പഞ്ചായത്ത് പകൽ വീട് തുറന്നു കൊടുത്ത് പ്രസിഡന്റ് മോളി തോമസ് പ്രസംഗിക്കുന്നു.
ചക്കിട്ടപാറ:അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ എൽഡിഎഫ് ഭരണ സമിതി ഒമ്പത് വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത് വയോജന കമ്മിറ്റിയെ ഏൽപിച്ച ചക്കിട്ടപാറ പകൽ വീടിന് ശാപ മോക്ഷം.
2017 ലാണ് വൈദ്യുതിയോ വെള്ളമോ ഇല്ലാതെ പകൽ വീട് ഉദ്ഘാടനം ചെയ്തത്. വയോജനങ്ങൾക്ക് പ്രവേശനം നിഷേധിച്ച് ഇതരസംസ്ഥാനക്കാരായ തൊഴിലാളികള്‍ അടക്കം പലരും ഇതിൽ താമസമാക്കിയിരുന്നു.നവീകരിച്ച് വൈദ്യുതിയും വെള്ളവും മറ്റ് സൗകര്യങ്ങളും ഒരുക്കിയാണ് പകൽ വീട് ഇപ്പോൾ പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്.പ്രസിഡന്റ് മോളി തോമസ് പകൽ വീട് വയോജനങ്ങൾക്കായി തുറന്നു കൊടുത്തു. കൂടുതൽ സൗകര്യങ്ങൾ പകൽ വീട്ടിൽ ഇനിയും ഒരുക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട് അധ്യക്ഷത വഹിച്ചു.
ജന പ്രതിനിധികളായ ജോസ് ചെറുവള്ളിൽ, ജിൻസി മനോജ്, മൊയ്തി കോടേരി, ബിന്ദു ബാലകൃഷ്ണൻ, ഗിരീഷ് കോമച്ചങ്കണ്ടി, ബാബു പള്ളിക്കുടം, വി.കെ.വത്സ, ആസൂത്രണ ഉപാധ്യക്ഷൻ ബാബു കൂനന്തടം, ഐസിഡിഎസ് സൂപ്പർവൈസർ നീതു കുര്യാക്കോസ്, സിഡിഎസ് ചെയർപേഴ്സൺ മഞ്ജുഷ സനൽ, വയോജന പ്രതിനിധികളായ ഡി. ജോസഫ്, സി.വിജയകുമാർ, രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.