കൊച്ചി: എറണാകുളം ജില്ലയില്‍ 14 മണ്ഡലങ്ങളിലും വിജയം കൊയ്ത് യുഡിഎഫ്. ഇതാദ്യമായാണ് എറണാകുളത്ത് മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുന്നത്. എറണാകുളം ജില്ലയില്‍ കംപ്ലീറ്റ് സ്വീപ് ആകുമെന്ന് വി.ഡി. സതീശന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. വലിയ ഭൂരിപക്ഷത്തോടെയാണ് ജില്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെല്ലാം വിജയിച്ചത്.
പറവൂരില്‍ 20545 വോട്ടിനാണ് വി.ഡി. സതീശന്‍ വിജയിച്ചത്. യുഡിഎഫ് അധികാരത്തില്‍ എത്തുമ്പോള്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള നേതാവാണ് വി.ഡി. സതീശന്‍. 2021ലെ തെരഞ്ഞെടുപ്പില്‍ 22000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു വി.ഡി. സതീശന്‍ ജയിച്ചത്.
വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ എല്‍ഡിഎഫിന്‍റെ ടൈസണ്‍ മാസ്റ്റര്‍ ലീഡ് ഉയര്‍ത്തിയെങ്കിലും വി.ഡി. സതീശന്‍ ലീഡ് തിരിച്ചു പിടിക്കുകയായിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥി വത്സല പ്രസന്നകുമാര്‍ ആണ് മൂന്നാം സ്ഥാനത്ത്.
മൂവാറ്റുപുഴയില്‍ 42829 വോട്ടുകള്‍ക്കാണ് മാത്യു കുഴല്‍നാടന്‍ വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍. അരുണ്‍ രണ്ടാം സ്ഥാനത്തും എന്‍ഡിഎയുടെ സണ്ണി കടുത്താഴെ മൂന്നാം സ്ഥാനത്തേക്കുമെത്തി.
വൈപ്പിന്‍ മണ്ഡലത്തില്‍ 15648 വോട്ടിന് ടോണി ചമ്മിണി വിജയിച്ചു. അഡ്വ. എം.ബി. ഷൈനി ആദ്യം മുതല്‍ ലീഡ് ഉയര്‍ത്തി മുന്നില്‍ എത്തിയിരുന്നെങ്കിലും പിന്നീട് പിന്നോട്ടു പോവുകയായിരുന്നു. ട്വന്റി 20യുടെ അനിത തോമസ് ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി.
കളമശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി.ഇ. അബ്ദുൾ ഗഫൂര്‍ വിജയിച്ചു. സിറ്റിംഗ് മന്ത്രിയായിരുന്ന പി. രാജീവ് ആദ്യം ലീഡ് ഉയര്‍ത്തിയെങ്കിലും പിന്നീട് ലീഡ് നില കുറയുകയായിരുന്നു. 16312 വോട്ടുകള്‍ക്കാണ് അബ്ദുല്‍ ഗഫൂര്‍ രാജീവിനെ മലര്‍ത്തിയടിച്ചത്. എം.പി. ബിനു ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി.
പെരുമ്പാവൂരില്‍ മനോജ് മൂത്തേടന്‍ 28432 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എല്‍ദോസ് കുന്നപ്പിള്ളിയുടെ പരിഭവം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായില്ല എന്ന് വ്യക്തമാക്കിയാണ് മനോജിന്റെ ഉജ്ജ്വല വിജയം. ബേസില്‍ പോള്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ജിബി പാത്തിക്കല്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
അങ്കമാലിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി റോജി എം ജോണ്‍ 35347 വോട്ടുകള്‍ക്ക് വിജയിച്ചു. എല്‍ഡിഎഫിന്റെ സാജു പോളിനെയും എന്‍ഡിയുടെ പ്രോമി കുര്യാക്കോസിനെയും പിന്നിലാക്കിയാണ് റോജി എം ജോണിന്‍റെ മികച്ച വിജയം.
കൊച്ചിയില്‍ മുഹമ്മദ് ഷിയാസ് 8188 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സിറ്റിംഗ് എംഎല്‍എയായിരുന്ന കെ.ജെ. മാക്‌സി പിന്നിലാക്കിയാണ് ഷിയാസിന്‍റെ വിജയം. സേവ്യര്‍ ജൂലപ്പന്‍ ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിഷയങ്ങളോ ദീപ്തി മേരി വര്‍ഗീസിന്‍റെ അതൃപ്തിയോ തെരഞ്ഞെടുപ്പില്‍ വിലപ്പോയില്ല എന്നാണ് ഷിയാസിന്‍റെ വിജയത്തിന് ആധാരം.
