മാള: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് നേരിടുന്നത് എൽഡിഎഫ്-ബിജെപി പങ്കാളിത്തത്തെയാണെന്ന് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
എൽഡിഎഫിനെ സഹായിക്കുന്ന അദൃശ്യ കരമായി ഇവിടെ ബിജെപി പ്രവർത്തിക്കുന്നു. മാളയിൽ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പുപ്രചാരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇടതുമുന്നണിക്കു മറ്റൊരു പ്രശ്നംകൂടിയുണ്ട്. ഇന്നു ഞാൻ വരുമ്പോൾ നിരത്തുകളിലുടനീളം കണ്ടത് മുഖ്യമന്ത്രിയുടെ മുഖം പതിപ്പിച്ച കൂറ്റൻ ഫ്ലക്സ് ബോർഡുകളാണ്.
കേരളത്തെ നയിക്കാൻ തനിക്കു മാത്രമേ കഴിയൂ എന്നാണ് അദ്ദേഹം പറയുന്നത്. കേരള മുഖ്യമന്ത്രി ദൈവമോ മഹാരാജാവോ അല്ല. ഒരു നേതാവിനുവേണ്ടതു വിനയം, സഹാനുഭൂതി, സ്നേഹം എന്നീ ഗുണങ്ങളാണ്.
കേരളം ഭരിച്ച യുഡിഎഫ് മുഖ്യമന്ത്രിമാർക്കെല്ലാം ഈ ഗുണങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, ഇന്നത്തെ മുഖ്യമന്ത്രിയുടെ മുഖഭാവവും പെരുമാറ്റവും ധാർഷ്ട്യത്തിന്റെ അങ്ങേയറ്റമാണ്. അതാണ് "ഞാൻ അല്ലാതെ മറ്റാര്' എന്നുപറയാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. ഇതേ മുഖഭാവമാണ് മോദിക്കും അമിത് ഷായ്ക്കും ഉള്ളത്.
കേരളത്തിലെ കർഷകന്റെ കഷ്ടപ്പാടും തൊഴിലാളിയുടെ ബുദ്ധിമുട്ടും യുവജനങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളും ഇവർ തിരിച്ചറിയുന്നില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു.
Tags : BJP invisible hand supporting LDF Rahul Gandhi Kerala Assembly Election Niyama Sabha Election