കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എക്സ് റേ യൂണിറ്റ് അടച്ചിട്ട് ഒരു മാസത്തോളമായി. മെഷീൻ തകരാറാണ് കാരണം. ഇതുമൂലം രോഗികള്‍ സ്വകാര്യ സ്ഥാപനങ്ങളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. പ്രശ്നം പരിഹരിച്ച് എക്സറേ യൂണിറ്റ് തുറക്കാന്‍ അധികാരികളുടെ ഇടപെടല്‍ ഉണ്ടായില്ല. ആശുപത്രിയുടെ നടത്തിപ്പ് ചുമതലയുള്ള മുനിസിപ്പാലിറ്റിയുടെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ അലംഭാവമാണുണ്ടായത്.
തെരഞ്ഞെടുപ്പ് ആയതിനാല്‍ ആശുപത്രിയുടെ കാര്യത്തില്‍ ശ്രദ്ധപതിപ്പിക്കാന്‍ ആരുമുണ്ടായില്ല. ആദിവാസികള്‍ അടക്കമുള്ളവര്‍ ധാരാളമായി ചികിത്സതേടിയെത്തുന്ന താലൂക്ക് ആശുപത്രിയാണ് കോതമംഗലത്തേത്. എക്സ്റേ സൗകര്യം ഇല്ലാതായതോടെ രോഗികള്‍ക്ക് അധികസാമ്പത്തിക ചെലവാണുണ്ടാകുന്നത്.
അപകടത്തിലുള്‍പ്പെടെ പരിക്കേറ്റ് അടിയന്തിര ചികിത്സക്കെത്തുന്നവര്‍ ആണ് എക്സ്റേ യൂണിറ്റ് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് കൂടുതലും അനുഭവിക്കുന്നത്. ചികിത്സ ലഭിക്കാന്‍ കാലതാമസം ഉണ്ടാകുമെന്നതും ഒരു പ്രശ്നമാണ്. ഈ സാഹചര്യത്തില്‍ രോഗിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട അവസ്ഥയും ഉണ്ടാകും.
Tags : nattu vishesham Kothamangalam Taluk Hospital