പോലീസ് ജീപ്പിന്റെ ബോണറ്റിന് മുകളിലിരുന്ന് പുകവലിക്കുന്ന യുവാവ്
പുനലൂർ: സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കും വിധം പൊലിസ് ജീപ്പിന്റെ ബോണറ്റിന് മുകളിലിരുന്ന് പുകവലിച്ച യുവാവിനെ പൊലീസ് താഴെയിറക്കി. പുനലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് സമീപം വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പുനലൂർ പൊലിസിന് എപ്പോഴും തലവേദനയാകാറുള്ള പ്രദേശവാസിയായ ഹരിലാൽ എന്ന യുവാവാണ് മദ്യലഹരിയിൽ ഈ സാഹസത്തിന് മുതിർന്നത്.
ദേശീയപാതയ്ക്ക് അരികിൽ പാർക്ക് ചെയ്തിരുന്ന പൊലിസ് ജീപ്പിന് മുകളിലേക്ക് ഇയാൾ കയറിക്കൂടിയത് ആദ്യം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. നാട്ടുകാർ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസുകാർ ഓടിയെത്തി ഇയാളെ താഴെയിറക്കിയത്.
നേരത്തെയും പല വിവാദ സംഭവങ്ങളിലും ഉൾപ്പെട്ട് പൊലിസിന്റെ പിടിയിലായിട്ടുള്ളയാളാണ് ഹരിലാൽ. തൂക്കുപാലത്തിന് സമീപത്തെ ഗാന്ധിപ്രതിമയോട് അനാദരവ് കാട്ടിയ കേസ്, തൂക്കുപാലത്തിലെ കിണറുകളിലിറങ്ങി ആശങ്ക പരത്തിയത്, പിങ്ക് പൊലീസിന്റെ വാഹനത്തിന്റെ ചില്ല് അടിച്ചുതകർത്തത്, നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചുകൊണ്ടിരുന്ന വേദിയിലേക്ക് ഓടിക്കയറിയത് തുടങ്ങി നിരവധി സംഭവങ്ങളിൽ ഇയാൾ മുൻപ് കസ്റ്റഡിയിലായിരുന്നു.
Tags : smokes cinema-style police jeep Punalur