തിരുവനന്തപുരം: തിരുവനന്തപുരം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 28-ാമത് ഫാ. എഫ്രേം ട്രോഫി ഓൾ കേരള ഇന്റർ സ്കൂൾ പ്രൈസ് മണി ബാസ്കറ്റ്ബോൾ ടൂർണമെന്റിന് ഇന്ന് തുടക്കമാകും. സംസ്ഥാനത്തെ പ്രമുഖരായ 12 സ്കൂൾ ടീമുകൾ മാറ്റുരയ്ക്കുന്ന ത്രിദിന ടൂർണമെന്റിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30 ന് ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിക്കും. സ്കൂൾ മാനേജർ ഫാ. ജെറോം അൽഫോൻസ് അധ്യക്ഷത വഹിക്കും. തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടർ വിഷ്ണോയ് ദിനേശ് മുഖ്യാതിഥിയാകും.
പ്രിൻസിപ്പൽ ഡോ. സുനിൽ കുമാർ മൊറായിസ്, പിടിഎ പ്രസിഡന്റ് ഹാഷിം സലിം, സ്റ്റാഫ് സെക്രട്ടറി എ. ഗ്ലാവിയസ്, ജനറൽ കണ്‍വീനർ മനോജ് സേവ്യർ, ഹെഡ്മാസ്റ്റർ നിധീഷ് സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിക്കും. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ സെന്റ് ജോസഫ്സ് എച്ച്എസ്എസ്, തിരുവനന്തപുരം നസ്രത്ത് ഹോം സ്കൂളിനെ നേരിടും. തുടർന്ന് മൂന്നിനു സെന്റ് ജോസഫ്സ് എച്ച്എസ്എസ് തലശേരി വിപിഎസ് സ്കൂളുമായും, വൈകുന്നേരം നാലിന് ലയോള എച്ച്എസ്എസ് ഭാരതീയ വിദ്യാഭവനുമായും ഏറ്റുമുട്ടും.
വൈകുന്നേരം അഞ്ചിന് സെന്റ് ജോസഫ്സ് ബിടീം സർവോദയ എച്ച്എസ്എസുമായും ഏറ്റുമുട്ടും. ഓക്സ്ഫോർഡ് സ്കൂൾ, സെന്റ് സ്റ്റീഫൻസ് എച്ച്എസ്എസ്, സെന്റ് ജോസഫ്സ് എച്ച്എസ്എസ് പുളിക്കുന്ന് എന്നിവയാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന മറ്റു പ്രമുഖ ടീമുകൾ. ബുധനാഴ്ച രാവിലെ ഒൻപതിനാണ് ഫൈനൽ മത്സരം.
Tags : Basketball Tournament Nttuvishesham Districtnews