വിൻ എന്നിവർ മക്കൾ.
District News
എരുമപ്പെട്ടി: വിവാഹത്തിന്റെ സിൽവർജൂബിലി ആഘോഷവേളയിൽ ആംബുലൻസ് സംഘടനയായ ആക്ട്സിന് ധനസഹായംനൽകി ദമ്പതികൾ മാതൃകയായി.
എരുമപ്പെട്ടി കടങ്ങോട് മണ്ടംപറമ്പ് മണലിവീട്ടിൽ എം.കെ. ജോഷിയും ഭാര്യ ബീന ജോഷിയും മക്കളും ചേർന്നാണ് 25,000 രൂപയുടെ ചെക്ക് ആക്ട്സിന് നൽകിയത്. എരുമപ്പെട്ടി തിരുഹൃദയ പാരിഷ് ഹാളിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സംഘടിപ്പിച്ച സൽക്കാര വേളയിൽ ആക്സിന്റെ എരുമപ്പെട്ടി ബ്രാഞ്ച് ഭാരവാഹികൾക്ക് ചെക്ക് കൈമാറി. സെക്രട്ടറി പി.പി. പത്മദാസ്, ട്രഷറർ ഫരീദ് അലി, യൂണിറ്റ് ഭാരവാഹി പി.ടി. ആന്റോ എന്നിവർ ചെക്ക് ഏറ്റുവാങ്ങി.
District News
പരിയാരം
പരിയാരം മണ്ഡലം കോൺഗ്രസ് കമ്മറ്റി വിജയോത്സവം നടത്തി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ പരിയാരം മണ്ഡലത്തിലെ മുഴുവൻ വിദ്യാർഥി കളെയും സനീഷ്കുമാർ ജോസഫ് എംഎൽഎ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
1200 ൽ 1200 മാർക്ക് നേടിയ ആൻ വിയ സുനിലിനു പ്രത്യേകപുരസ്കാരം നൽകി ആദരിച്ചു. കേരളത്തിലെ പ്ലസ് ടു സ്കൂളുകളിൽ ഒന്നാം സ്ഥാനം ലഭിച്ച കുറ്റിക്കാട് സ്കൂളിന് ഉപഹാരം നൽകി. സഹകരണ സംഘങ്ങളെയും വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെയും ഉപഹാരം നൽകി അനുമോദിച്ചു.
പരിയാരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്് എം. ടി. ഡേവിസ് ഉദ്ഘാടനം ചെയ്തു പ്രസിഡന്റ്് വി.സി. ബെന്നി അധ്യക്ഷത വഹിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎ യെ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മറ്റി അനുമോദിച്ചു.
എബി ജോർജ്, ജെയിംസ് പോൾ, വി.ഒ. പൈലപ്പൻ, ഷോൺ പല്ലിശേരി, ഡാർളി പോൾസൻ, സി.ജി. ബാലചന്ദ്രൻ, ലിൻസൻ നടവരമ്പൻ, ഷാജു തോമാസ്, പ്രിയ വിനയൻ, ജോഷി മാളിയേക്കൽ, ജോർജ് തീതായി, ആന്റു മാസ്റ്റർ, ജിബി പെരെപ്പാൻ, ഷിജി വർഗീസ്, ജോസ് പടിഞ്ഞാക്കര, ജോഷി ജോർജ്, എന്നിവർ പ്രസംഗിച്ചു.
നടവരമ്പ്
നടവരമ്പ് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന "വിജയോത്സവം 2026' തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് മേരി തോമസ് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു മുഖ്യാതിഥിയായിരുന്നു.
വേളൂക്കര പഞ്ചായത്തംഗം രേണുക സജി, എസ്സിപിസി പ്രസിഡനന്റ്് വിജയലക്ഷ്മി വിനയചന്ദ്രന്, പ്രിന്‍സിപ്പല്‍ കെ.പി. അനില്‍, എംപിടിഎ പ്രസിഡന്റ് സനിജ സന്തോഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പ്രധാനധാ്യാപിക എം.വി. ഉഷ സ്വാഗതവും പ്രിന്‍സിപ്പല്‍ എം.കെ. പ്രീതി നന്ദിയും പറഞ്ഞു.
കല്പറമ്പ്
കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാഥികളെ എന്‍ഡോമെന്റുകളും കാഷ് അവാഡുകളും നല്കി അനുമോദിച്ചു.
ഇരിങ്ങാലക്കുട രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍ മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു.
പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സമസ്യ മുരളി, പിടിഎ പ്രസിഡന്റ്് മേരി കവിത, മാനേജ്മെന്റ് ട്രസ്റ്റി ജാക്സണ് പാലാട്ടി, പ്രധാനാധ്യാപിക കെ.പി. റീന, ജെയ്സന് പയസ്, റെജിന്‍ ജോ സ്, ജോസ്, ആന്‍ തരീന ഡിസ്നി എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ ബിജു ആന്റണി സ്വാഗതവും സി.ജി. ജോബി നന്ദിയും പറഞ്ഞു.
District News
ഇരിങ്ങാലക്കുട: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം നാട്ടിലെ കുട്ടികളിലേക്കും യുവജനങ്ങളിലേക്കും പകര്‍ന്നുകൊണ്ട് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ കെസിവൈഎം സംഘടിപ്പിച്ച ഫുട്ബോള്‍ ഷൂട്ടൗട്ട് ശ്രദ്ധേയമായി. ആവേശവും മത്സരവീര്യവും നിറഞ്ഞ പരിപാടിയില്‍ കുട്ടികളുടെ വന്‍പങ്കാളിത്തമാണ് ഉണ്ടായത്. കത്തീഡ്രല്‍ വികാരി ഫാ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ ആദ്യ ഗോള്‍ നേടി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ലോകകപ്പ് ഫുട്ബോള്‍ ആഘോഷങ്ങളുടെ ഭാഗമായാണ് ഷൂട്ടൗട്ട് സംഘടിപ്പിച്ചത്. ഫുട്ബോളിനോടുള്ള കുട്ടികളുടെ താല്പര്യം പ്രോത്സാഹിപ്പിക്കുകയും കായികമനോഭാവം വളര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. അസി. വികാരിമാരായ ഫാ. ലിന്റോ കാരേക്കാടന്‍, ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പില്‍, ഫാ. ജസ്റ്റിന് കളര്‍പ്പാറ, ആനിമേറ്റര്‍ ജോസ് മാമ്പിള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 70ലേറെ കുട്ടികള്‍ പങ്കെടുത്തു. ഗോള്‍ നേടിയ എല്ലാ കുട്ടികളെയും മെഡലുകള്‍ നല്കി ആദരിച്ചു. കെസിവൈഎം പ്രസിഡന്റ് പി.ഡി. ഡിജോ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ജോസ്ലിന് ജോസ് നന്ദിയും പറഞ്ഞു.
District News
കൂരിക്കുഴി: ദേശീയപാത നിർമാണത്തെ തുടർന്ന് കയ്പമംഗലം തീരമേഖലയിൽ കുടിവെള്ളം മുടങ്ങിയിട്ട് രണ്ടു മാസം; പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വാട്ടർ അ ഥോറിറ്റി ഓഫീസിൽ പ്രതിഷേധം. കയ്പമംഗലം പഞ്ചായത്തിന്റെ തീരമേഖലയിലെ 12, 13,14,15 എന്നീ വാർഡുകളിലാണു കഴിഞ്ഞ രണ്ടു മാസങ്ങളിലായി കുടിവെള്ളം ലഭിക്കാ ത്തത്.ദേശീയപാത നിർമാണത്തിനിടെ കുടിവെള്ള പൈപ്പ് പൊട്ടുകയായിരുന്നുവെന്നു ജനപ്രതിനിധികൾ പറഞ്ഞു.
