കൊച്ചി: ലൈംഗീക പരാതിക്ക് പിന്നാലെ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി.
അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ തൃപ്പൂണിത്തുറയിലെ മജിസ്ട്രേറ്റിന്റെ വസതിയിലാണ് രഞ്ജിത്തിനെ എത്തിച്ചത്. ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ പ്രതികരിച്ചു.
നേരത്തെ, ശാരീരികാസ്വസ്ഥ്യം നേരിട്ട രഞ്ജിത്തിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇവിടെ നിന്നും വനിതാ പോലീസ് സ്റ്റേഷനിൽ എത്തിച്ച രഞ്ജിത്തിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയായിരുന്നു.
ജനുവരി ഒമ്പതിന് ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വച്ച് കാരവാനിനുള്ളിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വച്ച് കാർ തടഞ്ഞാണ് എറണാകുളം സെൻട്രൽ പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. ബിഎൻഎസ് പ്രകാരമുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
Tags : Director Ranjith remanded sexual assault case