ഭുവനേശ്വർ: ഒഡീഷയിലെ പ്രശസ്ത നഗരമായ കട്ടക്കിന്റെ ഇംഗ്ലീഷ് പേര് ഇനി മുതൽ 'കടക' എന്നായിരിക്കും. കൊളോണിയൽ കാലഘട്ടത്തിൽ മാറ്റം വരുത്തിയ ഇംഗ്ലീഷ് അക്ഷരവിന്യാസങ്ങൾ തിരുത്തി, ഒഡിയ ഭാഷയിലെ യഥാർത്ഥ ഉച്ചാരണത്തിന് അനുയോജ്യമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 64 സ്ഥലങ്ങളുടെ പേരുകളിലാണ് ഒഡീഷ സർക്കാർ മാറ്റം വരുത്തിയത്. റവന്യൂ-ദുരന്ത നിവാരണ വകുപ്പ് ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു.
ഒഡീഷയുടെ സാംസ്കാരികവും ഭാഷാപരവുമായ ഐഡന്റിറ്റി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. സ്ഥലങ്ങളുടെ യഥാർത്ഥ പേരിൽ മാറ്റമില്ലെന്നും ഇംഗ്ലീഷ് അക്ഷരവിന്യാസത്തിൽ മാത്രമാണ് ഈ മാറ്റമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കട്ടക്കിന് പുറമേ മറ്റ് പ്രധാന നഗരങ്ങളായ ബാലസോർ ഇനി മുതൽ 'ബാലേശ്വർ' എന്നും, റൂർക്കേല 'റൗർക്കേല' എന്നും അറിയപ്പെടും.
ജ്ഞാനപീഠ പുരസ്കാര ജേതാവ് ഡോ. പ്രതിഭ റായുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി സമർപ്പിച്ച ശിപാർശകളുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഈ തീരുമാനമെടുത്തത്. ഇതനുസരിച്ച് 12 ജില്ലകൾ ഉൾപ്പെടെ 64 അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റുകളുടെ പേരുകൾ മാറും. സർക്കാർ രേഖകൾ, മാപ്പുകൾ, സൈൻബോർഡുകൾ എന്നിവയിലെല്ലാം ഇനി മുതൽ പുതിയ അക്ഷരവിന്യാസമായിരിക്കും ഉപയോഗിക്കുക.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം, റെയിൽവേ, പോസ്റ്റൽ വകുപ്പ് എന്നിവയോടും ഔദ്യോഗിക രേഖകളിൽ ഈ മാറ്റങ്ങൾ വരുത്താൻ ഒഡീഷ സർക്കാർ ആവശ്യപ്പെടും. അതേസമയം, നിലവിലുള്ള സർട്ടിഫിക്കറ്റുകളെയോ ആധാരങ്ങളെയോ ഈ തീരുമാനം ബാധിക്കില്ല.
Tags : Odisha Kataka Odia Latest News