കടലോര മേഖല ആയതിനാൽ വാട്ടർ അഥോറിറ്റിയുടെ ശുദ്ധ ജലത്തെയാണ് 80 ശതമാനം വീട്ടുകാരും ആശ്രയിച്ചുവരുന്നത്. കുടിവെള്ളം ലഭിക്കാത്തതിനെ തുടർന്നു 1500ഒാളം വീട്ടുകാർ ദുരിതത്തിലായി. ഇതേത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രന്റെ നിർദേശ പ്രകാശം നാലു വാർഡുകളിലും ടാങ്കറിൽ കുടിവെള്ളം എത്തിക്കുകയായിരുന്നു. ഇതുമൂലം പഞ്ചായത്തിന് ലക്ഷക്കക്കണക്കിനു രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടായിട്ടുള്ളത്.
പൊതുടാപ്പുകളിൽ ലഭിക്കാത്ത വെള്ളത്തിനു പ്രതിമാസം ലക്ഷക്കണക്കിനു രൂപ വാട്ടർ അഥോറിറ്റിക്കു നൽകേണ്ട അവസ്ഥയാണ് പഞ്ചായത്തിനു വന്നിട്ടുള്ളത് . നിരവധി തവണ ബന്ധപ്പെട്ട അധികൃതരോട് പൊട്ടിയ പൈപ്പുകൾ ശരിയാക്കി രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ അധികൃതർ തയാറാവാത്തതിനെ തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ബീനാ സുരേന്ദ്രന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും മതിലകം വാട്ടർ അഥോറിറ്റി ഓഫീസിൽ ശക്തമായ പ്രതിഷേധം നടത്തിയത്.
ഇതേത്തുടർന്ന് മൂന്നുദിവസത്തിനകം കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുമെന്ന് എൻജിനീയർ അനുപ്രിയ ഉറപ്പു നൽകിയതായി ജനപ്രതിനിധികൾ അറിയിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് കൊച്ചുവീട്ടിൽ, പഞ്ചായത്ത് അംഗങ്ങളായ സീന ഇസ്മായിൽ, സന്ധ്യ രവീന്ദ്രൻ, രശ്മി ശ്രീജിത്ത്, നസീമ, ലുഖ്നാ, അൻസാ മോൾ, ജിസ്നി ഷാജി, പി.സി. മനോജ്, ജിഷ, മതിലകം ബ്ലോക്ക് മെമ്പർമാരായ ഷീബ സതീഷ്, ഫാത്തിമ അനസ്, മുൻ മെമ്പർമാരായ സി.ജെ.പോൾസൺ, അനസ് അബൂബക്കർ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
District News
ഇരിങ്ങാലക്കുട: കെസിവൈഎമ്മിന്റെ സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ തോമസ് മൂര്‍ ദിനാചരണം സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ നടത്തി.
വികാരി ഫാ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ പുഷ്പാര്‍ച്ചന നടത്തുകയും ദിനാചരണസന്ദേശം നല്‍കുകയും ചെയ്തു.
അസി. വികാരി ഫാ. ലിന്റോ കാരേക്കാടന്‍, കെസിവൈഎം പ്രസിഡന്റ് പി.ഡി. ഡിജോ, സെക്രട്ടറി എം.വി. ആന്റണി, ട്രഷറര്‍ യേശുദാസ് ജെ. മാമ്പിള്ളി, വൈസ് പ്രസിഡന്റുമാരായ അനഹ ജാക്സണ് ചെറുപുന്നം, ജോസ്ലിന് ജോസ്, ജോയിന്റ്് സെക്രട്ടറി അനറ്റ് മരിയ, ആനിമേറ്റര്‍ ജോസ് മാമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.
District News
ചാലക്കുടി: മർച്ചന്റ്സ് അസോസിയേഷൻ വനിതാവിംഗ് പൊതുയോഗം നടത്തി. വനിതാ പ്രസിഡന്റ് സിന്ധു ബാബു അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാവിംഗ് ജില്ലാ പ്രസിഡന്റും സംസ്ഥാന ട്രഷറുമായ ഷൈനാ ജോർജ് ഉദ്ഘാടനം ചെയ്തു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ മുഖ്യാതിഥിയായിരുന്നു. 2026 - 28 വർഷത്തേക്കുള്ള വനിതാ വിംഗിന്റെ ഭാരവാഹികളായി സിന്ധു ബാബു - പ്രസിഡന്റ്്, ഷൈന ജോർജ്, മിനി രാജു - വൈസ് പ്രസിഡന്റുമാർ, ഷാജി ആന്റോ - ജനറൽ സെക്രട്ടറി, സ്മൈജ സന്തോഷ്, മോളി ജോഷി - ജോയിന്റ് സെക്രട്ടറിമാർ , സിനി സന്തോഷ് - ട്രഷറർ, എന്നിവരെ തെരഞ്ഞെടുത്തു.
നിയോജകമണ്ഡലം ചെയർമാൻ പി.വി. ഫ്രാൻസിസ് , കൺവീനർ ശശിധരൻ, ട്രഷറർ സി. വിനോദ്, ബിനു മഞ്ഞളി, ഷൈജു പുത്തൻപുരയ്ക്കൽ, ചന്ദ്രൻ കൊളത്താപ്പിള്ളി, റെയ്സൺ ആലുക്ക, ആന്റോ മേനാച്ചേരി എന്നിവർ പ്രസംഗിച്ചു. മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുത്ത റെയ് സൺ ആലുക്കയെയും എസ് എച്ച് കോളജിൽ പ്രഫസർ ഓഫ് പ്രാക്ടീസ് ആയി തെരഞ്ഞെ ടുത്ത ഷൈന ജോർജിനെയും പൊന്നാടയണിയിച്ച് ആദരിച്ചു.
District News
ചാലക്കുടി:എഥനോൾ ഇന്ധന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് പരിമിതപെടുത്തണമെന്ന് ആർജെഡി സംസ്ഥാന സെക്രട്ടറി യൂജിൻ മോറേലി. പെട്രോളിൽ 80 ശതമാനത്തിന് മുകളിൽ എഥനോൾ കലർത്തി വ്യാപാരാടിസ്ഥനത്തിൽ വില്പനനടത്തുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ ആർജെഡി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
എ.എൽ. കൊച്ചപ്പൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജോർജ് വി. ഐനിക്കൽ, ഹസീന നിഷാബ്, എൻ.സി.ബോബൻ, പരിയാരം ഗ്രാമപഞ്ചായത്ത് മെമ്പർ ജോസഫ് കര്ത്തനാടൻ, സി.എ. തോമസ്, ജനത പൗലോസ്, പി.കെ. കുട്ടൻ, സാബു തെക്കൻ, ഡേവിസ് താക്കോൽക്കാരൻ, തോമസ് തണ്ടിയേക്കൽ, ബിന്റീഷ് അതിരപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
District News
ഇരിങ്ങാലക്കുട: കര്‍ഷകര്‍ക്കുള്ള പിആര്‍എസ് ഫണ്ട് വൈകുന്നതിനു പരിഹാരമായി പോര്‍ട്ടലില്‍ സാങ്കേതിക മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. നിയമസഭയില്‍ ഇതുസംബന്ധിച്ച് തോമസ് ഉണ്ണിയാടന് എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സംഭരിക്കുന്ന നെല്ലിന്റെ വില യഥാസമയം കൃത്യമായി കൊടുക്കുന്നതിന് പകരം അത് പിആര്‍എസ് ലോണായി കൊടുക്കുന്ന പ്രവണതയാണ് കുറേനാളായി നടന്നുകൊണ്ടിരിക്കുന്നത്.
