കാസര്‍ഗോഡ്: ജില്ലയിലെ വിവിധ വികസന പ്രവര്‍ത്തനങ്ങക്ക് പിന്തുണ ആവശ്യപ്പെട്ട് ജില്ലയിലെ ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സന്ദര്‍ശിച്ച് നിവേദനം നല്കി. ജില്ലയുടെ പിന്നോക്കാവസ്ഥ മറികടക്കാന്‍ പ്രഭാകരന് കമ്മീഷന് നിര്‍ദേശപ്രകാരമാണ് കാസര്‍ഗോഡിനായി പ്രത്യേക പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചത്.
വര്‍ധിച്ചുവരുന്ന ജില്ലയുടെ സാമൂഹിക സാമ്പത്തിക ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കാസര്‍ഗോഡ് വികസന പാക്കേജിന് 100 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള തനത് വിഹിതവും സിഎസ്ആര്‍ ഫണ്ട് വിഹിതത്തിലും ഉണ്ടായ കുറവ് ജില്ലാപഞ്ചായത്തിന്റെ കാര്യക്ഷമമായ പദ്ധതി നിര്‍വഹണത്തില്‍ ഉണ്ടാക്കുന്ന പ്രയാസം തദ്ദേശസ്വയം ഭരണ മന്ത്രിയെ അറിയിച്ചു.
മഴക്കാല രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലാ ആശുപത്രി ഉള്‍പ്പെടെയുള്ള ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ 143 ഡോക്ടര്‍മാരുടെ കുറവാണ് നിലനില്‍ക്കുന്നത്. ജില്ലാ ആശുപത്രിയില്‍ ഫോറന്‍സിക് സര്‍ജനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലാപഞ്ചായത്തിന് കീഴിലുള്ള സീഡ് ഫാം വികസനം, ജില്ലയ്ക്ക് പുതിയ മണ്ണുപരിശോധനാകേന്ദ്രം അനുവദിക്കുക, ടാറ്റാ ഗവ. ഹോസ്പിറ്റല്‍ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയാക്കി ഉയര്‍ത്താനുള്ള നടപടികള്‍, കൂടുതല്‍ റോഡുകള്‍ പിഡബ്ല്യുഡി ഏറ്റെടുത്ത് വികസിപ്പിക്കുക തുടങ്ങി ജില്ലയിലെ ജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും പിന്തുണ ആവശ്യപ്പെടുകയും ചെയ്തു. മുഖ്യമന്ത്രി വി.ഡി. സതീശന്, തദ്ദേശസ്വയംഭരണമന്ത്രി കെ.എം. ഷാജി, ആരോഗ്യമന്ത്രി കെ. മുരളീധരന്, വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍ തുടങ്ങിയ മന്ത്രിമാരെ ജില്ലയിലെ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു.
എംഎല്‍എമാരായ എ.കെ.എം. അഷറഫ്, ഗോവിന്ദന് പള്ളിക്കാപ്പില്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, വൈസ്പ്രസിഡന്റ് കെ.കെ. സോയ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ എം. മനു, അംഗങ്ങളായ അസീസ് കളത്തൂര്‍, ജെ.എസ്. സോമശേഖര, പി.ബി. ഷഫീഖ്, ജില്ലാപഞ്ചായത്ത് സെക്രട്ടറി എസ്. ബിജു എന്നിവര്‍ നിവേദന സംഘത്തോടൊപ്പമുണ്ടായിരുന്നു.
Tags : Minister and ministers Nttuvishesham Distict news