കൽപ്പറ്റ: സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുടെ കാലാവധി ജൂലൈ ഒന്ന് മുതൽ ആറു മാസത്തേക്ക് നീട്ടുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവായി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ബാക്കി ജോലികൾ തീർക്കാനും വികസിത് ഭാരത്-ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീണ്‍(വിബി-ജിഎച്ച്ആർഎം ജി)എന്ന പുതിയ പദ്ധതിയിൽ ജോലി ചെയ്യാൻ താത്പര്യമുള്ളതുമായ ജീവനക്കാരിൽനിന്ന് സമ്മതപത്രം വാങ്ങി നിലവിലെ സേവന-വേതന വ്യവസ്ഥകൾക്ക് വിധേയമായി കരാർ കാലാവധി ആറുമാസത്തേക്ക് ദീർഘിപ്പിക്കാനാണ് ഉത്തരവ്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് നിയമവും ചട്ടങ്ങളും മാർഗനിർദേശങ്ങളും ജൂലൈ ഒന്നിന് അസാധുവായിരുന്നു. പുതിയ നിയമം അന്ന് പ്രാബല്യത്തിലാകുകയും ചെയ്തു.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്ത് വിവിധ തലങ്ങളിൽ കരാർ, ദിവസ വേതന അടിസ്ഥാനത്തിൽ നിരവധിയാളുകൾ ജോലി ചെയ്യുന്നുണ്ട്. ഒരു ദിവസത്തെ ഇടവേള നൽകി രണ്ടു വർഷത്തേക്കുള്ള ഇവരുടെ കരാർ നിയമനം 2024 ജൂണ്‍ 29ന് പുതുക്കിയിരുന്നു. 2026 മാർച്ച് രണ്ടിലെ ഉത്തരവ് പ്രകാരം, പഴയ പദ്ധതിയുടെ കാലാവധി അവസാനിക്കുന്നതുവരെ ഇവർക്ക് 10 ശതമാനം വേതന വർധനവും സർക്കാർ അനുവദിച്ചിരുന്നു.
പുതിയ പദ്ധതി പ്രവർത്തനങ്ങൾ "നോർമേറ്റീവ് അലോക്കേഷൻ’ രീതിയിലേക്ക് മാറുന്നതിനാൽ സംസ്ഥാനത്ത് ഭരണപരമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് മിഷൻ ഡയറക്ടർ സർക്കാരിനെ അറിയിച്ചിരുന്നു. നിലവിലെ തസ്തികകൾ പുനഃക്രമീകരിക്കുകയും പുതിയ പദ്ധതിക്ക് യോജ്യമായ സ്റ്റാഫ് പാറ്റേണ്‍ രൂപീകരിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിന് കൂടുതൽ സമയം ആവശ്യമാണ്.
ഇതിനിടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് ഭരണസ്തംഭനത്തിന് ഇടയാക്കും. പഴ പദ്ധതിയിൽ പ്രവൃത്തികളുടെ പൂർത്തിയാക്കൽ, ആസ്തികളുടെ ജിയോ ടാഗിംഗ് തുടങ്ങി നിരവധി ജോലികൾ ബാക്കിയാണ്. ഇത് കൃത്യമായി പൂർത്തിയാക്കാൻ തൊഴിലുറപ്പ് ജീവനക്കാരുടെ സേവനം ആവശ്യമാണ്. ഇക്കാര്യങ്ങളും മിഷൻ ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് ചെയ്തിരുന്നു. കരാർ ജീവനക്കാരുടെ കാലാവധി 2027 മാർച്ച് 31 വരെ നീട്ടണമെന്ന് എംജിഎൻആർഇജിഎസ് സ്റ്റാഫ് യൂണിയൻ സർക്കാരിനോട് അഭ്യർഥിക്കുകയുമുണ്ടായി. ഇതെല്ലാം പരിശോധിച്ചാണ് സർക്കാർ ഉത്തരവ്.
Tags : Employment contract extended Scheme