എന്നാല്‍ പിആര്‍എസ് ലോണായി ലഭിക്കുന്ന തുക സര്‍ക്കാര്‍ കൃത്യമായി തിരിച്ചടക്കാത്തതുമൂലം കര്‍ഷകര്‍ക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാകുന്നതായും അവരുടെ സിബില്‍ സ്കോറിനെ പോലും ബാധിച്ച് മറ്റു ലോണുകള്‍ എടുക്കുന്നതിനു തടസമാവുക യും ചെയ്യുന്നുണ്ടെന്ന് ഉണ്ണിയാടന് പറഞ്ഞു.
ഉണ്ണിയാടന് പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ഥ്യ മാണെന്നു തന്റെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തിലുള്ള സാങ്കേതിക തടസങ്ങള്‍ പരിഹരിക്കുന്നതിന് നടപടിയെടുക്കുമെന്നും മന്ത്രി ഉണ്ണിയാടന് മറുപടി നല്കി.
District News
ഇരിങ്ങാലക്കുട: മഴക്കാലത്ത് വെള്ളം കയറുന്ന മൂര്‍ക്കനാട് പ്രദേശത്ത് ഇരിങ്ങാലക്കുട നഗരസഭാ അധികാരികള്‍ അനധികൃതമായി ഡോഗ് ഷെല്‍ട്ടര്‍ നിര്‍മിക്കുന്നതിനെതിരേ മൂര്‍ക്കനാട് ഒന്നാംവാര്‍ഡ് ജനകീയകൂട്ടായ്മ ധര്‍ണ നടത്തി. ഷെല്‍ട്ടര്‍ നിര്‍മിക്കാനൊ രുങ്ങുന്ന സ്ഥലം ഒട്ടും അനുയോജ്യമല്ല. കരുവന്നൂര്‍ പുഴയോട് ചേര്‍ന്നുകിടക്കുന്ന, എല്ലാ മഴക്കാലത്തും വെള്ളം കയറുന്ന, ജനവാസമേഖലയോട് അടുത്തുകിടക്കുന്ന പ്രദേശത്താണ് ഷെല്‍ട്ടര്‍ നിര്‍മിക്കാന്‍ നഗരസഭ ഒരുങ്ങുന്നത്. അത് അനുവദിക്കില്ലെന്നും ഷെല്‍ട്ടര്‍ നിര്‍മിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്മാറണമെന്നും ജനകീയകൂട്ടായ്മ ആവശ്യപ്പെട്ടു.
ഇക്കാര്യമുന്നയിച്ച് നിരവധി നിവേദനങ്ങള്‍ നഗരസഭയ്ക്ക് നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നു സമരക്കാര്‍ പറഞ്ഞു. ഷെല്‍ട്ടര്‍ നിര്‍മിക്കാനുള്ള നീക്കത്തില്‍നിന്ന് നഗരസഭ ചെയര്‍മാനും വൈസ് ചെയര്‍മാനും പിന്മാറിയില്ലെങ്കില് ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് സമരക്കാര്‍ മുന്നറിയിപ്പു നല്കി. ജനകീയകൂട്ടായ്മ പ്രസിഡന്റ് അബ്ദുള്‍കബീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ബഷീര്‍ മാളിയേക്കല്‍, നസീമ കുഞ്ഞുമോന്, പി.വി.ശിവകുമാര്‍, അല്‍ഫോണ്‍സാ തോ മസ്, വിഷ്ണു പ്രഭാകരന്, സി.സി. ഷിബിന്‍, കെ.എസ്. പ്രസാദ്, ടി.എന്‍.നന്ദുലാല്‍, ലേഖാ ഷാജു, ടി.എസ്. വിനീത എന്നിവര്‍ പ്രസംഗിച്ചു.
District News
കരൂപ്പടന്ന: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരേ നടന്ന തൂഫാൻ ഷൂട്ട്ഒൗട്ട് മത്സരം സംസ്ഥാന യുവജനക്ഷേമ, കായിക മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു.
എല്ലാ വിദ്യാർഥികളും ലഹരിയെ നമ്മുടെ വിദ്യാലയങ്ങളിൽ നിന്ന് ഗോളടിക്കുംപോലെ അടിച്ചുപറത്തണമെന്നും വിദ്യാർഥികൾ മാത്രമല്ല മുതിർന്നവരും ഈ ദൗത്യത്തിൽ പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.
വാർഡ് മെന്പർ മുസമ്മിൽ, പ്രിൻസിപ്പൽ ഹേമ ടീച്ചർ, എച്ച്എം റംല ടീച്ചർ, പിടിഎ പ്രസിഡന്റ് ഉമ്മർ ഫാറൂക്ക്, സ്പോർട്സ് ക്ലബ് കണ്‍വീനർ കെ.പി. ഹരി, എൻഎസ് എസ് പ്രോഗ്രാം ഓഫീസർ ജിനി ജോർജ്, ലഹരിവിരുദ്ധ ക്ലബ് കണ്‍വീനർ കെ.വി. മീര, എൻഎസ്എസ് ലീഡർമാരായ സമീർ, അൽഫല എന്നിവർ പങ്കെടുത്തു.
District News
തൃശൂർ: വി.ഡി. സതീശൻ വി.ഡി. സവർക്കറാകരുത് എന്ന മുദ്രാവാക്യത്തോടെ എഐഎസ്എഫ് -എഐവൈഎഫ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ തൃശൂർ ഡിഇഒ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എഐവൈഎഫും എഐഎസ്എഫും നടത്തിയ നിയമസഭാ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്കു നേരെയുള്ള പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.
പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന് ആരംഭിച്ച പ്രകടനം മോഡൽ ബോയ്സ് സ്കൂളിന് സമീപം പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതു മറിക്കടക്കാൻ പ്രവർത്തകർ ശ്രമിച്ചതാണ് സംഘർഷത്തിലേക്കും തുടർന്ന് ജലപരീങ്കി പ്രയോഗത്തിലേക്കും വഴിവച്ചത്. ഇതിനിടെ പ്രവർത്തകർക്കു നേരെ പോലീസ് പ്രയോഗിച്ച ജലപീരങ്കിയിൽനിന്നു ചെളിവെള്ളം വന്നത് മറ്റൊരു പ്രതിഷേധത്തിന് വഴിയൊരുക്കി.
തുടർന്നു നടന്ന ധർണ എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.
എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ അധ്യക്ഷത വഹിച്ചു. എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടോക്കാരൻ, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. അഭിറാം, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.കെ. വിനീഷ്, ടി.പി. സുനിൽ, ലിനി ഷാജി എന്നിവർ പ്രസംഗിച്ചു.
പകർച്ചവ്യാധികളും മസ്തിഷ്ക ജ്വരവും പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രതിഷേധക്കാർക്കെതിരേ പോലീസ് ജലപീരങ്കിയിൽ മലിനജലം ഉപയോഗിച്ചത് മനുഷ്യാവകാശ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി സംഭവത്തിൽ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.
District News
തൃശൂർ: ട്രോളിംഗ് നിരോധനം തുടരുമ്പോഴും മത്സ്യലഭ്യതയിൽ കുറവില്ല. ആവശ്യത്തിലധികം മീൻവിപണിയിൽ എത്തുന്നുണ്ടെങ്കിലും വാങ്ങാൻ ആളുകുറഞ്ഞതാണു പുതിയ പ്രതിസന്ധിയെന്നു കച്ചവടക്കാർ. സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നതുപോലെയുള്ള വിലക്കയറ്റം ഇത്തവണ വിപണിയിലില്ലെന്നാണു വ്യാപാരികളുടെ പക്ഷം.
