തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചതിൽ നിലപാടു മയപ്പെടുത്തി സിപിഎം.
നിയമം അതിന്റെ വഴിക്കു പോകട്ടെയെന്നാണു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതികരിച്ചത്. വീണയോടു വെള്ളിയാഴ്ച ഹാജരാകാനാണ് സമൻസ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
മകൾക്കു സമൻസ് ലഭിച്ചതു സംബന്ധിച്ചു പിണറായി വിജയൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല. വീണയ്ക്ക് ഇഡി സമൻസ് അയച്ചതിൽ വൈകാരികമായി പ്രതികരിക്കേണ്ടെന്ന നിലപാടിലാണു പാർട്ടി.
നേരത്തേ വീണയുടെ വീട്ടിൽ നടത്തിയ റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു.
കേസിലെ പ്രതികൾ ഇപ്പോൾ ജയിലിലാണ്. ഇതു സിപിഎമ്മിനു രാഷ്ട്രീയമായി തിരിച്ചടിയുണ്ടായെന്ന വിലയിരുത്തലിന്റെകൂടി അടിസ്ഥാനത്തിലാണ് എടുത്തുചാടിയുള്ള പ്രതികരണങ്ങൾ നേതാക്കൾ ഒഴിവാക്കി യത്.