പയ്യന്നൂര്‍: ഇന്ന് മാര്‍ച്ച് 19. ഇന്ത്യന്‍ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി സ്ഥാപകനും കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയുമായ ഇഎംഎസിന്റെ ഓര്‍മദിനം. ഈ ഓർമകള്‍ക്ക് പകിട്ടേകിയതായിരുന്നു ഇഎംഎസിനൊപ്പം പിന്നിട്ട കാലങ്ങളിലെ ഇതിഹാസതാരങ്ങളായിരുന്ന എസ്.പി. ബാലസുബ്രഹ്മണ്യവും സി. കണ്ണനും യുവശില്പി ഉണ്ണി കാനായിയുടെ വീട്ടുമുറ്റത്ത് നില്ക്കുന്ന ദൃശ്യം.
സിപിഎം മലപ്പുറം ജില്ലാകമ്മിറ്റി ഓഫീസിനായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്ഥാപിക്കാനായിരുന്നു ഉണ്ണി കാനായി ഇഎംഎസിന്റെ പതിനൊന്നരയടി ഉയരമുള്ള ശില്പം കാനായിയിലുള്ള തന്റെ പണിപ്പുരയില്‍ നിര്‍മിച്ചത്.
ചിരിച്ചുകൊണ്ട് കൈയില്‍ വാച്ചും കീശയില്‍ പേനയുമായി മുണ്ടും ഷര്‍ട്ടും ധരിച്ച് മുന്നോട്ടു നടക്കുന്ന രീതിയിലുള്ള ശില്പമാണ് ഉണ്ണികാനായി രൂപകല്പന ചെയ്തത്. ആറുമാസംകൊണ്ട് ഗ്ലാസ് മെറ്റലിലുണ്ടാക്കിയെടുത്ത ഈ ശില്പം കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ഇഎംഎസ് ദിനമായ ഇന്ന് അനാഛാദനം ചെയ്യും. ഇതിനായി ഇഎംഎസിന്റെ ശില്പം ഇന്നലെ കാനായിയില്നിന്നു മലപ്പുറത്തേക്കു യാത്രയായി.
ഇഎംഎസ് ശില്പത്തിനൊപ്പംതന്നെ രൂപപ്പെടുത്തിയെടുത്തതാണ് തൊഴിലാളി സംഘടനാ പ്രവര്‍ത്തകനായി രാഷ്ട്രീയത്തിലിറങ്ങി ബ്രിട്ടീഷ് ഭരണകാലത്ത് ജയില്‍വാസവും പീഡനങ്ങളുമനുഭവിക്കേണ്ടിവന്ന സി. കണ്ണന്റെ ശില്പം. വി.എസ്. അച്യുതാനന്ദന്, ഇഎംഎസ്, എ.വി. കുഞ്ഞമ്പു, സി.എച്ച്. കണാരന്, കെ.പി.ആര്. ഗോപാലന്, കെ.ആര്. ഗൗരിയമ്മ എന്നിവരുടെ സന്തത സഹചാരിയായി പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹത്തിന്റെ പത്തടി ഉയരത്തിലുള്ള ഗ്ലാസ് മെറ്റല്‍ ശില്പമാണ് ഉണ്ണി കാനായി നിര്‍മിച്ചത്. കേരള നിയമസഭയില്‍ ഇഎംഎസിനൊപ്പം നിയമസാമാജികനായിരുന്ന സി. കണ്ണന്റെ ഈ ശില്പം 22ന് വൈകുന്നേരം കണ്ണൂര്‍ പഴയ ബസ്സ്റ്റാൻഡിനു സമീപം മുഖ്യമന്ത്രി അനാഛാദനം ചെയ്യും.
മറ്റൊരു ഇതിഹാസതാരമായിരുന്ന പദ്മശ്രീ എസ്.പി. ബാലസുബ്രഹ്മണ്യന്റെ സദസിനെ നോക്കി കൈകൂപ്പിനില്ക്കുന്ന ശില്പവും യാത്രയാകാന്‍ ഒരുങ്ങിനില്‍ക്കുകയാണ്. സമം എന്ന കേരളത്തിലെ പിന്നണി ഗായകസംഘടനയ്ക്ക് വേണ്ടി നിര്‍മിച്ചതാണു10 അടി ഉയരമുള്ള എസ്പിബിയുടെ ഗ്ലാസ് മെറ്റല്‍ ശില്പം. പതിനാറു ഭാഷകളിലായി 50, 000 ത്തിലേറെ ഗാനങ്ങള്‍ പാടിയാണ് ഇദ്ദേഹം ലോകത്തിനുതന്നെ ആരാധനാപാത്രമായത്.
പാലക്കാട് വി.ടി. ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയത്തിന് മുന്നില്‍ 31ന് പ്രശസ്ത സംഗീതജ്ഞന് കീരവാണി എസ്പിബി ശില്പം അനാഛാദനം ചെയ്യും. സുരേഷ് അമ്മാനപ്പറ, വിനേഷ് കൊയക്കില്, ബാലന് പാച്ചേനി, ടി.കെ. അഭിജിത്ത്, ഷൈജു കൃഷ്ണ, അര്ജുന് കാനായി എന്നിവരാണ് ഈ ഇതിഹാസതാരങ്ങളുടെ സൃഷ്ടിയില്‍ സഹായികളായത്.
Tags : EMS Payyanur Kanai SPB C. Kannan