ട്രോളിംഗ് നിരോധനത്തിന്റെ ആദ്യഘട്ടത്തിൽ മത്സ്യങ്ങൾക്കു നേരിയ ക്ഷാമം നേരിട്ടിരുന്നെങ്കിലും ഇപ്പോൾ വള്ളക്കാർക്കു ചെറുമീനുകൾ സുലഭമായി ലഭിക്കുന്നുണ്ട്. നെയ്യുള്ള ചാള വിപണിയിൽ സമൃദ്ധമാണ്. കേരളത്തിലെ തീരങ്ങൾക്കുപുറമെ ചെന്നൈ, വേളാങ്കണ്ണി, മംഗലാപുരം എന്നിവിടങ്ങളിൽനിന്നുള്ള ലോഡുകളും ദിവസേന തൃശൂരിലേക്ക് എത്തുന്നുണ്ട്.
പുതിയ അധ്യയനവർഷം ആരംഭിച്ചതുമായി ബന്ധപ്പെട്ട ചെലവുകളും യുദ്ധത്തെത്തുടർന്നുണ്ടായ ആഗോള സാമ്പത്തികപ്രതിസന്ധി ജനങ്ങളിലുണ്ടാക്കിയ ഞെരുക്കവുമാണ് മാർക്കറ്റിൽ ആളൊഴിയാൻ പ്രധാന കാരണമെന്നു പറയുന്നു. വിലക്കയറ്റവാർത്തകൾ ഭയന്നു പലരും മാർക്കറ്റിലേക്കു വരാൻ മടിക്കുന്നതായും നിലവിൽ കച്ചവടം വളരെ കുറവാണെന്നും വ്യാപാരികൾ വ്യക്തമാക്കി.
തൃശൂർ ശക്തൻ മത്സ്യമാർക്കറ്റിലെ ഇന്നലത്തെ വിലനിലവാരം: ചാള 200 -240, അയല- 200, കരിമീൻ 250- 300, കിളിമീൻ- 300, ചെമ്മീൻ 300- 400, കൊഴുവ 100-150, ബ്രാൽ- 400, വാള- 200, കേര- 420, വെള്ളവറ്റ- 600, ചുവന്നവറ്റ- 500 എന്നിങ്ങനെയാണു നിരക്ക്.
District News
തൃശൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഫുഡ് സേഫ്റ്റി വകുപ്പ് നടത്തിയ പരിശോധനയിൽ പന്ത്രണ്ടു സ്ഥാപനങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തി. ഇവർക്കു കോന്പൗണ്ടിംഗ് നോട്ടീസ് നല്കി. രണ്ടു സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെന്റ് നോട്ടീസ് നല്കി. ഭക്ഷ്യജന്യരോഗങ്ങൾക്കു കാരണമാകുന്ന ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യമുൾപ്പടെ കണ്ടെത്താൻ ഭക്ഷ്യവസ്തുക്കളുടെയും കുടിവെള്ളത്തിന്റെയും 22 സർവൈലൻസ് സാന്പിളുകൾ ശേഖരിച്ച് കാക്കനാട് ലബോറട്ടറിയിലേക്ക് അയച്ചു.
ഓപ്പറേഷൻ മണ്‍സൂണിന്റെ ഭാഗമായി ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, കയ്പമംഗലം, കുന്നംകുളം, ചേലക്കര, വടക്കാഞ്ചേരി, ഒല്ലൂർ സർക്കിളുകളിലെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. പരിശോധനകൾ തുടരുമെന്നു ഭക്ഷ്യസുരക്ഷാവകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ വി.എസ്. ഇന്ദു അറിയിച്ചു.
ശക്തൻ മാർക്കറ്റിൽ പഴകിയ മത്സ്യം
പിടിച്ചെടുത്തു നശിപ്പിച്ചു
തൃശൂർ: ശക്തൻ മാർക്കറ്റിലെ മത്സ്യ-മാംസ വിപണനകേന്ദ്രത്തിൽ ഫുഡ് സേഫ്റ്റി വകുപ്പ് നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 20 കിലോഗ്രാം പഴകിയ മത്സ്യം പിടിച്ചെടുത്തുനശിപ്പിച്ചു.
പരിശോധന നടത്തിയ 26 വ്യാപാരസ്ഥാപനങ്ങളിൽ നിയമലംഘനം കണ്ടെത്തിയ നാലെണ്ണത്തിനു കോന്പൗണ്ടിംഗ് നോട്ടീസ് നൽകി. വിപുലമായ പരിശോധനയ്ക്കായി ഏഴു സാന്പിളുകൾ കാക്കനാട് റീജണൽ അനലിറ്റിക്കൽ ലബോറട്ടറിയിലേക്ക് അയച്ചു. ഫുഡ് സേഫ്റ്റി ഓണ്‍ വീൽസ് മൊബൈൽ ലാബ് വഴി 56 സാന്പിളുകൾ സ്ഥലത്തുവച്ചുതന്നെ പരിശോധനയ്ക്കു വിധേയമാക്കി. ഓപ്പറേഷൻ മണ്‍സൂണിന്റെ ഭാഗമായാണു പരിശോധന നടത്തിയത്.
ഫുഡ് സേഫ്റ്റി ഓഫീസർമാരായ വി.എച്ച്. അഷറഫ്, എം.എസ്. സിക്തമോൾ, കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്, എംഎഫ്ടിഎൽ അനലിസ്റ്റ് സുമേഷ്, നിസാർ എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.
District News
തൃശൂർ: കൈകൂപ്പി അപേക്ഷിച്ചിട്ടും സ്കൂൾ വിദ്യാർഥിയെ ജീവനക്കാരൻ ബസിൽ കയറ്റാത്ത വടക്കാഞ്ചേരിസംഭവം വിവാദമായി കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിൽവരെ എത്തിയിട്ടും തൃശൂരിൽ സ്വകാര്യബസുകളുടെ വിദ്യാർഥിവിരുദ്ധ നിലപാട് തുടരുന്നു. ശക്തൻ സ്റ്റാൻഡിലാണ് വിദ്യാർഥികൾക്കു യാത്രാവിലക്ക് ഉണ്ടായത്.
ഇന്നലെ രാവിലെ കുട്ടനെല്ലൂർ ഭാഗത്തെ സ്കൂളുകളിലേക്കും കോളജുകളിലേക്കും പോകുന്നതിനായി നിരവധി വിദ്യാർഥികളാണു ശക്തൻ സ്റ്റാൻഡിൽ എത്തിയിരുന്നത്. എന്നാൽ ബസ് എടുക്കുന്ന സമയംവരെ ജീവനക്കാർ വിദ്യാർഥികളെ പുറത്തുതന്നെ നിർത്തുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ഉടനടി ഇടപെടുകയും വിദ്യാർഥികളെ ബസിൽ കയറ്റിവിടുകയായിരുന്നു.
അധികൃതരുടെ അനാസ്ഥയെന്ന് ആക്ഷേപം
കഴിഞ്ഞയാഴ്ച വടക്കാഞ്ചേരിയിൽ വിദ്യാർഥിയെ ബസിൽ കയറ്റാതിരുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. തുടർന്ന് മോട്ടോർ വാഹനവകുപ്പും പോലീസും ഇടപെട്ട് കർശന നടപടികൾ സ്വീകരിക്കുകയും ചെയ്തു. കേരളമൊട്ടാകെ ചർച്ചയായ ഈ സംഭവത്തിനു ദിവസങ്ങൾ പിന്നിടുന്പോഴാണ് ജില്ലാ ആസ്ഥാനത്തുതന്നെ സമാനമായ സംഭവം ആവർത്തിക്കുന്നത്. മോട്ടോർ വാഹനവകുപ്പിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നുള്ള കർശന പരിശോധനകളുടെ കുറവാണ് ഇത്തരം നിയമലംഘനങ്ങൾ തുടരാൻ ഇടയാക്കുന്നതെന്നു പൊതുജനങ്ങളും രക്ഷിതാക്കളും ആരോപിക്കുന്നു.
