എടക്കര: അന്തര്‍ സംസ്ഥാന പാതയായ നാടുകാണിച്ചുരത്തില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കാട്ടാനയുടെ ജഡം കണ്ടെത്തി. ചുരം പാതയിലെ ജാറത്തിന് സമീപം റോഡരികിലെ കലുങ്കില്‍ തങ്ങി നില്‍ക്കുന്ന നിലയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.
പത്ത് വയസ് പ്രായം വരുന്ന പിടിയാനയുടെ ജഡത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായി കരുതുന്നു. ആനയുടെ തുമ്പിക്കൈ ഭാഗികമായി കടുവ ഭക്ഷിച്ച അവസ്ഥയിലായിരുന്നു. തലഭാഗം കലുങ്കിനുള്ളിലേക്ക് കിടക്കുന്ന നിലയിലായിരുന്നു. ജഡം കണ്ടെത്തിയതിന് സമീപത്തായി കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ചെങ്കുത്തായ ചുരത്തില്‍ നിന്ന് കടുവയുടെ ആക്രമണത്തില്‍ കാട്ടാന രക്ഷപ്പെടുന്നതിനിടെ പാതയോരത്തെ കലുങ്കില്‍ തലയടിച്ചതാകാം മരണകാരണം. പാതയോരത്ത് വച്ചാകാം കടുവ, ആനയുടെ ചില ഭാഗങ്ങള്‍ ഭക്ഷിച്ചതെന്നും കരുതുന്നു.
രാവിലെ ഒൻപതോടെ സ്ഥലത്ത് എത്തിയ വനപാലകര്‍ കലുങ്കില്‍ തങ്ങി നിന്ന ആനയുടെ ജഡം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുറത്തെടുക്കുകയും ടിപ്പര്‍ ലോറിയില്‍ കയറ്റി അഞ്ച് കിലോമീറ്റര്‍ അകലെ തകരപ്പാടി ഭാഗത്തെ വനത്തിലേക്ക് മാറ്റുകയും ചെയ്തു. വൈകുന്നേരം അഞ്ചിന് നിലമ്പൂര്‍ വനം വെറ്ററിനറി സര്‍ജന്‍ ഡോ. ശ്യാം, പരിസ്ഥിതി പ്രവര്‍ത്തകനും എന്‍ജിഒയുമായ അനൂപ് ദാസ് എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. തുടര്‍ന്ന് വനത്തില്‍ മറവ് ചെയ്തു.
വഴിക്കടവ് റേഞ്ച് ഓഫീസര്‍ പി. വിമല്‍, എസ്എഫ്ഒമാരായ രാജേഷ്, മുഹമ്മദ് ഷെരീഫ്, ബിഎഫ്ഒമാരായ ആയൂബ്, ടി. ദൃശ്യ, കെ. ജയരാജന്‍, വാച്ചര്‍മാര്‍ എന്നിവര്‍ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.