കൊച്ചി: സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്നും ഡോ. കെ.ജെ.റീനയെ മാറ്റിയ സർക്കാർ നടപടി ഹൈക്കോടതി ശരിവെച്ചു. സ്ഥലംമാറ്റം തടഞ്ഞുകൊണ്ടുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ സ്റ്റേ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
ട്രൈബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി അനുവദിച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർണായക നടപടി. ജസ്റ്റീസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റീസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിച്ചത്.
സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട തർക്കവിഷയം ട്രൈബ്യൂണൽ തന്നെ വിശദമായി പരിഗണിച്ച് തീർപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നൽകിയ ഡോ.വി.മീനാക്ഷി 13ന് തന്നെ ചുമതലയേറ്റിരുന്നു.
പുതിയ ആൾ ചുമതലയേറ്റ സാഹചര്യം കൂടി പരിഗണിച്ചാണ് ട്രൈബ്യൂണലിന്റെ സ്റ്റേ ഉത്തരവ് റദ്ദാക്കാൻ കോടതി തീരുമാനിച്ചത്. റീനയ്ക്ക് പകരം നിയമിക്കപ്പെട്ടയാൾ കഴിഞ്ഞ 13ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ അധികച്ചുമതല ഏറ്റെടുത്തതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നു കോടതി പറഞ്ഞു.
ഈ സാഹചര്യത്തിൽ 18ന് ട്രൈബ്യൂണൽ ഇടക്കാല സ്റ്റേ അനുവദിച്ചത് ഗുരുതരമായ പിഴവാണെന്നും ഹൈക്കോടതി പറഞ്ഞു.
Tags : dr k.j.reena transfer high court cancel