District News
കയ്പമംഗലം: സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ടു നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിവന്നയാളെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമക്കേസ് പ്രതികൂടിയായ കയ്പമംഗലം വഞ്ചിപ്പുര സ്വദേശി കൈതവളപ്പിൽ പദ്മരാജ്(45) ആണ് പോലീസിന്റെ പിടിയിലായത്.
കയ്പമംഗലം സുജിത് ജംഗ്ഷനിൽ പ്രതി നടത്തിവരുന്ന കെ.കെ. ബനാനാ സ്റ്റോഴ്സ് എന്ന സൂപ്പർമാർക്കറ്റിൽനിന്നാണ് തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ ഇയാളെ പിടികൂടിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കടയ്ക്കുള്ളിൽ ഒളിപ്പിച്ച 47 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. പ്രതികൾക്കെതിരേ കോട്പ ആക്ടിനു പുറമെ, ബാലനീതി നിയമത്തിലെ ജാമ്യമില്ലാവകുപ്പും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കയ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസിലും നിരോധിത പുകയില ഉത്പന്നങ്ങളുമായി അറസ്റ്റിലായ കേസിലും പദ്മരാജ് പ്രതിയാണ്. കയ്പമംഗലം സ്റ്റേഷൻ എസ്എച്ച്ഒ ബിജിത്ത്, എസ്ഐ ജ്വോഷർ, ഗ്രേഡ് എഎസ്ഐ മാരായ രാജേഷ്, ജോബി പോൾ, സിപിഒ ഷിജു എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
District News
തൃശൂർ: റെയിൽവേ സ്റ്റേഷനിൽ രാസലഹരിയുമായി ട്രെയിനിറങ്ങിയ യുവാവ് പിടിയിൽ. ഒഡീഷ സ്വദേശി സുധം മാലിക്ക്(34) ആണ് അറസ്റ്റിലായത്. ഷാലിമാർ എക്സ്പ്രസിലാണ് ഇയാൾ തൃശൂരിലെത്തിയത്. തൃശൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സിഐ വി. ജെറോയിയുടെ നേതൃത്വത്തിൽ റെയിൽവേ പോലീസും ചേർന്നാണു പ്രതിയെ പിടികൂടിയത്.
District News
പനത്തടി: പനത്തടി പഞ്ചായത്ത് വിളിച്ചുചേർത്ത അടിയന്തര ഭരണസമിതി യോഗത്തിൽ 31 അജണ്ടകൾ ഉൾപ്പെടുത്തിയതിൽ ക്രമപ്രശ്നം ഉന്നയിച്ച് ഭരണസമിതി അംഗങ്ങൾ. കോൺഗ്രസ് അംഗം എൻ. വിൻസന്റ്, ബിജെപി അംഗം കെ. കെ വേണുഗോപാൽ എന്നിവരാണ് ഭരണസമിതി യോഗത്തിൽ ക്രമപ്രശ്നം ഉന്നയിച്ച് യോഗധ്യക്ഷന്‍ കത്തു നൽകിയത്.
അടിയന്തര ഭരണസമിതി യോഗങ്ങളിൽ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളാണ് അജണ്ടയിൽ ഉൾപ്പെടുത്തേണ്ടതും ചർച്ച ചെയ്യേണ്ടതും. എന്നാൽ 31 അജണ്ടകൾ കുറഞ്ഞ സമയത്ത് ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടി വരുമ്പോൾ അംഗങ്ങൾക്ക് അജണ്ടകൾ കൃത്യമായി പഠിക്കുന്നതിനും അവതരിപ്പിക്കുന്നതിനും അവസരം ലഭിക്കുന്നില്ലയെന്നു ഇവർ ചൂണ്ടിക്കാട്ടുന്നു. മാത്രവുമല്ല ഉച്ചകഴിഞ്ഞ് 2.45ന് ആരംഭിച്ച ഭരണസമിതി യോഗത്തിൽ ഇത്രയും അജണ്ടകൾ ചർച്ചചെയ്യുന്നതിന് പരിമിതമായ സമയം മാത്രമാണെന്നും ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അംഗങ്ങൾ പറഞ്ഞു. കഴിഞ്ഞ മാസങ്ങളിൽ ചേർന്ന അടിയന്തര യോഗങ്ങളിലും അജണ്ടകളുടെ എണ്ണം കൂടുതലായിരുന്നുവെന്നും കത്തിൽ പറയുന്നു.
District News
പാലാവയൽ: നിർദിഷ്ട ഏഴിമല- പുളിങ്ങോം-ബാഗമണ്ഡലം പാതയ്ക്കു വേണ്ടി പുളിങ്ങോം പുഴയ്ക്കു കുറുകേ നിർമിച്ച പാലത്തിന് 20 വയസ്. എം.കെ. മുനീർ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് 2005 ലാണ് ഏഴിമല നാവിക അക്കാഡമിയിൽ നിന്നുതുടങ്ങി ബംഗളൂരു വരെ എത്താവുന്ന പുതിയ പാതയ്ക്കായി പദ്ധതി തയാറാക്കിയത്. കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് അഞ്ചു കോടിയിലധികം രൂപ ചെലവഴിച്ച് ചെറുപുഴയിൽ നിന്ന് റോഡും പുളിങ്ങോം ടൗണിൽ നിന്ന് 200 മീറ്ററോളം അകലെ ബാഗമണ്ഡലവുമായി ബന്ധിപ്പിക്കുന്നതിനായി പാലവും നിർമിച്ചു. 2007 ലാണ് റോഡും പാലവും ഉദ്ഘാടനം ചെയ്തത്. എന്നാൽ അതിനു തൊട്ടുപിന്നാലെ കർണാടക വനംവകുപ്പ് അധികൃതർ പാലത്തിൽനിന്ന് കർണാടക വനത്തിലേക്കുള്ള വഴിയടയ്ക്കുകയായിരുന്നു.
അക്കാലത്തിനുമുമ്പു വരെ പുളിങ്ങോത്തു നിന്ന് തലക്കാവേരിയിലേക്ക് വനത്തിലൂടെയുള്ള വീതികുറഞ്ഞ മൺപാത കർണാടക വനപാലകരുടെ അനുമതിയോടെ ഇരുവശങ്ങളിലുമുള്ള നാട്ടുകാർ ഉപയോഗിച്ചിരുന്നതാണ്. എന്നാൽ പാലം നിർമാണം പൂർത്തിയായതോടെയാണ് ഇവിടം വന്യജീവിസങ്കേതമാണെന്ന് ചൂണ്ടിക്കാട്ടി കർണാടക വനംവകുപ്പ് ഈ പാത പൂർണമായും അടച്ചത്.
വനത്തിലൂടെയുള്ള പുതിയ റോഡ് നിർമാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചിരുന്നില്ലെന്നാണ് പറയുന്നത്. പിന്നെ എന്തിനായിരുന്നു ഇവിടെയൊരു പാലം നിർമിച്ചതെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. 20 വർഷമായി വെറുതേയിട്ടിരിക്കുന്ന പാലത്തിന്റെ ഇരുവശങ്ങളിലും ഇപ്പോൾ കാടുകയറിയ നിലയിലാണ്. ഇരുവശങ്ങളിലുമുള്ള കാൽനടയാത്രക്കാർ മാത്രം ഇപ്പോൾ പാലം ഉപയോഗിക്കുന്നുണ്ട്.
