തിരുവനന്തപുരം: ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് കലാശപ്പോരിൽ സ്കൂൾ വിഭാഗത്തിൽ തിരുവനന്തപുരം മടവൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളും കോളജ് വിഭാഗത്തിൽ കേരള സർവകലാശാല തിരുവനന്തപുരം കാര്യവട്ടം കാന്പസും ജേതാക്കൾ. സ്കൂൾ വിഭാഗത്തിൽ പത്തനംതിട്ട കലഞ്ഞൂർ ജിഎച്ച്എസ്എസ് ആൻഡ് വിഎച്ച്എസ്എസ് രണ്ടാം സ്ഥാനം നേടിയപ്പോൾ കോളജ് വിഭാഗത്തിൽ പാലക്കാട് ചിറ്റൂർ ഗവണ്മെന്റ് കോളജാണ് രണ്ടാമത്തെത്തിയത്.
എൻഎസ്എസ് മടവൂർ സ്കൂളിനെ പ്രതിനിധീകരിച്ച് പി.എസ്.അനന്യ, യു എസ്. നവനീത് കൃഷ്ണ എന്നിവർ പങ്കെടുത്തപ്പോൾ കോളജ് വിഭാഗത്തിലെ ജേതാക്കളായ കാര്യവട്ടം കാന്പസ് ടീമിൽ പി.എ.അശ്വതി, എം.ശ്രീഹരി എന്നിവരായിരുന്നു അംഗങ്ങൾ. സ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ കലഞ്ഞൂർ സ്കൂളിനെ പ്ലസ് വണ് വിദ്യാർഥികളായ വി. നിരജ്ഞൻ, അർജുൻ എസ്. കുമാർ എന്നിവർ പ്രതിനിധീകരിച്ചു. കോളജ് വിഭാഗത്തിലെ രണ്ടാം സ്ഥാനക്കാരായ ഗവ. കോളജ് ചിറ്റൂർ ടീമിലുണ്ടായിരുന്നത് എ.എൻ.അബ്ദുൾ സലാം, എസ്. അശ്വിൻ എന്നിവരാണ്.
വഴുതക്കാട് ഗവ.വിമൻസ് കോളജിൽ നടന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് ഗ്രാന്റ് ഫിനാലെയിൽ കോളജ് വിഭാഗത്തിൽ നിന്ന് 40 ഉം സ്കൂൾ വിഭാഗത്തിൽ 41 ഉം ടീമുകൾ പങ്കെടുത്തു. ജേതാക്കൾക്ക് ക്യഷ് പ്രൈസും മെമെന്റോയും സർട്ടിഫിക്കറ്റും മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു
Tags : Chief Minister's Mega Quiz