തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ ഇഡി റെയ്ഡിനെ തുടർന്നുണ്ടായ സംഘർഷത്തെയും ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തെയും ന്യായീകരിച്ച് സിപിഎം നേതാക്കൾ രംഗത്ത്. തിരുവനന്തപുരത്തുണ്ടായത് ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണെന്നും കോൺഗ്രസ്-ബിജെപി ഗൂഢാലോചനയുടെ ഭാഗമാണ് ഈ റെയ്ഡുകളെന്നും നേതാക്കൾ ആരോപിച്ചു.
"തിരുവനന്തപുരത്ത് സംഭവിച്ചത് ഒരു അക്രമമല്ല, അക്രമം ഇങ്ങനെയൊന്നുമല്ല" എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിന്റെ പ്രതികരണം. ഇത് ജനങ്ങളുടെ സ്വാഭാവികമായ പ്രതിഷേധം മാത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങൾക്ക് പ്രിയപ്പെട്ട നേതാക്കൾക്കെതിരെ തിരിഞ്ഞാൽ ജനം ക്ഷുഭിതരാകുമെന്നാണ് മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജൻ പറഞ്ഞത്. "ക്ഷുഭിതരായ ജനക്കൂട്ടത്തിനിടയിലേക്കാണ് ഉദ്യോഗസ്ഥർ കാറുമായി പോയത്. അങ്ങനെയുള്ള സാഹചര്യത്തിൽ ഏത് ഗാന്ധിയനായാലും പ്രതികരിച്ചുപോകും. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോൾ രാജ്യത്ത് സംഭവിച്ചത് നമ്മൾ കണ്ടതല്ലേ" എന്നും ഇ.പി. ജയരാജൻ ചോദിച്ചു. ഇഡി പരിശോധന കോൺഗ്രസ് - ബിജെപി ഡീലിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരെ തടസപ്പെടുത്താൻ പാർട്ടിക്ക് ഉദ്ദേശമില്ലായിരുന്നുവെന്നും അവിടെയുണ്ടായത് സ്വാഭാവിക പ്രതിഷേധം മാത്രമാണെന്നും മന്ത്രി വി. ശിവൻകുട്ടിയും പ്രതികരിച്ചു. ഇത്രയും വലിയ പ്രതിഷേധം നടക്കുമ്പോൾ അന്തരീക്ഷം ശാന്തമായതിന് ശേഷം മാത്രമേ ഇഡി ഉദ്യോഗസ്ഥർ പുറത്തിറങ്ങേണ്ടിയിരുന്നുള്ളൂ എന്നും ഇതിൽ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : M. Swaraj E.P. Jayarajan Thiruvananthapuram Latest News