കണ്ണൂര്‍: തന്നോടുള്ള വിരോധത്തിന് അങ്കണവാടി വർക്കറായ അമ്മയെ വേട്ടയാടുന്നതായി സിപിഎം വിട്ട് സ്വതന്ത്രനായി മത്സരിച്ച് പയ്യന്നൂർ നഗരസഭാ കൗണ്‍സിലറായ കാരയിലെ സി. വൈശാഖ്.
തന്റെ ഫേസ്ബുക്ക് പേജിലാണ്, കാരയിലെ പാര്ട്ടിക്കാര് എന്ന് സ്വയം അവകാശപ്പെടുന്ന ചിലര്‍ പാര്‍ട്ടി അനുഭാവിയും ഇടത് അനുകൂല യൂണിയന്റെ ഭാഗവുമായ അമ്മയ്ക്കെതിരേ നടത്തുന്ന വേട്ടയാടല്‍ വൈശാഖ് വിവരിച്ചിട്ടുള്ളത്. കാര അങ്കണവാടിയിലെ വർക്കറാണ് വൈശാഖിന്റെ അമ്മ.
അങ്കണവാടിയില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു, ഇഫ്താര്‍ വിരുന്നില്‍ കൗണ്‍സിലറെ പങ്കെടുപ്പിച്ചു, അങ്കണവാടിയുടെ റീല്‍ ചിത്രീകരണം നടത്തി, കാരയിലെ ഒരു ക്ലബ് അങ്കണവാടി കുട്ടികള്‍ക്ക് ഒരു വിശേഷദിവസം ബിരിയാണി നല്കി, അങ്കണവാടിയിലെ വെള്ളം അടുത്തുള്ള പാര്‍ട്ടിയുടെ പേരിലുള്ള സ്ഥലത്തെ ഒരു കുഴിയിലേക്കാണ് ഒഴുക്കിവിടുന്നത് തുടങ്ങിയ പരാതികളാണ് അമ്മയ്ക്കെതിരേ ഉയര്‍ന്നിട്ടുള്ളതെന്നു കുറിപ്പിലുണ്ട്.
അങ്കണവാടിയില്‍ ഉപ്പുമാവിനു പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് ശങ്കു എന്ന കുഞ്ഞ് നിഷ്കളങ്കമായി പറയുന്ന ഒരു വീഡിയോ നമ്മുടെയെല്ലാം മനസില്‍ ഇപ്പോഴുമില്ലേ? ആ സമയത്താണ് ഗ്രാമിക കാരയില്‍ അങ്കണവാടിയില്‍ കുട്ടികള്‍ക്ക് ബിരിയാണി വിതരണം ചെയ്തത്.
നമ്മുടെ ചുറ്റുമുള്ള അങ്കണവാടികളില്‍ സമാനമായ നിലയില്‍ ക്ലബ്ബുകളും സംഘടനകളും ബിരിയാണി വിതരണം ചെയ്തിട്ടുണ്ട്. അവിടെയൊന്നും ഇല്ലാത്ത പ്രശ്നം എന്തേ ഇവിടെ മാത്രം ചിലര്‍ ഉയര്‍ത്തുന്നു എന്ന് കുറിപ്പില്‍ ചോദിക്കുന്നു.
രക്ഷിതാക്കളുടെ നേതൃത്വത്തിലാണ് കാര അങ്കണവാടിയില്‍ ഇഫ്താര്‍ വിരുന്ന് നടത്തിയത്. വാര്‍ഡ് കൗണ്‍സിലര്‍ എന്ന നിലയിലാണ് ഞാന്‍ അവിടെ പങ്കെടുത്തത്. വാര്‍ഡില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനും വാര്‍ഡിലെ ഒരു പരിപാടിയുടെ വീഡിയോ ചിത്രീകരിക്കുന്നതിലും എന്താണ് തടസമെന്ന ചോദ്യവുമുണ്ട്. അങ്കണവാടി സ്ഥാപിക്കപ്പെട്ട കാലം മുതല്‍ സ്ഥലപരിമിതി മൂലം വെള്ളം ഒഴുക്കിവിടുന്നത് തൊട്ടടുത്ത് പറമ്പിലുണ്ടാക്കിയ കുഴിയിലേക്കാണെന്നും എന്തേ ഇപ്പോള്‍ മാത്രം ഇങ്ങനെ ഒരു പരാതിയെന്നും വൈശാഖ് ചോദിക്കുന്നു.
ഈ വിഷയം കൂടുതല്‍ പ്രശ്നമായി മാറരുതെന്നു വിചാരിച്ച് അമ്മ എന്നോട് ഇതുവരെ ഒന്നും പറഞ്ഞില്ലായിരുന്നു. മേലുദ്യോഗസ്ഥര്‍ അങ്കണവാടിയിലെ രക്ഷിതാക്കളുടെ മീറ്റിംഗ് വിളിച്ചുചേര്‍ത്ത് അങ്കണനവാടിയുടെയും ടീച്ചറുടെ പ്രവര്‍ത്തനവും എങ്ങനെയുണ്ടെന്ന് അഭിപ്രായം തേടിയിരുന്നു.
യോഗത്തിനു ശേഷം രക്ഷിതാക്കളില്‍ ചിലര്‍ എന്നെ വിളിച്ച്, ബോധപൂര്‍വം ചിലര്‍ പ്രചരണം നടത്തുന്നതാണെന്നു പറഞ്ഞു.
അമ്മ ഇതിനു മുമ്പ് ജോലി ചെയ്ത അങ്കണവാടികളില്‍ ജോലിയുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഉണ്ടായിട്ടില്ല. അഭിപ്രായം പറയുകയും നിലപാട് എടുക്കുകയും ചെയ്തതിന്റെ പേരില്‍ തനിക്കു നേരേയുള്ള വേട്ടയാടല്‍ തുടരുകയാണെന്നും ഇനി ഒരടി പിന്നോട്ട് പോകില്ലെന്നും കുറിപ്പിലുണ്ട്.
Tags : CPM rebel Payyanur claims