തൃശൂർ: വി.ഡി. സതീശൻ വി.ഡി. സവർക്കറാകരുത് എന്ന മുദ്രാവാക്യത്തോടെ എഐഎസ്എഫ് -എഐവൈഎഫ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ തൃശൂർ ഡിഇഒ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എഐവൈഎഫും എഐഎസ്എഫും നടത്തിയ നിയമസഭാ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്കു നേരെയുള്ള പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.
പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന് ആരംഭിച്ച പ്രകടനം മോഡൽ ബോയ്സ് സ്കൂളിന് സമീപം പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതു മറിക്കടക്കാൻ പ്രവർത്തകർ ശ്രമിച്ചതാണ് സംഘർഷത്തിലേക്കും തുടർന്ന് ജലപരീങ്കി പ്രയോഗത്തിലേക്കും വഴിവച്ചത്. ഇതിനിടെ പ്രവർത്തകർക്കു നേരെ പോലീസ് പ്രയോഗിച്ച ജലപീരങ്കിയിൽനിന്നു ചെളിവെള്ളം വന്നത് മറ്റൊരു പ്രതിഷേധത്തിന് വഴിയൊരുക്കി.
തുടർന്നു നടന്ന ധർണ എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.
എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ അധ്യക്ഷത വഹിച്ചു. എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടോക്കാരൻ, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. അഭിറാം, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.കെ. വിനീഷ്, ടി.പി. സുനിൽ, ലിനി ഷാജി എന്നിവർ പ്രസംഗിച്ചു.
പകർച്ചവ്യാധികളും മസ്തിഷ്ക ജ്വരവും പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രതിഷേധക്കാർക്കെതിരേ പോലീസ് ജലപീരങ്കിയിൽ മലിനജലം ഉപയോഗിച്ചത് മനുഷ്യാവകാശ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി സംഭവത്തിൽ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.
Tags : water cannon Nttuvishesham Distict news