കൊച്ചി: ശബരിമല, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില് വിശ്രമമില്ലാതെ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്. തദ്ദേശ തെരഞ്ഞെടുപ്പ് ഒരു ദിവസത്തെ ഇടവേളയില് രണ്ടു ഘട്ടങ്ങളായി നടക്കുന്നതോടെയാണ് പോലീസ് ഉദ്യോഗസ്ഥര് ദുരിതപര്വത്തിലായിരിക്കുന്നത്.
നാലു ദിവസം വിശ്രമമില്ലാതെ ഡ്യൂട്ടി ചെയ്യേണ്ടിവരുന്ന രീതിയിൽ തീയതികൾ ക്രമീകരിച്ച ഇലക്ഷന് കമ്മീഷന്റെ നിലപാടിനോട് പോലീസ് ഉദ്യോഗസ്ഥര്ക്കിടയില് പ്രതിഷേധം ശക്തമായിട്ടുണ്ട്. ശബരിമല സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസിലെ എല്ലാ വിഭാഗങ്ങളില് നിന്നുമായി 5,000 ലധികം ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.
മകരവിളക്ക് ഉള്പ്പെടെയുളള സമയത്ത് ഡ്യൂട്ടിക്കുള്ള പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം കൂടും. കഴിഞ്ഞ ദിവസം മൂന്നാം ടേണിലെ ഉദ്യോഗസ്ഥര് ശബരിമല ഡ്യൂട്ടിയില് പ്രവേശിച്ചു. രണ്ടാം ടേണ് പൂര്ത്തിയാക്കിയവര് തിരിച്ചെത്തി പിറ്റേന്നു തന്നെ തിരുവനന്തപുരം മുതല് എറണാകുളം വരെയുള്ള തദ്ദേശ തെരഞ്ഞെടുപ്പ് ജോലികള്ക്കായി ഇവരെ നിയോഗിക്കുകയായിരുന്നു.
പലര്ക്കും മറ്റ് ജില്ലകളിലായിരുന്നു ഡ്യൂട്ടി. ഭൂരിപക്ഷം പോലീസ് ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പിന്റെ രണ്ടു ഘട്ടങ്ങളിലും ക്രമസമാധാനച്ചുമതലയുടെ ഭാഗമായി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരാണ്. ആദ്യഘട്ട തെരഞ്ഞെടുപ്പില് ഡ്യൂട്ടി ചെയ്ത ഉദ്യോഗസ്ഥര് ചൊവ്വാഴ്ച രാത്രിയോടെ കണ്ണുര്, വയനാട്, മലപ്പുറം ജില്ലകളിലെ ഇലക്ഷന് ഡ്യൂട്ടിക്കായി പുറപ്പെട്ടു.
വെള്ളിയാഴ്ച പുലര്ച്ചയോടെ മാത്രമേ ഇവര്ക്ക് മടങ്ങിയെത്താനാകൂ. ഇട്ട യൂണിഫോമിലാണ് മറ്റു ജില്ലകളിലേക്ക് ഡ്യൂട്ടിക്കായി പോകേണ്ടിവന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര് പറയുന്നു. നാലഞ്ചു ദിവസത്തെ തുടര്ച്ചയായ ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയാല് ദൈനംദിന ഡ്യൂട്ടിയില് പ്രവേശിക്കേണ്ടതുമുണ്ട്. മലബാര് മേഖലയില് നിലവില് ഡ്യൂട്ടിയിലുള്ളത് 22,000 പോലീസ് ഉദ്യോഗസ്ഥരാണ്.
തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം സമാപിച്ച ഡിസംബര് ഏഴു മുതല് പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ആരംഭിച്ചതാണ്. എട്ടിന് വോട്ടെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലും ബൂത്തുകളിലും ജോലി ചെയ്ത് ഒമ്പതിന് വോട്ടെടുപ്പ് കഴിഞ്ഞ് വോട്ടിംഗ് യന്ത്രങ്ങള് തിരിച്ചേല്പ്പിച്ച ശേഷമാണ് കൊച്ചി സിറ്റിയില് ഉള്ള ഉദ്യോഗസ്ഥര് ഉള്പ്പെടെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി മലബാര് മേഖലയിലേക്ക് പുറപ്പെട്ടിരിക്കുന്നത്.
വ്യാഴാഴ്ച വോട്ടെടുപ്പ് കഴിഞ്ഞ് യന്ത്രങ്ങള് തിരിച്ചേല്പ്പിച്ച ശേഷം പുലര്ച്ചെയാകും പലര്ക്കും മറ്റു ജില്ലകളിലേക്ക് മടങ്ങാനാകുക. 13ന് നടക്കുന്ന വോട്ടെണ്ണലിലും സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥര് ഉണ്ടാകും.
Tags : kerala police election duty sabarimala sabarimal duty