മണ്ണാർക്കാട്: കഴിഞ്ഞ 50 വർഷക്കാലമായി ഡൊമിനിക്കൻ സിസ്റ്റേഴ്സ് സമൂഹത്തിനു ചെയ്തിട്ടുള്ള സംഭാവന, യമുനാനദിയുടെ തീരത്തു ഷാജഹാൻ ചക്രവർത്തി പണിത താജ്മഹലിനു സമാനമെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. സർക്കാരിന്റെ സംഭാവനകൾ സ്വീകരിക്കാതെ ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ എന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ണാർക്കാട് സെന്റ് ഡൊമിനിക് സ്കൂളിൽ നടന്ന ഡൊമിനിക്കൻ സിസ്റ്റേഴ്സ് ഓഫ് ദി ഹോളി ട്രിനിറ്റി ജനറലേറ്റ് ഗോൾഡൻ ജൂബിലി ആഘോഷം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു മേജർ ആർച്ച്ബിഷപ്.
പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അധ്യക്ഷതവഹിച്ചു. രാഷ്ട്രീയത്തിന്റെ മറവിൽ കത്തോലിക്കാസഭയുടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ താറുമാറാക്കാനുള്ള നീക്കം അനുവദിച്ചുകൂടെന്ന് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു.
ഇന്നലെ രാവിലെ മേജർ ആർച്ച്ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധകുർബാന അർപ്പിച്ചു. തുടർന്നുനടന്ന പൊതുസമ്മേളത്തിൽ എൻ. ഷംസുദീൻ എംഎൽഎ മുഖ്യാതിഥിയായി. ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത്, നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ, മണ്ണാർക്കാട് ഹോളിസ്പിരിറ്റ് ഫൊറോന പള്ളി വികാരി ഫാ. രാജു പുളിക്കത്താഴെ, ഡൊമിനിക്കൻ ഫ്രയേഴ്സ് ഇൻ ഇന്ത്യ പ്രൊവിൻഷ്യൽ ഫാ. പീറ്റർ മെന്റോൺസ ഒപി, ഡൊമിനിക്കൻ സിസ്റ്റേഴ്സ് സുപ്പീരിയർ ജനറൽ സിസ്റ്റർ ടെസി കാച്ചപ്പിള്ളി ഒപി, മണ്ണാർക്കാട് എസ്ഐ അജിത്ത്, പാലക്കാട് സിആർഐ പ്രസിഡന്റ് ഫാ. ആന്റണി പുത്തനങ്ങാടി സിഎംഐ, കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ബോബി ബാസ്റ്റിൻ, വാർഡ് കൗൺസിലർ മാസിത സത്താർ, ഹോളി സ്പിരിറ്റ് ഫൊറോന പള്ളി കൈക്കാരൻ ബേബി പുന്നക്കുഴി, ഡൊമിനിക്കൻ സിസ്റ്റേഴ്സ് വികാർ ജനറൽ സിസ്റ്റർ ജോസി മുക്കംകുഴിയിൽ ഒപി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Mar Rafael Thattil Dominican Sisters Golden jublilee