കുന്നത്തുനാട്ടില്‍ വി.പി. സജീന്ദ്രന്‍ 21233 വോട്ടിനാണ് വിജയിച്ചത്. സിറ്റിംഗ് എംഎല്‍എയായ എല്‍ഡിഎഫിന്റെ പി.വി. സജീന്ദ്രനെയും കോണ്‍ഗ്രസ് വിട്ടെത്തിയ എന്‍ഡിഎ സ്ഥാനാര്‍ഥി ബാബു ദിവാകരനെയും പിന്നിലാക്കിയാണ് സജീന്ദ്രന്‍റെ വലിയ വിജയം. ട്വന്‍റി 20യുടെ ചെയര്‍മാന്‍ സാബു എം ജേക്കബ് വി.പി. സജീന്ദ്രനെതിരെ ഉയര്‍ത്തിയ ഡീല്‍ ആരോപണം തെരഞ്ഞൈടുപ്പില്‍ തിരിച്ചടിയായില്ല.
കോതമംഗലത്ത് ഷിബു തെക്കുംപുറം 16859 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഷിബുവിന്റെ അതേ പേരില്‍ രണ്ടു വിതമ സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നെങ്കിലും ഷിബു തെക്കുംപുറം ലീഡ് ഉയര്‍ത്തുകയായിരുന്നു. ആന്‍റണി ജോണ്‍ ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. അജി നാരായണ്‍ ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി.
ആലുവയില്‍ എ.എം. ആരിഫിനെ കടത്തി വെട്ടി അന്‍വര്‍ സാദത്ത്24193 വോട്ടുകള്‍ക്ക് വിജയിച്ചു. 2011 മുതല്‍ അന്‍വര്‍ സാദത്ത് വിജയിക്കുന്ന മണ്ഡലമാണ് ആലുവ. ആലുവ തിരിച്ചു പിടിക്കാനായാണ് എല്‍ഡിഎഫ് അരൂരില്‍ നിന്നും ആരിഫിനെ ആലുവയില്‍ എത്തിച്ചത്. എന്നാല്‍ ആരിഫിനെ അന്‍വര്‍ സാദത്ത് മലര്‍ത്തിയടിക്കുകയായിരുന്നു. എം. ബ്രഹ്മരാജ് ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി.
തൃപ്പൂണിത്തുറയില്‍ ദീപക് ജോയ് 18456 വോട്ടുകള്‍ക്ക് വിജയിച്ചു. എല്‍ഡിഎഫിന്റെ കെ.എന്‍. ഉണ്ണികൃഷ്ണനെ കടത്തിവെട്ടിയാണ് ദീപക് ജോയ് മുന്നില്‍ എത്തിയിരിക്കുന്നത്. 2021ലെ തെരഞ്ഞെടുപ്പില്‍ വൈപ്പിനില്‍ ആയിരുന്നു ദീപക് ജോയിയും ഉണ്ണികൃഷ്ണനും മത്സരിച്ചത്. അന്ന് ഉണ്ണികൃഷ്ണന് ആയിരുന്നു വിജയം. എന്നാല്‍ ഇത്തവണ ദീപക് ജോയ് ഗംഭീര വിജയം നേടുകയായിരുന്നു. ട്വന്റി 20യുടെ അഞ്ജലി നായര്‍ ആയിരുന്നു തൃപ്പൂണിത്തുറയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി.
തൃക്കാക്കരയില്‍ 50211 വോട്ടുകള്‍ക്ക് ഉമ തോമസ് വിജയിച്ചു. എല്‍ഡിഎഫിന്‍റെ അഡ്വ. പുഷ്പ ദാസിനെ മലര്‍ത്തിടിച്ചാണ് വന്‍ ഭൂരിപക്ഷത്തില്‍ ഉമയുടെ വിജയം. ട്വന്‍റി 20യുടെ അഖില്‍ മാരാര്‍ ആയിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥി.
പിറവത്ത് അനൂപ് ജേക്കബ് വിജയിച്ചു. 44681 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അനൂപ് ജേക്കബ് ണ്ഡലം നിലനിര്‍ത്തിയത്. കേരള കോണ്‍ഗ്രസ് എം നേതാവ് സാബു കെ. ജേക്കബ് ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ജിബി എബ്രഹാം ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി.
എറണാകുളത്ത് ടി.ജെ. വിനോദ് 36163 വോട്ടുകള്‍ക്കാണ് വിജയിച്ചത്. 2021ലെ വിജയം ആവര്‍ത്തിച്ചിരിക്കുകയാണ് ടി.ജെ. വിനോദ്. 10970 ആയിരുന്നു അന്നത്തെ ഭൂരിപക്ഷം. സാബു ജോര്‍ജ് ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പി.ആര്‍. ശിവശങ്കര്‍ ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി.
Tags : Ernakulam v.d satheeshan jackfruit