റെജി ചെറിയാൻ എംഎൽഎ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ നേതാവിട്ട പോസ്റ്റ്.
ആലപ്പുഴ: റെജി ചെറിയാൻ എംഎൽഎ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന ഫേസ്ബുക്ക് പോസ്റ്റ് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി പിൻവലിച്ചു. തിങ്കളാഴ്ച രാത്രിയാണ് എംഎൽഎയുടെ വാഹനം അപകടത്തിൽപ്പെട്ടത്.
ഇതിനു പിന്നാലെ എംഎൽഎ മദ്യപിച്ച് വാഹനം ഓടിച്ചുവെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ചൊവ്വാഴ്ച രാവിലെയോടെ ജെയിംസ് ഈ പോസ്റ്റ് ഒൺലി മീ എന്ന പ്രൈവസി ഓപ്ഷനിലേക്ക് മാറ്റിയിരുന്നു.
വിവരമറിഞ്ഞ് മാധ്യമപ്രവർത്തകർ എത്തിയതോടെ പോസ്റ്റ് വീണ്ടും പബ്ലിക് ആക്കി. സംഭവം വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഡിവൈഎഫ്ഐ നേതാവ് മലക്കംമറിയുകയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടിന് ചമ്പക്കുളത്ത് വച്ച് എംഎൽഎ സഞ്ചരിച്ച കാറിടിച്ച് നെടുമുടി സ്വദേശിയായ ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു.
അപകട സമയത്ത് എംഎൽഎ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്നും അദ്ദേഹം മദ്യപിച്ചിരുന്നെന്നുമാണ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ആരോപണം. എന്നാൽ ഈ ആരോപണങ്ങൾ പാടെ നിഷേധിച്ചുകൊണ്ട് റെജി ചെറിയാൻ എംഎൽഎ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ പോസ്റ്റ് ഡിവൈഎഫ്ഐ നേതാവ് പിൻവലിക്കുകയായിരുന്നു.
Tags : facebook post remove dyfi district secretar reji cherian mla