ഇപ്പോൾ കേരളത്തിലും കർണാടകത്തിലും ഒരേസമയത്ത് കോൺഗ്രസ് സർക്കാരുകൾ നിലവിൽ വന്നതോടെ പുതിയ പാതയുടെ കാര്യത്തിൽ വീണ്ടും പ്രതീക്ഷകൾ ഉണരുകയാണ്. വയനാട് ജില്ലയിൽ കബനി നദിക്കു കുറുകേയുള്ള ബൈലക്കുപ്പ പാലത്തിന്റെയും റോഡിന്റെയും പണി പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ കഴിഞ്ഞദിവസം കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ നേരിൽ കണ്ട് നിവേദനം നൽകുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു. സമാനമായ രീതിയിൽ മുടങ്ങിക്കിടക്കുന്ന പുളിങ്ങോം-ബാഗമണ്ഡലം റോഡിന്റെ കാര്യത്തിലും രണ്ടു സർക്കാരുകളുടെയും സജീവമായ ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പുളിങ്ങോം-ബാഗമണ്ഡലം പാത യാഥാർഥ്യമാക്കാൻ കർണാടക സർക്കാരുമായും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവുമായും ആവശ്യമായ ചർച്ചകൾ നടത്തണമെന്നാവശ്യപ്പെട്ട് ചെറുപുഴ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ കഴിഞ്ഞദിവസം തിരുവനന്തപുരത്തെത്തി മന്ത്രി പി.കെ. ബഷീറിന് നിവേദനം നൽകിയിരുന്നു. റോഡ് യാഥാർഥ്യമായാൽ ഉണ്ടാകുന്ന വികസന സാധ്യതകളും മറ്റും ചോദിച്ചറിഞ്ഞ മന്ത്രി ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.
ഏഴിമല - പുളിങ്ങോം - ബാഗമണ്ഡലം പാത യാഥാർഥ്യമായാൽ പുളിങ്ങോത്തുനിന്ന് 18 കിലോമീറ്റർ സഞ്ചരിച്ചാൽ ബാഗമണ്ഡലത്ത് എത്തിച്ചേരാം. ഏഴിമല നാവിക അക്കാദമിയിലും പെരിങ്ങോം സിആർപിഎഫ് കേന്ദ്രത്തിലും നിന്ന് കുറഞ്ഞ ദൂരത്തിൽ ബംഗളൂരുവിൽ എത്തിച്ചേരാൻ കഴിയും.
കേരളത്തിൽ നിന്ന് തലക്കാവേരിയിലേക്കും കുടകിലേക്കും പോകുന്നവർക്കും കർണാടകയിൽ നിന്ന് കൊട്ടിയൂരിലേക്കും തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രവും വിളക്കന്നൂർ ക്രിസ്തുരാജ തീർഥാടന പള്ളിയുമുൾപ്പെടെയുള്ള കേന്ദ്രങ്ങളിലേക്കും എത്തുന്നവർക്കും ഇത് ഏറെ പ്രയോജനം ചെയ്യും. ഇതോടപ്പം ചെറുപുഴ, പെരിങ്ങോം-വയക്കര, ഈസ്റ്റ് എളേരി, വെസ്റ്റ്എളേരി പഞ്ചായത്തുകളുടെ സമഗ്രവികസനത്തിനും വിനോദസഞ്ചാരമേഖലയ്ക്കും ഇത് ഏറെ ഗുണകരമാകും.
District News
നീലേശ്വരം: നീലേശ്വരം മാര്‍ക്കറ്റിലെ കോട്ടപ്പുറം ജംഗ്ഷനില്‍ ദേശീയപാത അഥോറിറ്റിയും കരാര്‍ കമ്പനിയായ മേഘ കണ്‍സ്ട്രക്ഷനും ഏകപക്ഷീയമായി അണ്ടര്‍പാസ് നിര്‍മാണം ആരംഭിക്കാനുള്ള നീക്കത്തിനെതിരേ ജനരോഷം ഇരമ്പുന്നു. ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള ഈ നിര്‍മാണശ്രമം എന്തു ത്യാഗം സഹിച്ചും തടയുമെന്ന് നീലേശ്വരം ജനകീയ സമര സമിതി അറിയിച്ചു. ആകാശപാത (ഫ്ലൈഓവര്‍) വിഷയത്തില്‍ ശാശ്വതമായ ഒരു ചര്‍ച്ചയിലൂടെ പരിഹാരം കാണുന്നത് വരെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒരടിപോലും മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് സമിതി മുന്നറിയിപ്പ് നല്കി. ജനകീയ സമരം 93 ദിവസത്തില്‍ എത്തി നില്ക്കുമ്പോള് ജനങ്ങളുടെ ഈ ന്യായമായ ആവശ്യത്തിനുനേരെ കണ്ണടയ്ക്കുന്ന അധികാരികളുടെ ഈ മനോഭാവം തികച്ചു അപലപനീയമാണ്.
പ്ലാനില്‍ ഇല്ലാത്ത ഈ അണ്ടര്‍പാസ് നിര്‍മാണം നീലേശ്വരം നഗരത്തിന്റെ നെടുംതൂണായ രാജാ റോഡിലേക്കുള്ള പ്രവേശന കവാടത്തെ പൂര്‍ണമായും ഇല്ലാതാക്കും. കൂടാതെ നീലേശ്വരം നഗരത്തെ രണ്ടായി വിഭജിച്ച് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന ഈ കോണ്‍ക്രീറ്റ് കോട്ടകള്‍ പ്രദേശത്തെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന നീലേശ്വരം സ്കൂളിന്റെ നിലനില്‍പ്പിനും സുരക്ഷയ്ക്കും കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇതിനു പകരം നെടുങ്കണ്ട മുതല്‍ കരുവാച്ചേരി വരെ തൂണുകളിന്മേല്‍ നിര്‍മിക്കുന്ന ആകാശപാത മാത്രമാണ് ഇതിന് ഏക പ്രതിവിധി.
നീലേശ്വരത്തിന്റെ ചരിത്രപരമായ പ്രധാന്യവും ഭാവി വികസനവും തകര്‍ക്കുന്ന ഈ ജനവിരുദ്ധ നയത്തിനെതിരേ വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് ജനകീയ സമരസമിതിയുടെ തീരുമാനം. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് ആകാശപാത അനുവദിക്കുന്നത് വരെ നിര്‍മാണസ്ഥലം ഉപരോധിക്കുന്നത് അടക്കമുള്ള അതിശക്തമായ ജനകീയ പ്രതിരോധം തുടരുമെന്ന് സമര സമിതി ഭാരവാഹികള്‍ അറിയിച്ചു.
District News
കാസര്‍ഗോഡ്: ജില്ലയിലെ വിവിധ വികസന പ്രവര്‍ത്തനങ്ങക്ക് പിന്തുണ ആവശ്യപ്പെട്ട് ജില്ലയിലെ ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സന്ദര്‍ശിച്ച് നിവേദനം നല്കി. ജില്ലയുടെ പിന്നോക്കാവസ്ഥ മറികടക്കാന്‍ പ്രഭാകരന് കമ്മീഷന് നിര്‍ദേശപ്രകാരമാണ് കാസര്‍ഗോഡിനായി പ്രത്യേക പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചത്.
