x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എല്ലാവരും മടിച്ചുനിന്നു; പക്ഷേ, മൃതദേഹം കരയ്ക്കെടുക്കാൻ പ്രീതിഷ് ഇറങ്ങി

കോട്ടയം ബ്യൂറോ
Published: May 30, 2026 10:02 AM IST | Updated: May 30, 2026 10:15 AM IST

കോട്ടയം: വാകത്താനത്തു കഴിഞ്ഞ ദിവസം കാണാതായ യുവാവിനായി തെരച്ചിൽ തുടരുന്നതിനിടയിലാണ് ആ വാർത്തയെത്തിയത്. വാകത്താനം പാലത്തിനടിയിൽ ഒരു മൃതദേഹം. വാർത്ത കേട്ട് എല്ലാവരും ഒാടിയെത്തി. കാണാതായ യുവാവിന്‍റെ മൃതദേഹം തന്നെയാണ് ഇതെന്നു തിരിച്ചറിഞ്ഞു.

കോട്ടയം വാകത്താനം മണികണ്ഠപുരം ചക്കിട്ടാം പറമ്പിൽ വർഗീസിന്‍റെയും സുമയുടെയും മകൻ അമൽ വർഗീസിന്‍റെ മൃതദേഹമാണ് പാലത്തിനടയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് തോട്ടിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. എന്നാൽ, തോടിന് ആഴമുണ്ടെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞതോടെ ഫയർഫോഴ്സ് സംഘം സ്കൂബ ടീമിനെ വിളിക്കാമെന്ന നിർദേശം വച്ചു.

ഇതോടെ മൂന്നു ദിവസത്തിലേറെ പഴക്കമുള്ള മൃതദേഹം ഇനിയും ഏറെ സമയം വെള്ളത്തിൽ കിടക്കേണ്ടിവരുമെന്ന ആശങ്ക ഉയർന്നു. വെള്ളത്തിൽ ഇറങ്ങാൻ എല്ലാവരും മടിച്ചുനിന്നപ്പോഴാണ് വാകത്താനം പോലീസ് സ്റ്റേഷനിലെ പ്രീതീഷ് പ്രസാദ് മുന്നോട്ടുവന്നത്.
താൻ ഇറങ്ങി മൃതദേഹം കരയ്ക്ക് അടുപ്പിക്കാമെന്ന് പ്രീതീഷ് പറഞ്ഞു. പിന്നെ യൂണിഫോം മാറ്റി ഒരു കയറുമായി നേരെ വെള്ളത്തിലേക്ക്. മൃതദേഹത്തിനരികിലേക്ക് എത്തിയ പ്രീതീഷ് മിനിറ്റുകൾക്കുള്ളിൽ മൃതദേഹം കരയ്ക്ക് എത്തിച്ചു.

എല്ലാവരും മടിച്ചുനിന്നപ്പോൾ വെള്ളത്തിലേക്ക് സാഹസികമായി ഇറങ്ങാൻ മനസ് കാണിച്ച പ്രീതീഷിനെ കണ്ടുനിന്നവർ അഭിനന്ദിച്ചു. ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ജർമൻ പരിശീലനത്തിനു ശേഷം വിദേശത്തേക്കു പോകാൻ തയാറെടുത്തിരിക്കുകയായിരുന്നു അമൽ. പാലത്തിൽ ഇരുന്നപ്പോൾ അബദ്ധത്തിൽ പിറകിലേക്കു മറിഞ്ഞു തോട്ടിൽ വീണതാകാമെന്നാണ് കരുതുന്നത്.

Tags : police death kottayam

Recent News

Corehub Up