ആലപ്പുഴ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ നടന്ന ഇഡി റെയ്ഡിൽ പ്രതികരിച്ച് സജി ചെറിയാൻ എംഎൽഎ. കോണ്‍ഗ്രസിനെ ബിജെപി തൊഴുത്തില്‍ കെട്ടുകയാണെന്നും അതിന്റെ തുടക്കമാണ് ഈ റെയ്ഡ് എന്നും സജി ചെറിയാന് പറഞ്ഞു.
തങ്ങൾ വലിയ പരാജയം നേരിട്ട സമയമാണിത്. അധികാരത്തിന് പുറത്ത് പോയി. പരാജയം അംഗീകരിച്ചു. ക്രിയത്മക പ്രതിപക്ഷമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. അതിനിടെയാണ് തെരുവില്‍ ഇറങ്ങേണ്ടി വന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തങ്ങള്‍ ഇറങ്ങിയതല്ല, തങ്ങളെ ഇറക്കിയതാണ്. ഇത് കോൺഗ്രസ്-ബിജെപി ഡീല്‍ ആണ്. അതിന്റെ തുടക്കമാണ് ഈ റെയ്ഡ്. ഈ ഡീലില്‍ കേരളത്തിലെ എൽഡിഎഫിനെ ചതിച്ച് തോല്‍പ്പിച്ചുവെന്നും സജി ചെറിയാൻ ആരോപിച്ചു.
റെയ്ഡ് ചെയ്തിട്ട് എന്ത് കിട്ടിയെന്ന് ചോദിച്ച സജി ചെറിയാൻ പിണറായി വിജയന് ഈ കേസുമായി എന്താണ് ബന്ധമെന്നും ആരാഞ്ഞു. ഇഡി വേട്ടയാടുകയാണ്. മാധ്യമവേട്ടയ്ക്ക് പിണറായി വിജയനെ ഇട്ടുകൊടുത്തെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
Tags : saji cheriyan cpm pianarayi vijayan ed