വര്‍ധിച്ചുവരുന്ന ജില്ലയുടെ സാമൂഹിക സാമ്പത്തിക ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കാസര്‍ഗോഡ് വികസന പാക്കേജിന് 100 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള തനത് വിഹിതവും സിഎസ്ആര്‍ ഫണ്ട് വിഹിതത്തിലും ഉണ്ടായ കുറവ് ജില്ലാപഞ്ചായത്തിന്റെ കാര്യക്ഷമമായ പദ്ധതി നിര്‍വഹണത്തില്‍ ഉണ്ടാക്കുന്ന പ്രയാസം തദ്ദേശസ്വയം ഭരണ മന്ത്രിയെ അറിയിച്ചു.
മഴക്കാല രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലാ ആശുപത്രി ഉള്‍പ്പെടെയുള്ള ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ 143 ഡോക്ടര്‍മാരുടെ കുറവാണ് നിലനില്‍ക്കുന്നത്. ജില്ലാ ആശുപത്രിയില്‍ ഫോറന്‍സിക് സര്‍ജനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലാപഞ്ചായത്തിന് കീഴിലുള്ള സീഡ് ഫാം വികസനം, ജില്ലയ്ക്ക് പുതിയ മണ്ണുപരിശോധനാകേന്ദ്രം അനുവദിക്കുക, ടാറ്റാ ഗവ. ഹോസ്പിറ്റല്‍ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയാക്കി ഉയര്‍ത്താനുള്ള നടപടികള്‍, കൂടുതല്‍ റോഡുകള്‍ പിഡബ്ല്യുഡി ഏറ്റെടുത്ത് വികസിപ്പിക്കുക തുടങ്ങി ജില്ലയിലെ ജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും പിന്തുണ ആവശ്യപ്പെടുകയും ചെയ്തു. മുഖ്യമന്ത്രി വി.ഡി. സതീശന്, തദ്ദേശസ്വയംഭരണമന്ത്രി കെ.എം. ഷാജി, ആരോഗ്യമന്ത്രി കെ. മുരളീധരന്, വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍ തുടങ്ങിയ മന്ത്രിമാരെ ജില്ലയിലെ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു.
എംഎല്‍എമാരായ എ.കെ.എം. അഷറഫ്, ഗോവിന്ദന് പള്ളിക്കാപ്പില്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, വൈസ്പ്രസിഡന്റ് കെ.കെ. സോയ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ എം. മനു, അംഗങ്ങളായ അസീസ് കളത്തൂര്‍, ജെ.എസ്. സോമശേഖര, പി.ബി. ഷഫീഖ്, ജില്ലാപഞ്ചായത്ത് സെക്രട്ടറി എസ്. ബിജു എന്നിവര്‍ നിവേദന സംഘത്തോടൊപ്പമുണ്ടായിരുന്നു.
District News
പനത്തടി: വായനാദിനാചരണത്തിന്റെ ഭാഗമായി ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എഴുത്തുകാരൻ അനുജിത് ശശിധരനുമായുള്ള വിദ്യാർഥി സംവാദം സംഘടിപ്പിച്ചു. ഡിസി ബുക്സ് സുവർണ ജൂബിലി നോവൽ മത്സരത്തിൽ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ജയോപാഖ്യാനം, 1926 ക്രൈം @ കോട്ടയം എന്നീ കൃതികളുടെ രചയിതാവായ അനുജിത്ത് ശശിധരൻ തന്റെ എഴുത്തുയാത്രയിലെ അനുഭവങ്ങളും വിദ്യാർഥികളുമായി പങ്കുവച്ചു. പ്രിൻസിപ്പൽ ഫാ. ജോസ് കളത്തിപറമ്പിൽ നേതൃത്വം നൽകി.
കുറ്റിക്കോൽ: തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിന്റെ നേതൃത്വത്തില്‍ കുറ്റിക്കോല്‍ പഞ്ചായത്തിലെ ആലിന്‍താഴെ എസ്ടി ഉന്നതി കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഉന്നതിയിലെ ലൈബ്രറിയിലേക്ക് 250 പുസ്തകങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ശോഭനകുമാരി അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണവകുപ്പ് അഡീ. ഡയറക്ടര്‍ ജോസഫ് ചാക്കോ അക്ഷരോന്നതി പദ്ധതി വിശദീകരിച്ചു. കവിയും അധ്യാപകനുമായ ബിജു ജോസഫുമായി അക്ഷരവഴിയിലെ ഇളംതലമുറ എന്ന വിഷയത്തില്‍ സംവാദം നടന്നു. വാര്‍ഡ് മെംബര്‍ വി. രതീശന്, എസ്ടി പ്രമോട്ടര്‍ സുകന്യ എന്നിവർ പ്രസംഗിച്ചു.
District News
കാസര്‍ഗോഡ്: അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് സിവില്സ്റ്റേഷന് പരിസരത്തു നിന്നാരംഭിച്ച് ഉദയഗിരി ജില്ലാ സ്പോര്‍ട്സ് അക്കാദമി പരിസരം വരെ സംഘടിപ്പിച്ച ഒളിമ്പിക് റണ്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഫ്ലാഗ് ഓഫ് ചെയ്തു.
ദേശീയ ഫെന്‍സിംഗ് കേഡറ്റില്‍ വെങ്കല മെഡല്‍ നേടിയ അനൈഡ നമ്പ്യാരെ കളക്ടര്‍ അനുമോദിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പള്ളം നാരായണന്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രധിനിധി പി.പി. അശോകന്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യുട്ടീവ് അംഗം അശോകന് ധര്‍മത്തടുക്ക എന്നിവര്‍ പ്രസംഗിച്ചു.
ചുള്ളിക്കര: അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് ചുള്ളിക്കര ടൗണിൽ ജില്ലാ റഗ്ബി അസോസിയേഷന്റെ നേതൃത്വത്തിൽ ഒളിമ്പിക് റാലി സംഘടിപ്പിച്ചു. കായികതാരങ്ങളായ അന്ന റെജി, എൽന സിജോ, മരിയ ഷാജി എന്നിവർക്ക് ദീപശിഖ കൈമാറി. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത ഉദ്ഘാടനം നിർവഹിച്ചു. എം.എം. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഫാ. സനീഷ് കയ്യാലക്കകത്ത് മുഖ്യാതിഥിയായിരുന്നു. സാജു തോമസ്, പഞ്ചായത്തംഗം ലിറ്റി ജോസ്, ചുള്ളിക്കര വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി. ജോസഫ്, പ്രിൻസിപ്പൽ മധുസൂദനൻ മങ്കത്തിൽ, പിടിഎ പ്രസിഡന്റ് സനൽ ഫിലിപ്പ്, റെജി ഒടയംചാൽ, ബാലചന്ദ്രൻ, മനോജ് പള്ളിക്കര, ടെസി എന്നിവർ പ്രസംഗിച്ചു.
തൃക്കരിപ്പൂർ: അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ നേതൃത്വത്തിലാണ് തങ്കയം മുക്കിൽ നിന്നു ടൗണിലേക്ക് റാലി സംഘടിപ്പിച്ചു. അന്തർ ദേശീയ വനിത ഫുട്ബോൾ താരം പി. മാളവിക, അന്തർ ദേശീയ പഞ്ചഗുസ്തി താരങ്ങളായ പ്രതീഷ് മീത്തൽ, ജോഷ്വ, അന്തർ ദേശീയ സെപക്താക്രോ താരം കെ. ശ്രേയ, ദേശീയ ബാസ്ക്റ്റ്ബോൾ താരം ബി. ഗോപാലകൃഷ്ണൻ, സന്തോഷ് ട്രോഫി താരം വിജയചന്ദ്രൻ പള്ളിക്കര, ദേശീയ ഫുട്ബോൾ താരങ്ങളായ ടി.വി. ബിജുകുമാർ, പി.വി. പ്രഭാകരൻ എന്നിവർ ചേർന്ന് ഒളിമ്പിക് റാലി ഫ്ലാഗ് ഓഫ് ചെയ്തു. വെള്ളാപ്പ് റോഡ് ജംഗ്ഷൻ ചുറ്റി കൂലേരി ഗവ. എൽപി സ്കൂളിൽ റാലി സമാപിച്ചു.
