മട്ടന്നൂർ: ഉംറ തീർഥാടകരുമായി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് കത്തി നശിച്ചു. ഇന്നലെ പുലർച്ചെ രണ്ടോടെ ശിവപുരത്തായിരുന്നു സംഭവം. ആർക്കും പരിക്കില്ല. രണ്ടു കടകൾക്കും കേടുപാടുകളുണ്ടായി. തീർഥാടകരെ മറ്റൊരു ബസിൽ വിമാനത്താവളത്തിലെത്തിച്ചു.
മാനന്തവാടിയിൽനിന്ന് ഉംറ തീർഥാടകരുമായി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. 42 പേരാണ് ബസിലുണ്ടായിരുന്നത്. ബസ് ശിവപുരം ടൗണിലെത്തിയപ്പോൾ പുക വരുന്നത് കണ്ട് ഡ്രൈവർ നിർത്തുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാരെ ഇറക്കി. ബാഗുകളും മറ്റും നീക്കം ചെയ്തു. പിന്നാലെ പൊട്ടിത്തെറിയുണ്ടാകുകയും തീപിടിക്കുകയുമായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്നു മട്ടന്നൂരിൽനിന്ന് അഗ്നിശമന വിഭാഗവും നാട്ടുകാരും ചേർന്നു തീയണച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചു.
തീപിടിത്തത്തിൽ ബസിന് സമീപമുണ്ടായിരുന്ന രണ്ടു കടകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. അഷ്കറിന്റെ ഫ്രൂട്സ് കടയുടെ നെയിം ബോർഡും ഫ്രൂട്സും കത്തിനശിച്ചു. സമീപത്തെ ബേക്കറിയുടെ നെയിംബോർഡിനും മുസ്ലീം ലീഗ് ഓഫീസിന്റെ ജനലിനും കേടുപാടുകൾ സംഭവിച്ചു. മാലൂർ പോലീസും സ്ഥലത്ത് എത്തിയിരുന്നു.
Tags : pilgrims set on fire Nttuvishesham Distict news