തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് വികസന പദ്ധതികൾ മന്ത്രിമാർ മുൻകൈയെടുത്ത് പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. നിയമസഭാ തെരഞ്ഞെടുപ്പു വിജ്ഞാപനം നേരത്തേ വരാൻ സാധ്യതയുള്ളതിനാൽ രണ്ടു മാസത്തിനകം പദ്ധതികൾ പൂർത്തിയാക്കാൻ മുന്നിട്ടിറങ്ങണമെന്നും മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം നിർദേശിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനം മന്ത്രിസഭായോഗത്തിലുണ്ടായില്ല. അതതു പാർട്ടികൾ വിശദമായി പരിശോധിച്ച ശേഷം ജനുവരി ആദ്യം ചേരുന്ന എൽഡിഎഫ് യോഗത്തിൽ വിശദമായി ചർച്ച ചെയ്യാമെന്നു നിർദേശിച്ചിരുന്നു. ഇതിനാൽ തദ്ദേശ തെരഞ്ഞെടുപ്പു പരാജയം ചർച്ചയായില്ല.
എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടു വികസന പദ്ധതികൾ മന്ത്രിമാർ നേരിട്ടിടപെട്ട് പൂർത്തിയാക്കണം. രണ്ടുമാസമാകും ഇനി സർക്കാരിനു മുന്നിൽ പ്രവർത്തിക്കാനുള്ളത്. തെരഞ്ഞെടുപ്പു വിജ്ഞാപനം വന്നാൽ പെരുമാറ്റച്ചട്ടം വികസന പദ്ധതികൾക്കു വിലങ്ങുതടിയാകും.
തദ്ദേശ തെരഞ്ഞെടുപ്പു വിജ്ഞാപനം വന്നശേഷം ഒരു മാസത്തിലേറെ സമയം പെരുമാറ്റച്ചട്ടത്തിന്റെ കാലമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സമയത്ത് മന്ത്രിസഭായോഗം ഉൾപ്പെടെ ചേർന്നിരുന്നില്ല. അഞ്ച് ആഴ്ചകൾക്കു ശേഷം ചേർന്ന മന്ത്രിസഭയിൽ 30-ലേറെ അജൻഡകളാണ് പരിഗണിച്ചത്.
ഈ സർക്കാരിന്റെ അവസാന ബജറ്റ് അവതരണത്തിനു മുന്നോടിയായുള്ള ബജറ്റ് ചർച്ചകൾ ധനമന്ത്രിയുടെ നേതൃത്വത്തിൽ തുടങ്ങിക്കഴിഞ്ഞു. ജനുവരി രണ്ടാംവാരത്തോടെ നിയമസഭാ സമ്മേളനം ചേരേണ്ടിവരും. ഗവർണർ ആർ.വി. ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങുന്ന സമ്മേളനത്തിൽ തുടർന്നുള്ള ആഴ്ചകളിൽ ബജറ്റ് അവതരണമുണ്ടാകും.
മൂന്നു മാസത്തേക്കുള്ള വോട്ട് ഓണ് അക്കൗണ്ട് പാസാക്കിയാകും പിരിയുക. മേയ് മാസത്തിൽ അധികാരത്തിൽ വരുന്ന പുതിയ സർക്കാരാകും സന്പൂർണ ബജറ്റ് അവതരിപ്പിക്കുക.