ബ്രസീലിലെ റിയോയിൽ 2016 ൽ നടന്ന ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ടീമിന്റെ പരിശീലകൻ പരിശീലകൻ എൻ.എ. മുഹമ്മദ് കുഞ്ഞി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സാജിദ സഫറുള്ള അധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ ജില്ല സെക്രട്ടറി എം. അച്യുതൻ, വൈസ് വൈസ് പ്രസിഡന്റ് ഡോ. എം.കെ. രാജശേഖരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രജീഷ് ബാബു, അംഗങ്ങളായ ഫായിസ് ബീരിച്ചേരി, കെ. സുനിത, ടി. പവിത്രൻ, സിദ്ദിഖ് ചക്കര, കെ.വി. ഗോപാലൻ എന്നിവർ പ്രസംഗിച്ചു.
District News
കണ്ണൂർ: കണ്ണൂരിന്റെ ഗ്രാസ്റൂട്ട് ഫുട്ബോള്‍ വികസനം ലക്ഷ്യമിട്ട് സൂപ്പര്‍ ലീഗ് കേരള ചാമ്പ്യന്മാരായ കണ്ണൂര്‍ വാരിയേഴ്സ് എഫ്സി. ജില്ലയിലെ വളര്‍ന്നുവരുന്ന യുവ ഫുട്ബോള്‍ താരങ്ങള്‍ക്ക് പ്രഫഷണല്‍ രീതിയില്‍ പരിശീലനം ഒരുക്കാൻ കണ്ണൂര്‍ വാരിയേഴ്സ് ഫുട്ബോള്‍ അക്കാദമി തയാർ. 10 മുതല്‍ 15 വരെ വയസുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം.
രണ്ട് വിഭാഗങ്ങളിലായാണ് പരിശീലനം. ആഴ്ചയില്‍ രണ്ടുദിവസം പരിശീലനം ലഭിക്കുന്ന ഫ്യൂച്ചര്‍ വാരിയേഴ്സ് വിഭാഗവും മൂന്നുദിവസം പരിശീലനം നല്കുന്ന ഡവലപ്മെന്റ് ബാച്ചും കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. പഠനത്തെ ബാധിക്കാതെ പ്രായത്തിനും കഴിവിനും അനുയോജ്യമായ പരിശീലന പരിപാടികളാണ് ഓരോ ബാച്ചിനും തയാറാക്കിയിരിക്കുന്നത്.
അക്കാദമിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്ക് ജഴ്സി, ഷോര്‍ട്സ്, സ്റ്റോക്കിംഗ്സ്, അക്കാഡമി ബാഗ്, വാട്ടര്‍ ബോട്ടില്‍, പ്ലെയര്‍ ഐഡി കാര്‍ഡ്, എഐഎഫ്എഫ് പ്ലെയര്‍ രജിസ്ട്രേഷന് തുടങ്ങിയ സൗകര്യങ്ങളും ലഭിക്കും. അതോടൊപ്പം, ക്രമബദ്ധമായ പരിശീലന പാഠ്യപദ്ധതി, സ്ഥിരമായ പ്രകടന വിലയിരുത്തലുകള്‍, സമഗ്ര വ്യക്തിത്വ വികസന പരിശീലനം എന്നിവയും അക്കാദമിയുടെ പ്രത്യേകതകളാണ്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികള്‍ക്ക് ഭാവിയില്‍ കണ്ണൂര്‍ വാരിയേഴ്സ് യുവ ടീമുകളിലേക്ക് അവസരം ലഭിക്കും.
പയ്യന്നൂര്‍, പഴയങ്ങാടി (9995577638), തളിപ്പറമ്പ്, ആന്തൂര്‍ (9995577649), കണ്ണൂര്‍, മുണ്ടേരി (9995577601), തലശേരി, പിണറായി (9995577616) എന്നീ കേന്ദ്രങ്ങളിലായിരിക്കും അക്കാദമി പ്രവര്‍ത്തിക്കുക. ഇതിലൂടെ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികള്‍ക്ക് സ്വന്തം പ്രദേശത്തിന് സമീപം തന്നെ നിലവാരമുള്ള പരിശീലനം ലഭ്യമാക്കും. നേരത്തെ കണ്ണൂര്‍ വാരിയേഴ്സ് ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ രണ്ടുമാസം നീണ്ടുനില്‍ക്കുന്ന സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.
District News
ഇരിട്ടി: കേരള-കർണാടക അതിർത്തി ചെക്ക്പോസ്റ്റിൽ പോലീസും ഡാൻസാഫും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ 9.511 ഗ്രാം എംഡിഎംഎയുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർ പിടിയിൽ. ആര്യ ട്രാവൽസ് ബസിലെ ഡ്രൈവർ പടിയൂർ സ്വദേശി ഡെന്നി ഏബ്രഹാം (39) ആണ് പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസമാണ് പ്രതിയെ പിടികൂടിയത്. ഇൻസുലേഷൻ ടേപ്പിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്.
വാഹനം ഉൾപ്പെടെ പോലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ ഇരിട്ടി എസ്ഐ എൻ. വിപിൻ, എസ്ഐ ശ്രീനാഥ്, എഎസ്ഐ സാരംഗ്, എസ്സിപിഒ പ്രിയേഷ്, ഡാൻസാഫ് അംഗങ്ങളായ ജിജി മോൻ, ഷൗക്കത്തലി, അനൂപ് എന്നിവർ പങ്കെടുത്തു.
District News
മട്ടന്നൂർ: ഉംറ തീർഥാടകരുമായി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് കത്തി നശിച്ചു. ഇന്നലെ പുലർച്ചെ രണ്ടോടെ ശിവപുരത്തായിരുന്നു സംഭവം. ആർക്കും പരിക്കില്ല. രണ്ടു കടകൾക്കും കേടുപാടുകളുണ്ടായി. തീർഥാടകരെ മറ്റൊരു ബസിൽ വിമാനത്താവളത്തിലെത്തിച്ചു.
മാനന്തവാടിയിൽനിന്ന് ഉംറ തീർഥാടകരുമായി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. 42 പേരാണ് ബസിലുണ്ടായിരുന്നത്. ബസ് ശിവപുരം ടൗണിലെത്തിയപ്പോൾ പുക വരുന്നത് കണ്ട് ഡ്രൈവർ നിർത്തുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാരെ ഇറക്കി. ബാഗുകളും മറ്റും നീക്കം ചെയ്തു. പിന്നാലെ പൊട്ടിത്തെറിയുണ്ടാകുകയും തീപിടിക്കുകയുമായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്നു മട്ടന്നൂരിൽനിന്ന് അഗ്നിശമന വിഭാഗവും നാട്ടുകാരും ചേർന്നു തീയണച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചു.
തീപിടിത്തത്തിൽ ബസിന് സമീപമുണ്ടായിരുന്ന രണ്ടു കടകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. അഷ്കറിന്റെ ഫ്രൂട്സ് കടയുടെ നെയിം ബോർഡും ഫ്രൂട്സും കത്തിനശിച്ചു. സമീപത്തെ ബേക്കറിയുടെ നെയിംബോർഡിനും മുസ്ലീം ലീഗ് ഓഫീസിന്റെ ജനലിനും കേടുപാടുകൾ സംഭവിച്ചു. മാലൂർ പോലീസും സ്ഥലത്ത് എത്തിയിരുന്നു.